തിരുവനന്തപുരം: ബി.ജെ.പിസംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ളക്കെതിരെ പാര്‍ട്ടിയില്‍ വ്യാപക വിമര്‍ശനം. ശ്രീധരന്‍ പിള്ള തൊട്ടതെല്ലാം കുളമാക്കിയെന്നാണ് മുരളീധരന്‍ വിഭാഗം ആരോപിക്കുന്നത്. പ്രസിഡന്റ് ഓരോദിവസവും പൊതുജനമധ്യത്തില്‍ പ്രസ്ഥാനത്തെ പിഹാസ്യമാക്കുന്നതായും വിമര്‍ശകര്‍ പറയുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച മേല്‍കൈയുണ്ടാക്കാനാകാതെ പോയത് പ്രസിഡന്റിന്റെഭാഗത്തുനിന്നുണ്ടായ വീഴ്ചയാണത്രെ. ‘സുവര്‍ണ്ണാവസരം’ പ്രസ്താവനയും സമരം സെക്രട്ടറിയേറ്റ് നടയിലേക്ക് മാറ്റി അവാസാനം അവസാനിപ്പിച്ച് തടിതപ്പേണ്ടി വന്നതുമെല്ലാം പ്രസ്ഥാനത്തിന് ക്ഷീണമുണ്ടാക്കി. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്ത് നല്‍കിയതുള്‍പ്പെടെ പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന ധാരണപരത്തി. രണ്ട് ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മില്‍ നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള വ്യവഹാരത്തില്‍ ഒരുഭാഗത്തിനായി സംസാരിച്ചു. പത്തനംതിട്ട സീറ്റ് ലക്ഷ്യമാക്കിയായിരുന്നത്രെ ഈ പക്ഷം ചേരല്‍. ഏറ്റവും ഒടുവില്‍ ശശി തരൂര്‍ എം.പിയുടെ ബന്ധുക്കളെ ബി.ജെ.പിയില്‍ ചേര്‍ത്തുവെന്ന് പ്രഖ്യാപിച്ച് കളിച്ച നാടകവും പാര്‍ട്ടിയെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പരിഹാസ്യമാക്കിയെന്നുമാണ് ശ്രീധരന്‍ പിള്ള വിരുദ്ധരുടെ ആരോപണം. ഇങ്ങനെ സംസ്ഥാന പ്രസിഡന്റിനെതിരെ ആരോപണങ്ങളുടെ പരമ്പരതന്നെ വിരുദ്ധര്‍ കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.