ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോ യോഗത്തിനായി എത്തുന്ന വേളയിലാണ് മാധ്യമങ്ങള്‍ ജലീല്‍ വിഷയത്തില്‍ യെച്ചൂരിയുടെ പ്രതികരണം ആരാഞ്ഞത്.

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമാണ് പോളിറ്റ് ബ്യൂറോ ചര്‍ച്ച ചെയ്യുന്നത് എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് യെച്ചൂരി പറഞ്ഞു. അടുത്തു വന്ന മാധ്യമങ്ങളോട് തിരക്കുണ്ടാക്കരുത് എന്ന് യെച്ചൂരി പറഞ്ഞു.

ജലീല്‍ വിഷയം പിബിയില്‍ ഉയര്‍ന്നു വരുമോ എന്ന ചോദ്യത്തിന് ദയവായി പുറത്തു പോകൂ എന്നാണ് യെച്ചൂരി ആവശ്യപ്പെട്ടത്. കേരളത്തിലെ പാര്‍ട്ടിയും സര്‍ക്കാറും പ്രതിരോധത്തില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ പിബി അനൗദ്യോഗികമായി വിഷയം ചര്‍ച്ച ചെയ്‌തേക്കും.