കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ഒപ്പമിരുത്തി 9 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. സ്വപ്ന, ശിവശങ്കറുമായി നടത്തിയ വാട്‌സാപ്, ടെലഗ്രാം ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. മുഖ്യപ്രതികള്‍ രണ്ടു പേരുടെയും ഫോണിലും ലാപ്‌ടോപിലുമുള്ള വിവരങ്ങള്‍ തിരിച്ചെടുത്തപ്പോള്‍ ലഭിച്ച തെളിവുകള്‍ നിരത്തിയായിരുന്നു എന്‍ഐഎ ശിവശങ്കറിനോട് ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ശിവശങ്കറിന് എന്‍ഐഎ ഇപ്പോഴും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. നേരത്തെ കോടതിയില്‍ അറിയിച്ചതു പ്രകാരമാണെങ്കില്‍ കേസിലെ ഒന്നാം പ്രതി സന്ദീപ് നായര്‍ക്കൊപ്പവും ശിവശങ്കറിനെ എന്‍ഐഎയ്ക്ക് ചോദ്യം ചെയ്യേണ്ടതുണ്ട്. വരും ദിവസങ്ങളിലും ഇതു സംബന്ധിച്ച നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. നിലവില്‍ വിട്ടയച്ചത് താല്‍ക്കാലിക ആശ്വാസമാണെങ്കിലും ശിവശങ്കര്‍ ഇപ്പോഴും സംശയത്തിന്റെ നിഴലില്‍ തന്നെയാണെന്ന് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എന്‍ഐഎ അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ച് രാവിലെ 11 മണിക്കാണ് ശിവശങ്കര്‍ കടവന്ത്ര ഗിരിനഗറിലുള്ള ഓഫിസിലെത്തിയത്. തൊട്ടുപിന്നാലെ സ്വപ്ന സുരേഷിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി ഓഫിസിലെത്തിക്കുകയായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായിരുന്നു എന്‍ഐഎയുടെ നടപടികള്‍.

ഇതുവരെ ശിവശങ്കറിനെ എന്‍ഐഎ മൂന്നു പ്രാവശ്യമായി 34.5 മണിക്കൂര്‍ ചോദ്യം ചെയ്തു. നേരത്തെ ജൂലൈ 23ന് തിരുവനന്തപുരത്തു വച്ച് എന്‍ഐഎ അന്വേഷണ സംഘം അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് 7നും 28നും തുടര്‍ച്ചയായ രണ്ടു ദിവസങ്ങള്‍ ചോദ്യം ചെയ്ത ശേഷം വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു.