തിരുവനന്തപുരം: ആഗോളമാധ്യമസമൂഹത്തിന് തന്നെ അപമാനകരമായ നിലപാടാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കേരളത്തിലെ മുഖ്യധാര പത്രങ്ങള്‍ സ്വീകരിച്ചതെന്ന് പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ. പച്ചക്കള്ളം മൊത്തത്തില്‍ വിഴുങ്ങി മാധ്യമങ്ങള്‍ വായനക്കാരെ വിഡ്ഢികളാക്കുകയായിരുന്നു എന്നും അദ്ദേഹം ‘ചന്ദ്രിക’യോട് പറഞ്ഞു.

രാഷ്ട്രീയക്കാര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കരുതായിരുന്നു. അസംഘടിതരായ വ്യക്തികള്‍ക്ക് എതിരെ എക്കാലവും മാധ്യമങ്ങള്‍ സ്വീകരിക്കുന്നത് ഇത്തരം നിലപാടുകളാണ്. ഇന്ത്യന്‍ മാധ്യമ ചരിത്രത്തിലെ ദുഷിച്ച ദിനങ്ങളായിരുന്നു അത്. സ്ത്രീകളാണെന്ന പരിഗണനപോലും മാലി സ്വദേശികളായ മറിയം റഷീദക്കും ഫൗസിയ ഹസനും നല്‍കിയില്ല. സ്ത്രീകളായതിനാല്‍ ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകുമെന്ന മുന്‍വിധിയായിരുന്നു റിപ്പോര്‍ട്ടുകളില്‍ പ്രകടമായത്. കെട്ടിച്ചമച്ചകഥ വര്‍ഷങ്ങള്‍ക്ക് ശേഷം സത്യമല്ലെന്ന് തെളിഞ്ഞതിലും കുറ്റാരോപിതനായ നമ്പി നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നീതി ലഭിച്ചതിലും സന്തോഷമുണ്ടെന്നും സക്കറിയ പറഞ്ഞു.

ഇതിനെല്ലാം ഉപരിയായി വിവാദം ഇന്ത്യയുടെ അഭിമാനമായ ബഹിരാകാശ ഏജന്‍സി ഐ.എസ്.ആര്‍.ഒയെ പിന്നോട്ടടിച്ചു. ഐ.എസ്.ആര്‍.ഒയുടെ ക്രയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തേയും ബാധിച്ചു. ഇപ്പോഴും നമുക്ക് അതില്‍ പൂര്‍ണപ്രാപ്തി കൈവരിക്കാനായില്ല. ഇന്ത്യയുടെ ബഹിരാകാശപദ്ധതി തകര്‍ക്കാന്‍ പദ്ധതി നടപ്പാക്കിയവരുടെ ഏജന്റായി മലയാള മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.