X
    Categories: indiaNews

സോണിയ ഗാന്ധിയും രാഹുലും തിരിച്ചെത്തി; പാര്‍ലമെന്റിലെത്താന്‍ സാധ്യത

ന്യൂഡല്‍ഹി: വൈദ്യപരിശോധനയ്ക്കായി വിദേശത്തായിരുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മകന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യയിലേക്ക് മടങ്ങി. പതിവ് മെഡിക്കല്‍ പരിശോധനയ്ക്കായി സെപ്റ്റംബര്‍ 12 ന് യുഎസിലെത്തിയ സോണിയ ഗാന്ധി ചൊവ്വാഴ്ചയാണ് ഇന്ത്യയിലേക്ക് തിരിച്ചത്. സോണിയ ഗാന്ധിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് മടക്കമെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതേസമയം, വിവാദമായ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന്‍ അവസാനിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷയുടേയും മുന്‍ അധ്യക്ഷന്റെയും മടക്കം. മോദി സര്‍ക്കാറിനെതിരെ സഭക്ക് പുറത്തും അകത്തും പ്രതിഷേധം ശക്തമാവുന്നതിടെ രാഹുല്‍ ഗാന്ധിയുടെ മടക്കം പ്രതിപക്ഷത്തിന് ശക്തി പകരും. കോവിഡുമായി ബന്ധപ്പെട്ട് സഭാ സെക്ഷന്‍ വെട്ടിച്ചുരുക്കിയിരിക്കെ പ്രധാന ദിനങ്ങള്‍ നഷ്ടമായിരിക്കെയാണ് സോണിയ ഗാന്ധിയും രാഹുലും മടങ്ങിയെത്തുന്നത്. സഭയില്‍ പങ്കെടുത്ത അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ ആദ്യത്തില്‍ അവസാനിക്കേണ്ടിയിരുന്ന സഭാ സമ്മേളമം നാളെ അവസാനിക്കുകയാണ്.

അതേസമയം, കാര്‍ഷിക ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം പ്രത്യക്ഷത്തില്‍ രംഗത്തെത്തിയിരിക്കെയാണ് രാഹുല്‍ തിരിച്ചെത്തുന്നത്. രാജ്യസഭാ അംഗങ്ങളെ സസ്‌പെന്റെ ചെയ്ത നടപടിയില്‍ ചൊവ്വാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് വാക്കൗട്ട് നടത്തുകയും സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ മടക്കം.

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് യുഎസിലിരിക്കെ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ‘മണ്ണില്‍ നിന്നും പൊന്ന് വിളയിക്കുന്ന കര്‍ഷകരെ മോദി സര്‍ക്കാര്‍ കരയിപ്പിക്കുകയാണ്. കാര്‍ഷിക ബില്ലെന്ന പേരില്‍ രാജ്യസഭയില്‍ പാസായ കര്‍ഷകര്‍ക്കെതിരെയുള്ള മരണ വാറണ്ട് ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു’.രാഹുല്‍ ട്വീറ്റ് ചെയ്തു. കാര്‍ഷിക ബില്‍ കര്‍ഷക വിരുദ്ധമാണെന്നാരോപിച്ച് നേരത്തേയും രാഹുല്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ എന്ന കരിനിയമത്തിലൂടെ കര്‍ഷകര്‍ മുതലാളിത്തത്തിന്റെ അടിമകളാവുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.

chandrika: