ദുബായ്: ക്യാച്ചെടുത്ത ശേഷം ഗ്രൗണ്ടില്‍ തലയടിച്ചു വീണ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ചും സമാശ്വസിപ്പിച്ചും ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ക്യാച്ചിനു ശേഷം തലയടിച്ചു വീണ സഞ്ജുവിന്റെ വേദന തനിക്കു മനസ്സിലാകുമെന്നും 1992ലെ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ താനും അങ്ങനെ വീണിട്ടുണ്ടെന്നും സച്ചിന്‍ കുറിച്ചു.

ബുധനാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം പാറ്റ് കമ്മിന്‍സിനെ പുറത്താക്കാനെടുത്ത തകര്‍പ്പന്‍ ക്യാച്ചിലാണ് സഞ്ജു തലയടിച്ച് വീണത്.

കൊല്‍ക്കത്ത ഇന്നിങ്‌സിലെ 18-ാം ഓവറിലായിരുന്നു സഞ്ജുവിന്റെ തകര്‍പ്പന്‍ ക്യാച്ച്. ടോം കറന്‍ എറിഞ്ഞ അവസാന പന്തില്‍ കമ്മിന്‍സിന്റെ പാളിയ പുള്‍ ഷോട്ട് കയ്യിലൊതുക്കാന്‍ ഡീപ് ബാക്ക്‌വാഡ് സ്‌ക്വയറിലേക്ക് ഓടിയെത്തിയ സഞ്ജുവിന്റെ കണക്കുകൂട്ടല്‍ ചെറുതായൊന്നു പിഴച്ചു. പന്തിന്റെ വഴിയില്‍നിന്ന് അല്‍പം മുന്നിലായിരുന്ന സഞ്ജു അവസാന നിമിഷം അല്‍പം പിന്നിലേക്ക് ഉയര്‍ന്നുചാടിയാണ് പന്ത് കയ്യിലൊതുക്കിയത്. ഇതോടെ നിലതെറ്റി നിലംപതിക്കുകയായിരുന്നു. ബാലന്‍സ് പോയതോടെ തലയിടിച്ചായിരുന്നു സഞ്ജുവിന്റെ വീഴ്ച.

ഫീല്‍ഡില്‍ മികച്ചു നിന്നെങ്കിലും ബാറ്റിങില്‍ മലയാളി താരത്തിന് തിളങ്ങാനായില്ല. രണ്ട് ഇന്നിങ്‌സുകളില്‍ തകര്‍പ്പന്‍ പുറത്തെടുത്ത താരം ഒന്‍പതു പന്തില്‍ നിന്ന് എട്ടു റണ്‍സ് മാത്രമാണ് എടുത്തത്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോല്‍ക്കുകയും ചെയ്തു.