editorial
ഇരട്ടത്താപ്പിന്റെ പര്യായം
ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.
ഗതാഗഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാറിനെതിരായി ഉയര്‍ന്ന ആരോപണവും അതില്‍ മുഖ്യമന്ത്രിയും മന്ത്രിസഭയും സ്വീകരിച്ച നിലപാടും പിണറായി സര്‍ക്കാറിന്റെ ഇരട്ടത്താപ്പിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മുഖ്യന്റെയും കൂട്ടരുടെയും വാചോടാപങ്ങള്‍ എത്രമേല്‍ നിരര്‍ത്ഥകവും അബദ്ധജഡിലവുമാണെന്ന് കേരളത ജനതയെ ബോധ്യപ്പെടുത്തിയിരിക്കുകയാണ് ഈ സംഭവം. സമാനമായ ആരോപണം 2013 ല്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിയായിരുന്ന ഗണേഷ്കുമാറിനെതിരെ ഉയര്‍ന്നപ്പോള്‍ അന്ന് സി.പി.എം സംസ്ഥാനസെക്രട്ടറിയായിരുന്നു സാക്ഷാല്‍ പിണറായി വിജയന്. ഗണേഷ്കുമാറിന്റെ രാജി ആവശ്യപ്പെടുക മാത്രമല്ല, അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്ത പിണറായി വിജയന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന നാഴികക്ക് നാല്പതുവട്ടം പറഞ്ഞുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഗണേഷിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് നിയമത്തെ നിയമത്തിന്റെ വഴിക്ക് വിടാത്തതെന്നായിരുന്നു പിണറായിയുടെ ചോദ്യത്തിന്റെ കാതല്‍.
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്കുതന്നെ സഞ്ചരിക്കുകയും ഗണേഷ് കുമാറിന് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ച് പുറത്തുപോകേണ്ടിവരികയും ചെയ്യുകയുണ്ടായി. അധികാര നഷ്ടത്തിന്റെ പ്രതികാരമെന്നോണം പിന്നീട് മുന്നണി മാറി ഗണേഷ് ഇടതുപക്ഷത്തെത്തുകയും നേരം ഇരുട്ടിവെളുത്തപ്പോഴേക്കും പുണ്യാത്മാവായി മാറുകയും ചെയ്തത് പിന്നീടുള്ള രാഷ്ട്രീയ ചരിത്രം. പക്ഷേ അന്നത്തെ മന്ത്രിസഭയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അതേ പിണറായി വിജയന് ഇന്ന് പരാതി ഒതുക്കിത്തീര്‍ക്കുകയും ഗണേഷിനെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുമ്പോള്‍ ഓന്തിനെപോലും വെല്ലുന്ന അദ്ദേഹത്തിന്റെ നിറംമാറ്റവും കണ്ടാമൃഗത്തെപോലും നാണിപ്പിക്കുന്ന തൊലിക്കട്ടിയുംകണ്ട് കേരളം മൂക്കത്തുവിരല്‍വെച്ചുപോവുകയാണ്.
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണന് ഡി.ജി.പിക്ക് പരാതി നല്‍കിയതോടെയാണ് ഗണേഷ്കുമാറിന്റെ അവിഹിതം പുറത്തറിയുന്നത്. മന്ത്രിയുടെ അവിഹിതം ഭാര്യതന്നെ നേരില്‍കണ്ടതായും തുടര്‍ന്ന് പൊലീസ് ഹെല്പ് ലൈന്‍ നമ്പറായി 112ല്‍ വിളിച്ച് വിവരം അറിയിച്ചെങ്കിലും ഇതില്‍ യാതൊരു തുടര്‍ നടപടികളുമുണ്ടായില്ലെന്നുമാണ് ഡി.ജി.പിക്ക് നല്കിയ പരാതിയിലുണ്ടായിരുന്നത്. ആരോപണങ്ങള്‍ തള്ളാന്‍ തയാറാകാതിരുന്ന മന്ത്രി തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണിതെന്ന് ന്യായീകരിക്കുകയായിരുന്നു. തനിക്ക് ഒന്നല്ല അയ്യായിരം പ്രണയങ്ങളുണ്ടെന്ന് പറഞ്ഞമന്ത്രി ഭാര്യയുടെ പരാതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വട്ട് മൂത്താല്‍ ആര്‍ക്കും അങ്ങനെ പരാതി പറയാമെന്നുമായിരുന്നു മറുപടി നല്‍കിയത്.
