X
    Categories: indiaNews

രാഹുല്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ല; മറുപടിയുമായി കപില്‍ സിബലും ആസാദും

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി ക്ഷുപിതനായെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസ്. നേതാക്കള്‍ക്ക് ബിജെപിയുമായി സഖ്യമുണ്ടാവാമെന്ന് രാഹുല്‍ പറഞ്ഞുവെന്ന വാര്‍ത്ത മോദി മീഡിയകളുടെ സൃഷ്ടിയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചു. വ്യാജ വാര്‍ത്തയെ തള്ളി കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാലയും രംഗത്തെത്തി. നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടാവാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായുള്ള വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് രണ്‍ദീപ് സിങ് സുര്‍ജേവാല വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്ന് പ്രവര്‍ത്തക സമിതി യോഗത്തില്‍ നിന്നും അത്തരത്തിലൊരു വാക്ക് പോലും ഉപയോഗിക്കുകയോ അങ്ങനെയൊരു കാര്യം സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല. തെറ്റായ മാധ്യമ വാര്‍ത്തകളില്‍ നേതാക്കളും പ്രവര്‍ത്തരും തെറ്റിദ്ധരിപ്പിക്കപ്പെടരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ മാധ്യമവാര്‍ത്തയില്‍ തെറ്റിധരിച്ചതായും വിഷയത്തിലെ തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്നും വ്യക്തമാക്കി. ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ നേരില്‍ വിളിച്ചു വിശദീകരിച്ചതായും. അതിനാല്‍, തന്റെ ട്വീറ്റ് പിന്‍വലിക്കുകയാണെന്നും കപില്‍ സിബല്‍ തുടര്‍ന്ന് ട്വീറ്റ് ചെയ്തു.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദും രംഗത്തെത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഞങ്ങള്‍ എഴുതിയ കത്ത് വിഷയത്തില്‍ ബിജെപിയുമായി യോജിക്കുന്നുവെന്ന് തെളിയിക്കാന്‍ ഞാന്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞു ഒരു വിഭാഗം മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുന്നതായി ആസാദ് പ്രതികരിച്ചു. ബിജെപിയുടെ നിര്‍ദേശപ്രകാരം ഈ കത്ത് എഴുതിയതെന്ന പരാമര്‍ശം പോലും രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍ കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചുവെന്നായിരുന്നു വിവാദ വാര്‍ത്തകള്‍. ഇതിനുപിന്നാലെയാണ് പരസ്യവിമര്‍ശനം ഉയര്‍ത്ത് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നത്. ട്വിറ്ററിലൂടെയായിരുന്നു കപില്‍ സിബലിന്റെ വിമര്‍ശനം.

കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിച്ച് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ വിജയിച്ചു … മണിപ്പൂരില്‍ പാര്‍ട്ടിയെ പ്രതിരോധിച്ചു … എന്നിട്ടും ഞങ്ങള്‍ ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടുകയാണ്, അല്ലേ എന്നായിരുന്നു ട്വിറ്ററിലൂടെയുള്ള കപില്‍ സിബലിന്റെ പ്രതികരണം. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഒരു വിഷയത്തിലും ബി.ജെ.പിയെ അനുകൂലിച്ച് ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, രാഹുലിനുള്ള പിന്തുണ പ്രകടമായ വര്‍ക്കിംഗ് കമ്മിറ്റി യോഗമാണ് കഴിഞ്ഞു പോയത്. സോണിയാ ഗാന്ധിയെ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സാധിക്കില്ല. അതുകൊണ്ട് സോണിയ രാഹുലിനെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. എന്നിട്ട് അദ്ദേഹത്തെ അധ്യക്ഷ പദവിയിലേക്ക് മടക്കി കൊണ്ടുവരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.  അതേസമയം, മണിക്കൂറുകള്‍ നീണ്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തന്നെ തുടരാന്‍ തിരുമാനമായി. സോണിയ തുടരണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രമേയം പാസാക്കി. ആറ് മാസത്തിനുള്ളില്‍ പുതിയ അധ്യക്ഷനെ കണ്ടെത്താനാണ് ധാരണയായിരിക്കുന്നത്. ഇതിനായി എഐസിസി സമ്മേളനം വിളിച്ച് ചേര്‍ക്കും.

chandrika: