ഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് ഇളവുമായി പൊതുമേഖല ബാങ്കായ എസ്ബിഐ. യോനോ ആപ്പ് വഴി കാര്‍, സ്വര്‍ണം, മറ്റ് വ്യക്തിഗത വായ്പകള്‍ എന്നിവയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പൂര്‍ണമായി പ്രോസസിംഗ് ഫീ ഒഴിവാക്കിയതാണ് ഇതില്‍ പ്രധാനം. കാര്‍ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്ക് മുതലുളള സ്ലാബുകള്‍ തെരഞ്ഞെടുക്കാനുളള അവസരമുണ്ട്. 7.5 ശതമാനമാണ് ഏറ്റവും കുറഞ്ഞ പലിശനിരക്ക്. തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് 100 ശതമാനം വായ്പയും അനുവദിച്ചിട്ടുണ്ട്.

അംഗീകൃത പദ്ധതികള്‍ അനുസരിച്ച് ഭവനവായ്പയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് പൂര്‍ണമായി പ്രോസസിംഗ് ഫീ ഒഴിവാക്കിയിട്ടുണ്ട്. വായ്പയുടെ തുകയും ക്രെഡിറ്റ് സ്‌കോറും കണക്കിലെടുത്ത് പലിശനിരക്കില്‍ 10 ബേസിക് പോയന്റിന്റെ കുറവും വരുത്തിയിട്ടുണ്ട്. യോനോ ആപ്പ് വഴിയാണ് അപേക്ഷിക്കുന്നതെങ്കില്‍ അഞ്ച് ബേസിക് പോയന്റ് അധികം ഇളവ് ലഭിക്കുമെന്നും എസ്ബിഐ അറിയിച്ചു.

സ്വര്‍ണവായ്പ എടുക്കുന്നവര്‍ക്ക് തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. 36 മാസം വരെ സമയമാണ് അനുവദിച്ചിരിക്കുന്നത്. 7.5 ശതമാനമാണ് പലിശനിരക്ക്. ഇത് ഏറ്റവും കുറവാണെന്നും എസ്ബിഐ അവകാശപ്പെടുന്നു.