പുതുവര്‍ഷത്തിന്റെ ആദ്യ ദിനമായ ഇന്ന് ന്യൂയോര്‍ക്കിന്റെ പ്രായം കുറഞ്ഞ മേയറായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങി സൊഹ്‌റാന്‍ മംദാനി. ഖുര്‍ആന്‍ കയ്യിലേന്തിയാകും സത്യപ്രതിജ്ഞ. സിറ്റി ഹാള്‍ സബ്‌വേ സ്റ്റേഷനിലാണ് സത്യപ്രതിജ്ഞ. 1945ല്‍ ഉപേക്ഷിക്കപ്പെട്ട ഈ വേദി നഗരത്തിന്റെ പഴയ പ്രതാപകാലത്തേയും അധ്വാനവര്‍ഗ പോരാട്ടത്തേയും കുറിക്കുന്നതാണെ് മംദാനി പറഞ്ഞു.
ഇന്ത്യന്‍ സമയം രാവിലെ 10.30നാണ് ന്യൂയോര്‍ക്കില്‍ പുതുവര്‍ഷം പിറക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ ഖുര്‍ആന്റെ മൂന്ന് വ്യത്യസ്ത പതിപ്പുകളെങ്കിലും ഉപയോഗിക്കുമെന്ന് മുതിര്‍ന്ന ഉപദേഷ്ടാവായ സാറ റഹിം പറഞ്ഞു. ന്യൂയോര്‍ക് അറ്റോണി ജനറലായിരിക്കും മംദാനിക്ക് സത്യപ്രതിജഞ ചൊല്ലിക്കൊടുക്കുക.
ന്യൂയോര്‍ക്ക് മേയര്‍മാര്‍ പതിവായി ചെയ്യുന്നതുപോലെ മംദാനിയും രണ്ടു സത്യപ്രതിജ്ഞകള്‍ നടത്തും. പുതുവത്സരത്തില്‍ പഴയ സബ്വേ സ്റ്റേഷനിലാകും ആദ്യ സത്യപ്രതിജ്ഞ. കുടുംബാംഗങ്ങളും ഉറ്റവരും മാത്രം പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മുനിസിപ്പാലിറ്റി ആസ്ഥാനമന്ദിരത്തിനു പുറത്ത് പൊതുജനങ്ങളെ സാക്ഷിയാക്കിയാകും രണ്ടാമത്തെ സത്യപ്രതിജ്ഞ. ന്യൂയോര്‍ക്കിലെ ആദ്യ മുസ്ലിം മേയറും ഏഷ്യന്‍വംശജനായ ആദ്യ മേയറുമാണ് മംദാനി.