ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സരിത ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക
റദ്ദാക്കിയതിനെതിരെയാണ് സരിതയുടെ ഹര്‍ജി. വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സരിതയുടെ ആവശ്യം.

ഇതേ ആവശ്യവുമായി സരിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നത്.

അതേസമയം അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു. അമേത്തിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിതക്ക് 569 വോട്ടുകളാണ് ലഭിച്ചത്.