ആലപ്പുഴ: ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നയം പ്രഖ്യാപിച്ചു. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളോട് സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എസ്.എന്‍.ഡി.പിയോട് കൂറ് പുലര്‍ത്തുന്ന മുന്നണികള്‍ക്ക് വോട്ട് ചെയ്യുന്ന കാര്യം അതാത് യൂണിയനുകള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത് മനഃസാക്ഷി വോട്ടോ സമദൂരമോ അല്ല. സമദൂരത്തില്‍ ഒരു ദൂരമുണ്ട്. തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചാലും അതിന്റെ പേരില്‍ എസ്.എന്‍.ഡി.പി അവകാശവാദം ഉന്നയിക്കില്ല. ചെങ്ങന്നൂരില്‍ നടക്കുന്നത് ത്രികോണ മത്സരമാണ്. ഇപ്പോള്‍ ഇടത് സ്ഥാനാര്‍ഥി സജി ചെറിയാനാണ് പ്രചാരണത്തില്‍ മുന്നിലുള്ളത്. എസ്.എന്‍.ഡി.പിയെ സഹായിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ യൂണിയനുകള്‍ക്ക് അനുവാദമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.