സെല്‍റ്റ വിഗോയെ അവരുടെ ഗ്രൗണ്ടില്‍ ഒന്നിനെതിരെ നാലു ഗോളിന് വീഴ്ത്തി റയല്‍ മാഡ്രിഡ് സ്പാനിഷ് ലീഗ് കിരീടത്തിന് തൊട്ടടുത്തെത്തി. 37 മത്സരങ്ങളില്‍ നിന്ന് 90 പോയിന്റോടെ ബാര്‍സലോണയില്‍ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച റയലിന് അവസാന മത്സരത്തില്‍ മാലഗയോട് തോല്‍ക്കാതിരുന്നാല്‍ സ്‌പെയിനിലെ ചാമ്പ്യന്മാരാവാം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് എവേ ഗ്രൗണ്ടില്‍ റയലിന് കരുത്തായത്. 10-ാം മിനുട്ടില്‍ ഇസ്‌കോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്ന് തൊടുത്ത ഷോട്ട് ക്രിസ്റ്റിയാനോ വലയിലാക്കിയപ്പോള്‍ 48-ാം മിനുട്ടില്‍ ഇസ്‌കോയുടെ തന്നെ പാസില്‍ നിന്ന് ലീഡുയര്‍ത്തി. 69-ാം മിനുട്ടില്‍ ജോണ്‍ ഗിഡറ്റി സെല്‍റ്റയുടെ ഒരു ഗോള്‍ മടക്കിയെങ്കിലും കരീം ബെന്‍സേമ (70) ടോണി ക്രൂസ് (88) എന്നിവരിലൂടെ റയല്‍ ജയവും മൂന്നു പോയിന്റും ഉറപ്പാക്കി.

ഞായറാഴ്ചയാണ് ലീഗിലെ അവസാന മത്സരങ്ങള്‍. റയല്‍ എവേ ഗ്രൗണ്ടില്‍ മാലഗയെയും ബാര്‍സ നൗകാംപില്‍ എയ്ബറിനെയും നേരിടും. ഈ സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ മികച്ച റെക്കോര്‍ഡുള്ള മാലഗ റയലിനെക്കൂടി തോല്‍പ്പിച്ചാല്‍ മാത്രമാണ് ബാര്‍സക്ക് കിരീട സാധ്യതയുള്ളത്.