തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിലാണ് പരിശോധന നടത്തിയത്. ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം. പത്ത് മണിക്കൂറിലധികം നീണ്ട പരിശോധന തുടരുകയാണ്. തന്ത്രിയുടെ വസതിയൊഴികെ എല്ലാ പ്രതികളുടെ വീടുകളിലും റെയ്ഡ് തുടരുന്നു.
അതേസമയം, കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന സൂചനയും പുറത്തുവരുന്നു. ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
2025-ൽ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും മാറ്റി സ്ഥാപിച്ച സമയത്ത് പി.എസ്. പ്രശാന്ത് ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. പ്രശാന്തിനെ നേരത്തെ ഒരിക്കൽ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.
കൊടിമര നിർമാണം, വാജിവാഹനം തന്ത്രിക്ക് കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ അജയ് തറയിൽ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയിലെ പഴയ വാതിലുകളിലും പ്രഭാമണ്ഡലത്തിലുമുള്ള സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തുന്നത്.
ഇതിനിടെ, അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.
സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.