സിറിയ വീണ്ടും പുകയുന്നു

ദമസ്‌കസ്: സിറിയയില്‍ വീണ്ടും സംഘര്‍ഷം പുകയുന്നു. തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്ന യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിടുമെന്ന് സിറിയന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. സിറിയ-തുര്‍ക്കി അതിര്‍ത്തിയിലെ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂണിറ്റ് (വൈ.പി.ജി) എന്ന കുര്‍ദ് സേനയ്‌ക്കെതിരേ സൈനിക നീക്കത്തിന് തുര്‍ക്കി തയ്യാറെടുക്കുന്നതിനിടയിലാണ് സിറിയയുടെ മുന്നറിയിപ്പ്. തുര്‍ക്കിയിലെ കുര്‍ദ് വിഘടനവാദികളായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ)യുമായി ബന്ധമുണ്ടെന്നതിനാല്‍ വൈ.പി.ജിയെ ഭീകരസേനയായാണ് തുര്‍ക്കി പരിഗണിക്കുന്നത്.
വടക്കന്‍ സിറിയയിലെ അഫ്രിന്‍ പ്രദേശം കേന്ദ്രമായി അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കുര്‍ദ് സേനയ്‌ക്കെതിരേ അതിര്‍ത്തികടന്നുള്ള ആക്രമണമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. എന്നാല്‍ ഇത് അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് തുര്‍ക്കി. സിറിയന്‍ ഭരണകൂടത്തിനും സൈന്യത്തിനുമെതിരേ പോരാടുന്ന അമേരിക്കന്‍ സൈനിക സഖ്യമായ സിറിയന്‍ ഡിഫന്‍സ് ഫോഴ്‌സിലെ (എസ്.ഡി.എഫ്) അംഗമാണ് വൈ.പി.ജി. കുര്‍ദ് പോരാളികള്‍ക്ക് പരിശീലനം നല്‍കി സിറിയയില്‍ പുതിയ അതിര്‍ത്തി സേനയ്ക്ക് രൂപം നല്‍കാനാണ് അമേരിക്കയുടെ ശ്രമം. ഈ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് സിറിയയുടെ ഈ നിലപാടെന്നതും ശ്രദ്ധേയമാണ്. വടക്കന്‍ സിറിയയിലെ കുര്‍ദുകളെ ഉള്‍പ്പെടുത്തി 30,000 വരുന്ന സേനയെ വാര്‍ത്തെടുക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. എന്നാല്‍, കുര്‍ദുകള്‍ക്കെതിരായ ശക്തമായ സൈനിക നീക്കത്തിനുള്ള തയ്യാറെടുപ്പിലാണ് തുര്‍ക്കി സേന. അതിര്‍ത്തിലംഘിച്ചെത്തുന്ന തുര്‍ക്കി സൈനികവിമാനങ്ങളെയും ബോംബര്‍ ജെറ്റുകളെയും വെടിവച്ചിടുമെന്നാണ് സിറിയന്‍ വിദേശകാര്യ ഉപമന്ത്രി ഫൈസല്‍ മിഖ്ദാദ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. ഏത് ശ്രമവും സിറിയയുടെ പരമാധികാരത്തിനെതിരായ കടന്നുകയറ്റമായി പരിഗണിച്ച് അതിനെ സൈനികമായി നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.