സരവാക്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവും ഒന്നാം സീഡുമായ സൈന നെഹ്‌വാള്‍ മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ഗ്രാന്‍ഡ്പ്രീയുടെ ഫൈനലില്‍ കടന്നു. 32 മിനിറ്റ് മാത്രം നീണ്ടു നിന്ന സെമിയില്‍ ഹോങ്കോങ്ങിന്റെ യിപ് പുയി യിന്നിനെ സൈന അനായാസം കീഴടക്കി.

ആദ്യ ഗെയിമില്‍ 21-13നും രണ്ടാം ഗെയിമില്‍ 21-10നും അഞ്ചാം സീഡായ യിപ് പരാജയപ്പെട്ടു. തുടക്കത്തില്‍ എതിരാളിയെ ബ്ലോക്ക് ചെയ്യുന്നതില്‍ വളരെ പിന്നിലായ സൈന ആദ്യ സെറ്റില്‍ 7-5ന് പിന്നിലായ ശേഷമാണ് തിരിച്ചു വന്നത്. പിന്നീട് 11-5 എന്ന നിലയില്‍ മുന്നേറിയ തായ് താരത്തെ ശക്തമായ സര്‍വുകളിലുടേയും റിട്ടേണ്‍ വോളികളിലൂടെയും സൈന പിന്നിലാക്കുകയായിരുന്നു.

യിപ് രണ്ട് പോയിന്റ് പിന്നീട് നേടുമ്പോഴേക്കും സൈന സെറ്റ് പിടിയിലാക്കിയിരുന്നു. രണ്ടാം സെറ്റില്‍ ആദ്യ ഗെയിമില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ തുടക്കം. പാളിച്ചകളില്ലാതെ ആദ്യ ആറു പോയിന്റുകള്‍ സ്വന്തമാക്കിയ സൈന ഒന്നാം സെറ്റില്‍ എതിരാളി മുന്നേറിയ പോലെ 11-5 എന്ന നിലയില്‍ ബഹുദൂരം മുന്നിലെത്തി. ഗെയിം 21-10 എന്ന നിലയില്‍ സ്വന്തമാക്കുകയും ചെയ്തു. ഫൈനലില്‍ തായ്‌ലന്റിന്റെ കൗമാര താരം പോണ്‍പാവി ചോച്ചുവോങ്ങാണ് സൈനയുടെ എതിരാളി. സീഡില്ലാത്ത താരമായ ചോച്ചുവോങ്ങ് സെമിയില്‍ രണ്ടാം സീഡ് ഹോങ്കോങ്ങിന്റെ ച്യുങ് നാനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്.