റിയാദ്: മഴക്കെടുതിയില്‍ മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് പളളിത്തൊടിക എന്ന എഴുത്തച്ചന്‍കണ്ടി ശിഹാബുദ്ദീന്‍ (30) ആണ് മരിച്ചത്. ദിബാജ് ട്രേഡിങ് കമ്പനിയിലെ ടെക്‌സ്റ്റയില്‍സ് ഡിവിഷനില്‍ വാന്‍ സെയില്‍സ്മാനാണ്. റിയാദില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെ മറാത്തില്‍ ശിഹാബുദ്ദീന്റെ വാന്‍ മഴ വെളളം നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമായി.

shihabudheen-van

വിജനമായ റോഡില്‍ രാത്രി മുഴുവന്‍ വാഹനത്തില്‍ കുടുങ്ങിയ ശിഹാബുദ്ദീന്‍ അതിശൈത്യവും ഐസ് മഴയും സഹിക്കാന്‍ കഴിയാതെ മരിച്ചു എന്നാണ് വിവരം. മയ്യിത്ത് മറാത്ത് ജനറല്‍ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ സലീന. ഫഹ്മ (4) ഫൈഹ (1) മക്കളാണ്. പിതാവ് അലി. മാതാവ് സൈനബ. ഫിറോസ്, മുജീബ് സഹോദരങ്ങളാണ്. അവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് റിയാദില്‍ മടങ്ങിയെത്തിയത്.

അപകട വിവരം അറിഞ്ഞ് റിയാദ് കരുവാരക്കുണ്ട് പ്രവാസി കൂട്ടായ്മ പ്രസിഡന്റ് മുഹമ്മദ് എന്ന കുഞ്ഞാപ്പ, ശുഐല്‍ മാട്ടുമ്മല്‍, നൗഷാദ് പടിപ്പുര, ഫസല്‍ റയാന്‍ എന്നിവര്‍ മറാത്ത് ജനറല്‍ ആസ്പത്രിയിലെത്തി.