പട്‌ന: എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ പോവുന്ന ജെഡിയു നേതാവ് നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. ജനവിധി നിതീഷ് കുമാറിന് എതിരാണെന്നും ഇനി നിതീഷ് മുഖ്യമന്ത്രിയായാല്‍ പോലും അത് എത്രകാലത്തേക്കാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നുമായിരുന്നു ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞത്.

‘പൊതുജനമാണ് യജമാനന്‍മാര്‍, പക്ഷേ അവര്‍ നിങ്ങളെ കൊണ്ടെത്തിച്ച അവസ്ഥ കാണുക. 40 സീറ്റുകള്‍ മാത്രം ലഭിച്ചുകൊണ്ട് മുഖ്യമന്ത്രിയാകാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് എതിരാണ്. നിങ്ങള്‍ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണെങ്കില്‍, അത് എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമറിയാം’ഈ മിഥ്യാധാരണ എത്രത്തോളം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ.’-മനോജ് ഝാ പറഞ്ഞു.

ബിഹാറില്‍ ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് കുമാറിനെ യഥാര്‍ത്ഥത്തില്‍ എല്‍ജെപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ചതിക്കുകയായിരുന്നു. ബിഹാറില്‍ ജെഡിയുവിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ ആസൂത്രിതമായാണ് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ ബിജെപി കേന്ദ്ര നേതൃത്വം ചാവേറായി ഇറക്കിയത്. ജെഡിയുവിന് കനത്ത ആഘാതമാണ് എല്‍ജെപി ഉണ്ടാക്കിയത്. മുന്നണിക്കുള്ളില്‍ ബിജെപി കളിച്ച സമാന്തര രാഷ്ട്രീയ്ത്തിന്റെ ഫലമായാണ് ജെഡിയു 40 സീറ്റുകളിലേക്ക് ഒതുങ്ങിയത്.