കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗായിക റിമി ടോമി. 2010-ലും 2017-ലും അമേരിക്കയില്‍ നടന്ന പരിപാടിയെക്കുറിച്ചുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചതെന്ന് റിമി ടോമി പറഞ്ഞു.

ഷോയുടെ കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. നടി ആക്രമിക്കപ്പെട്ടതിന് പിറ്റേദിവസം കാവ്യമാധവനുമായി സംസാരിച്ചിരുന്നു. അത് സുഹൃത്തുക്കള്‍ സംസാരിക്കുന്നപോലെയാണ് സംസാരിച്ചത്. യാതൊരു തരത്തിലുള്ള സാമ്പത്തിക ഇടപാടുകളും ദിലീപുമായും കാവ്യമാധവനുമായും തനിക്കില്ലെന്നും റിമിടോമി പറഞ്ഞു.

നികുതി അടക്കുന്നതില്‍ വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. അതിനുശേഷം നികുതി അടക്കേണ്ടി വന്നു. അതേയുണ്ടായിട്ടുള്ളൂ. അല്ലാതെ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വരികയോ മറ്റോ ഉണ്ടായിട്ടില്ലെന്നും റിമി കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട വിവരം ചാനല്‍ വാര്‍ത്തയിലൂടെയാണ് അറിയുന്നത്. അറിഞ്ഞയുടനെ കാവ്യയെ വിളിച്ചിരുന്നു. ഇരയായ പെണ്‍കുട്ടിക്കും മെസേജ് ചെയ്തിരുന്നു. പിന്നീട് രമ്യയുമായും സംസാരിച്ചിരുന്നുവെന്നും റിമി പറഞ്ഞു.