ഇടുക്കി പള്ളിവാസലില്‍ പ്ലസ്ടു വിദ്യാര്‍ഥിനി രേഷ്മ കുത്തേറ്റ് മരിച്ച കേസില്‍ ബന്ധുവായ നീണ്ടപ്പാറ സ്വദേശി അനുവിന് വേണ്ടി പൊലീസ് അന്വേഷണം. ഇന്നലെ വൈകിട്ട് നാലേമുക്കാലോടെ രേഷ്മ അനുവിന് ഒപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അനുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയം.

ബൈസണ്‍വാലി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുവയസുകാരിയെ ഇന്നലെ രാത്രിയാണ് പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് നെഞ്ചില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും വിദ്യാര്‍ഥിനി വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കുത്തേറ്റ് മരിച്ചതായി കണ്ടെത്തിയത്.