ഡല്‍ഹി: റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹ കേസില്‍ ശശി തരൂര്‍ ഉള്‍പ്പടെ ഉള്ളവരുടെ അറസ്റ്റ് സുപ്രീം കോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനും അഞ്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോട്ടീസ് അയച്ചു.

ബാലിശമായ പരാതികളില്‍ ആണ് കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് തരൂരിന് വേണ്ടി ഹാജര്‍ ആയ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഒരേ തരത്തില്‍ ഉള്ള പരാതികളില്‍ ആണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാണ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എഫ് ഐ ആറുകള്‍ ഒരുമിച്ച് ആക്കണം എന്നും സിബല്‍ വാദിച്ചു. ഈ ആവശ്യത്തില്‍ കോടതി നോട്ടീസ് അയച്ചു.

റിപ്പബ്ലിക്ക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്കിടെ മധ്യഡല്‍ഹിയില്‍ കര്‍ഷകന്‍ മരണമടഞ്ഞതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത് എന്ന് കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസിന് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യം ട്വീറ്റിന് ഇല്ലായിരുന്നു എന്നും റോത്തഗി വ്യക്തമാക്കി.

ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസിനും എന്നിവര്‍ക്ക് പുറമെ മാധ്യമപ്രവര്‍ത്തകരായ മൃണാള്‍ പാണ്ഡെ, സഫര്‍ ആഗ, പരേഷ് നാഥ്, അനന്ത് നാഥ്, എന്നിവരുടെ അറസ്റ്റും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.