അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : 41 മത് ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി സഊദി വിദേശകാര്യമന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഫോണ്‍ സംഭാഷണം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കാനും ഊട്ടിയുറപ്പിക്കാനുമുള്ള കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയിലെ രാഷ്ട്രീയ സാമ്പത്തിക സുരക്ഷാ വിഷയങ്ങളും ഇരുവരും ചര്‍ച്ച ചെയ്തതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു . ഉപരോധം പിന്‍വലിച്ച് ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ പശ്ചിമേഷ്യയില്‍ സ്ഥിരതയും സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ക്ക് ലോകരാഷ്ട്രങ്ങളുടെ പിന്തുണ തേടുന്നതിന്റെ ഭാഗമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള ഫോണ്‍ സംഭാഷണം എന്നാണ് കരുതുന്നത്.