ന്യൂഡല്‍ഹി: ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളെ സ്വാധീനിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്നാരോപിച്ച് സുപ്രീം കോടതിയെ സമീപിച്ച ബി.ജെ.പി ബംഗാള്‍ ഘടകത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇടപെടാനാവില്ലെന്നും പരാതികളുണ്ടെങ്കില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും ജസ്റ്റിസുമാരായ ആര്‍.കെ അഗര്‍വാള്‍, എ.എം സാപ്രെ എന്നിവരങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.

തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് തടയുന്നു എന്നാരോപിച്ചാണ് ബി.ജെ.പി പരമോന്നത കോടതിയെ സമീപിച്ചത്. സംസ്ഥാന ഭരണത്തിന്റെ സ്വാധീനത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ അക്രമങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിച്ച ബി.ജെ.പി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം നീട്ടാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ പറഞ്ഞു.

എന്നാല്‍, ഒരു മണിക്കൂര്‍ നീണ്ട വാദംകേള്‍ക്കലിനൊടുവില്‍ ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന് ആയിരിക്കെ, ബി.ജെ.പിക്ക് തിരിച്ചടിയാണിത്.