കോഴിക്കോട്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യില്‍ സ്വപ്‌നനേട്ടം കൈവരിച്ച മുഹമ്മദ് അസ്ഹറുദ്ദീന് 1.37ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. മുംബൈ ഉയര്‍ത്തിയ വന്‍ടോട്ടല്‍ അസ്ഹറിന്റെ സെഞ്ച്വറി മികവിലാണ് കേരളം മറികടന്നത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കാസര്‍കോട്ടുകാരന്‍ 37 പന്തില്‍ നിന്നാണ് സെഞ്ച്വറി നേട്ടത്തിലെത്തിയത്. 197റണ്‍സ് എന്ന വിജയറണ്‍ നേടുമ്പോള്‍ 137റണ്‍സുമായി അസ്ഹറുദ്ദീന്‍ ക്രീസിലുണ്ടായിരുന്നു. ഓപ്പണര്‍ റോളില്‍ അസ്ഹറിനൊപ്പമിറങ്ങിയ റോബിന്‍ ഉത്തപ്പ 33 റണ്‍സും ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 22 റണ്‍സുമെടുത്തു മികച്ച പിന്തുണ നല്‍കി.

മുംബൈയ്‌ക്കെതിരെ വാംഗഡെയില്‍ ഉജ്ജ്വല പ്രകടനം നടത്തിയ 26കാരനെ അഭിനന്ദിച്ച് പ്രമുഖതാരങ്ങള്‍ രംഗത്തെത്തിയിരുന്നു.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന അസാധാരണ കളിക്കാരനെ ഞാന്‍ കണ്ടിരുന്നു. ഇപ്പോള്‍ അതേ പേരില്‍ മറ്റൊരാളെ കാണുന്നു. അവന് മികച്ച ഷോട്ടുകള്‍ ഇനിയും കളിക്കാനാകും’- മത്സര ശേഷം പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലെയുടെ വിശേഷണം ഇതായിരുന്നു.