കണ്ണൂര്‍: കൊല്ലപ്പെട്ട കോണ്‍ഗ്രസ് നേതാവ് ശുഹൈബിന് ജയിലിലില്‍ വധഭീഷണിയുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. സഹതടവുകാരന്‍ ഫര്‍സീനാണ് ജയിലില്‍ സി.പി.എമ്മിന്റെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് പുറത്തുപറഞ്ഞത്.

കാണിച്ചുതരാമെന്ന് സിപി.എമ്മുകാര്‍ പറഞ്ഞിരുന്നുവെന്ന് ഫര്‍സീന്‍ പറഞ്ഞു. അതേസമയം, ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളേയോ പ്രതികള്‍ സഞ്ചരിച്ച വാഹനമോ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

ഇതിനിടെ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ എ.വി ജോണിന്റെ നേതൃത്വത്തിന്‍ 12 പേരെ ഉള്‍പ്പെടുത്തിയാണ് സ്‌ക്വാഡ് രൂപീകരിച്ചത്. മട്ടന്നൂര്‍ പൊലീസ് സ്‌റ്റേഷനിലെ നാല് പൊലീസുകാരും, എസ്.പി, ഡിവൈ.എസ്.പി സ്‌ക്വാഡിലെ അംഗങ്ങളും അന്വേഷണ സംഘത്തിലുണ്ട്. വാഗണര്‍ കാറിലെത്തിയ നാലംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഒരു സി.ഐ.ടി.യു പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.