international

പുതുവത്സരാഘോഷം ഒഴിവാക്കി സ്വീഡന്‍; ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ചു

By webdesk18

January 02, 2026

worldeസ്റ്റോക്ക്‌ഹോം: പുതുവത്സരാഘോഷങ്ങള്‍ ഒഴിവാക്കി ഗസ്സക്ക് ഐക്യദാര്‍ഢ്യവുമായി റാലി സംഘടിപ്പിച്ച് സ്വീഡന്‍. തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ബുധനാഴ്ച വൈകീട്ട് നടന്ന റാലിയില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. വിവിധ സിവില്‍ സൊസൈറ്റി സംഘടനകളുടെ ആഹ്വാനപ്രകാരമാണ് പുതുവത്സരാഘേഷങ്ങള്‍ ഒഴിവാക്കി ഗസ്സക്കായി ഇവര്‍ റാലി നടത്തിയത്.

ഇസ്രായേല്‍ കൊലപ്പെടുത്തിയ കുട്ടികളെയും സാധാരണക്കാരെയുമെക്കെ ഓര്‍ക്കാനും ഗസ്സയ്ക്കായി ശബ്ദമുയര്‍ത്താനും വേണ്ടിയാണ് പ്രതിഷേധക്കാര്‍ സെഗല്‍സ് ടോര്‍ഗ് സ്‌ക്വയറില്‍ കനത്ത ശൈത്യത്തെ അവഗണിച്ചും റാലി സംഘടിപ്പിച്ചത്.

ഫലസ്തീന്‍ പതാകകള്‍ വീശിയും പന്തം കൊളുത്തിയും പ്രകടനക്കാര്‍ സ്വീഡിഷ് പാര്‍ലമെന്റിലേക്കും റാലി നടത്തി. ”ഗസ്സയില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നു, സ്‌കൂളുകളും ആശുപത്രികളും തകര്‍ക്കപ്പെടുന്നു, വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുക, ഭക്ഷ്യക്ഷാമം അവസാനിപ്പിക്കുക’ എന്നിങ്ങനെ എഴുതിയ ബാനറുകളും റാലിയില്‍ ഉയര്‍ന്നു. ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്താന്‍ സ്വീഡന്‍ തയ്യാറാവണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

‘ഫലസ്തീനിലെ കൂട്ട മരണങ്ങളെയും ഉപരോധങ്ങളെയും ഈ സംഭവങ്ങളോടുള്ള ലോക രാജ്യങ്ങളുടെ മൗനത്തേയും ഞങ്ങള്‍ക്ക് കാണാതിരിക്കാനാവില്ല. അനീതിക്ക് നേരെ കണ്ണടച്ച് ഒരു പുതുവര്‍ഷം ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യവുമില്ല’- പ്രതിഷേധം നടത്തിയ സംഘടനകളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു. ‘ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍, ഫലസ്തീനില്‍ വംശഹത്യ തുടരുകയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും, ഫലസ്തീനികള്‍ കൊല്ലപ്പെടുന്നു, ഉപരോധം തുടരുന്നു, ടെന്റുകളില്‍ അഭയമില്ലാതെ ആളുകള്‍ മരവിച്ച് മരിക്കുന്നു’- എന്ന് പ്രസ്താവനയില്‍ പറയുന്നു.international