തിരുവനന്തപുരം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ ചലച്ചിത്ര അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കും. തനിക്കുണ്ടായ മോശം അനുഭവം ചലച്ചിത്ര അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവര്‍ത്തക മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് നോട്ടീസ് നല്‍കുന്നത്. സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടും അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യവും കണക്കിലെടുത്താണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നല്‍കുന്നത്. ജൂറിയുടെ വിശദാംശങ്ങള്‍, ഹോട്ടല്‍ ബുക്കിങ് വിവരങ്ങള്‍ എന്നിവയും അക്കാദമി ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്നലെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-2ലാണ് മൊഴി രേഖപ്പെടുത്തിയത്. ബുധനാഴ്ച തിരുവനന്തപുരം സെഷന്‍സ് കോടതി പി.ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. പി.ടി.കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സംവിധായികയുടെ പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന തരത്തിലാണ് അന്വേഷണ റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം ആറിന് ഹോട്ടലില്‍ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നല്‍കിയത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് യുവതിയും കുഞ്ഞുമുഹമ്മദും ഹോട്ടലില്‍ ഉണ്ടായിരുന്നതായി തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. അതേസമയം സംവിധായികയുടെ രഹസ്യമൊഴി തിങ്കളാഴ്ച ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി രേഖപ്പെടുത്തി. കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് സംവിധായിക കോടതിയിലും ആവര്‍ത്തിച്ചത്. പി.ടി. കുഞ്ഞുമുഹമ്മദ് സെഷന്‍സ് കോടതിയില്‍ നല്‍കിയിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായതിനു ശേഷമാകും പൊലീസ് ചോദ്യം ചെയ്യുക.
സ്ത്രീകള്‍ക്കെതിരായ ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്. നവംബര്‍ 27ന് സംവിധായിക മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ഡിസംബര്‍ എട്ടിനാണ് കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.