തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ നാലാം വനിത ട്വന്റി 20 മത്സരം 30 റൺസിന് ജയിച്ച ഇന്ത്യ (4-0) പരമ്പരയിൽ ഏകപക്ഷീയ ലീഡ് തുടർന്നു. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ ഓപണർമാരായ സ്മൃതി മന്ദാനയുടെയും (48 പന്തിൽ 80) ഷഫാലി വർമയുടെയും (46 പന്തിൽ 79) അർധ സെഞ്ച്വറി മികവിൽ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന റെക്കോഡ് സ്കോറിലെത്തി. അതേനാണയത്തിൽ തിരിച്ചടിച്ച ലങ്കയുടെ മറുപടി നിശ്ചിത ഓവറിൽ ആറിന് 191ൽ അവസാനിച്ചു.
വനിത ട്വന്റി20 ചരിത്രത്തിൽ ഇന്ത്യൻ വനിതകളുടെ ഏറ്റവും ഉയർന്ന ഇന്നിങ്സ് ടോട്ടലാണ് കാര്യവട്ടത്ത് പിറന്നത്. 2024ൽ നവി മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 217/4 റൺസ് പഴങ്കഥയായി. കൂട്ടുകെട്ടിലും ഇന്ത്യ റെക്കോഡിട്ടു. 2019ൽ വിൻഡീസിനെതിരെ കുറിച്ച 143 റൺസിന്റെ സ്വന്തം റെക്കോഡാണ് 162 റൺസടിച്ച് സ്മൃതിയും മന്ദാനയും തന്നെ പുതുക്കിയത്. ഇരു ടീമും 40 ഓവറിൽ അടിച്ചുകൂട്ടിയത് 412 റൺസാണ്. ഏറ്റവും കൂടുതൽ റൺസ് പിറന്ന രണ്ടാമത്തെ മത്സരമെന്ന റെക്കോഡും നേടി.
ഗ്രീൻഫീൽഡിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. എന്നാൽ, പരമ്പരയിൽ ആദ്യമായി ബാറ്റിങ്ങോടെ തുടങ്ങാൻ അവസരം ലഭിച്ച ഇന്ത്യ അവസരം ശരിക്കും മുതലാക്കുകയായിരുന്നു. ആദ്യ പന്തുമുതൽ ആക്രമിച്ച് കളിച്ച ഷഫാലിയും സ്മൃതിയും ശ്രീലങ്കൻ ബൗളർമാരെ അടിച്ചു നിലംപരിശാക്കി. പവർപ്ലേയുടെ ആദ്യ ആറ് ഓവറുകളിൽ ഇരുവരും 61 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കൻ ബൗളർമാർക്ക് അമ്പയറിന് മുന്നിൽ ഒന്ന് ഉറക്കെ ഒച്ചവെക്കാൻപോലും കഴിയാത്ത രീതിയിൽ റൺസ് നേടിയ ഇരുവരും 11 ഓവറിൽ ടീം സ്കോർ 100 കടത്തി. തൊട്ടുപുറകെ പരമ്പരയിലെ തുടർച്ചയായ മൂന്നാം അർധ സെഞ്ച്വറി നേരിട്ട 30ാം പന്തിൽ ഷഫാലി പൂർത്തിയാക്കി.