ദുബൈ/റിയാദ്: ഒന്നര മാസത്തിനിടെ സഊദി അറേബ്യയില്‍ നിന്ന് 55,000 വിദേശികളെ സുരക്ഷാ വകുപ്പു നാടുകടത്തിയതായി അധികൃതര്‍ അറിയിച്ചു. ഒക്‌ടോബര്‍ 2 മുതല്‍ നവംബര്‍ 15 വരെയാണ് ഇഖാമ, തൊഴില്‍ നിയമ ലംഘകരെ സുരക്ഷാ വകുപ്പു നടത്തിയ റെയ്ഡുകളില്‍ പിടികൂടി സ്വദേശങ്ങളിലേക്ക് തിരിച്ചയച്ചത്. ദിവസവും ശരാശരി 1,222 നിയമ ലംഘകരെ നാടുകടത്തുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഏറ്റവുംകൂടുതല്‍ നിയമ ലംഘകരെ പിടികൂടി സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നത് മക്ക ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നാണ്. നാടുകടത്തപ്പെടുന്നവരില്‍ 25 ശതമാനത്തെയും തിരിച്ചയക്കുന്നതും ഇവിടെ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യ വഴി 18 ശതമാനം നിയമ ലംഘകരെ നാടുകടത്തി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷൗം നാടുകടത്തിയ നിയമ ലംഘകരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അഭയ കേന്ദ്രങ്ങളില്‍ 17,058 നിയമ ലംഘകര്‍ കഴിയുന്നുണ്ട്. പാസ്‌പോര്‍ട്ടും ടിക്കറ്റും ലഭ്യമാവുകയും മറ്റ് നടപടികള്‍ പൂര്‍ത്തിയാവുകയും ചെയ്യുന്നതിനനുസരിച്ച് മ ഇവരെ സ്വദേശങ്ങളിലേക്ക് തിരിച്ചയക്കും.

തൊഴിലുടമകളുടെ അടുത്ത് നിന്ന് ഒളിച്ചോടിയവര്‍ അടക്കമുള്ള ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്ക് ജോലിയും യാത്രാ സൗകര്യവും ഇതര സഹായങ്ങളും നല്‍കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇവര്‍ക്ക് ആറ് മാസം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. നിയമ ലംഘകരുടെ എണ്ണത്തിനനുസരിച്ച് അവര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇരട്ടി തുക പിഴ ചുമത്തും. നിയമ ലംഘകരെ സഹായിക്കുന്ന വിദേശികളെ സഊദിയില്‍ നിന്ന് നാടുകടത്തും.

 
നിയമ ലംഘകര്‍ക്ക് ജോലി നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും. സ്ഥാപനങ്ങള്‍ക്ക് അഞ്ച് കൊല്ലത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും ഏര്‍പ്പെടുത്തും.
നിയമ ലംഘകരെ ജോലിക്ക് വെക്കുന്ന സ്ഥാപനത്തിലെ മാനേജര്‍ക്ക് ആറ് മാസം തടവ് ശിക്ഷ ലഭിക്കും. വിദേശികളായ മാനേജര്‍മാരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.
സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ അടക്കമുള്ള നിയമ ലംഘകരെ കുറിച്ച് വിവരം നല്‍കണമെന്ന് സ്വദേശികളോടും വിദേശികളോടും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു.