തിരുവനന്തപുരം: ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നെത്തിയ തമ്പാനൂര്‍ സുരേഷ് വിവാഹിതനാകുന്നു. തിരുവനന്തപുരത്ത് ചലച്ചിത്രമേളക്കെത്തിയപ്പോഴായിരുന്നു സുരേഷിന്റെ വെളിപ്പെടുത്തല്‍.

‘മുത്തേ പൊന്നേ പിണങ്ങല്ലേ’ എന്ന ഗാനം പാടി മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ആളാണ് സുരേഷ്. ജീവിതത്തിലെ പല തിരക്കുകള്‍ക്കിടയില്‍ വിവാഹമെന്ന ചിന്ത മറന്നുപോയെന്ന് സുരേഷ് ഒരിക്കല്‍ പറഞ്ഞിരുന്നു. സിനിമയിലും അതുപോലെ മലയാളികളുടെ മനസ്സിലും സ്ഥാനം നേടിയ ഈ വേളയില്‍ വിവാഹത്തിനൊരുങ്ങുകയാണ് സുരേഷ് തമ്പാനൂര്‍. എന്നാല്‍ വിവാഹത്തെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയില്ല താരം. ജൂണിലായിരിക്കും വിവാഹം. 47വയസ്സുണ്ട് സുരേഷിനിപ്പോള്‍.

പാസില്ലാതെ സിനിമ കണ്ടിരുന്ന കാലത്തെക്കുറിച്ചും സുരേഷ് തമ്പാനൂര്‍ വാചാലനായി. തലേദിവസമാണ് മേളയെക്കുറിച്ച് ഓര്‍മ്മയുണ്ടാകുന്നത്. പിന്നീട് ചെയര്‍മാന്‍ കമലുമായി ബന്ധപ്പെട്ടാണ് പാസ് തരപ്പെടുത്തിയത്. ഇന്ന് മേളയില്‍ സജീവസാന്നിധ്യമായി മാറിയിരിക്കുകയാണ് സുരേഷ്. സുരേഷിന്റെ അടുത്ത ചിത്രം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ‘പൂമര’മാണ്.