നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നാളെ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിപ്പിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു. ആവശ്യമെങ്കില്‍ പോലീസ് സംഘം ജോര്‍ജിയിലേക്ക് പോകുമെന്നും ഇതിനായി ഇന്ത്യന്‍ എംബസിയുമായി അന്വേഷണസംഘം ബന്ധപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ദുബായില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിജയ് ബാബു ജോര്‍ജിയിലേക്ക് കടന്നതായാണ് വിവരം. കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യം ആയതിനാലാണ് ജോര്‍ജിയ തിരഞ്ഞെടുത്തത് എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷയില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജയ് ബാബുവിനെ പാസ്‌പോര്‍ട്ട് അസാധുവാക്കിയിരുന്നു.

അതേസമയം നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.