മന്ത്രിയുടെ പരിഹാസ സമീപനത്തെത്തുടര്ന്ന് രംഗത്തെത്തിയ ഭാര്യ ആരോപണങ്ങളെല്ലാം വസ്തുതാപരമാണെന്ന് സാക്ഷ്യപ്പെടുത്തുകയുണ്ടായി. അക്രമത്തെക്കുറിച്ച് പൊലീസിന്റെ 112 എന്ന നമ്പറിലേക്ക് വിളിച്ചുവെന്നും സ്ഥലത്തെത്തിയ പൊലീസ് മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രിയുടെ മകള്‍ വീണയോട് വിവരം പറഞ്ഞിരുന്നുവെന്നും മുന്‍ ഡി.ജി.പി ശ്രീലേഖയെ വിളിച്ച് നിര്‍ദേശം സ്വീകരിച്ച ശേഷമാണ് പൊലീസിന്റെ സഹായം തേടിയതെന്നുമായിരുന്നു അവരുടെ പ്രതികരണം. കാര്യങ്ങള്‍ ഇത്രമേല്‍ സ്പഷ്ടമായിട്ടും മൗനത്തിന്റെ മഹാമാളത്തില്‍ അഭയംപ്രാപിച്ച മുഖ്യമന്ത്രിയും സര്‍ക്കാറും മന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ഒത്തുതീര്‍പ്പിനുള്ള സാധ്യതകള്‍ തേടുകയായിരുന്നുവെന്നാണ് പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. മന്ത്രി ഭാര്യയോട് മാപ്പു പറയുന്നതും മാപ്പിന്റെ അടിസ്ഥാനത്തില്‍ തനിക്ക് പരാതിയൊന്നുമില്ലെന്ന് ഭാര്യ വ്യക്തമാക്കുന്നതും ഒറ്റരാത്രികൊണ്ട് മന്ത്രിയെ പുണ്യാളനാക്കി മന്ത്രിസഭായോഗത്തിനെത്തിക്കുന്നതുമാണ് പിന്നീട് കാണാനിടയായത്.
സ്വന്തക്കാരുടെയും ബന്ധുക്കാരുടെയും എന്തുനെറികേടിനെയു സംരക്ഷിക്കാനും ഏതറ്റംവരെയും പോകാന്‍ തനിക്കൊരുമടിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണ്. ആരോപണ വിധേയരാകുന്നവരുടെ പാര്‍ട്ടിയും പശ്ചാത്തലവും നോക്കി നയവും നിലപാടും പ്രഖ്യാപിക്കുന്ന ഈ മുഖ്യന് കേരളത്തിനാകെ നാണക്കേടാണ് സമ്മാനിക്കുന്നത്. പ്രതിപക്ഷത്തുള്ളവര്‍ക്ക് നേരെ ഇത്തരം ആരോപണമുയരുമ്പോള്‍ പരാതി സ്വീകരിക്കാനും നടപടിയെടുക്കാനും ആയിരംനാക്കില്‍ സംസാരിക്കാനുമുള്ള അദ്ദേഹത്തിന്റെ അത്യാവേശം കേരളംപലകുറികണ്ടതാണ്.
ലൗവ് യു, ടു മൂണ്‍ ആന്റ് ബാക്ക് എന്നെഴുതിയ, ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള വരികള്‍കുറിച്ചിട്ട ഒരുകോപ്പ പിണറായി വിജയന്റെ ശേഖരത്തിലുണ്ടെന്നതിന് കേരളം സാക്ഷിയാണ്. വാര്‍ത്താമാധ്യമങ്ങള്‍ വഴി ജനങ്ങളെ മൊത്തം ദൃക്സാക്ഷികളാക്കി ആ കോപ്പകൊണ്ട് ആസ്വദിച്ചുകുടിച്ചതും കേരളം മറന്നിട്ടില്ല. ആ കോപ്പയും അതിലെഴുതിയ വരികളും എത്രമാത്രം കാപട്യംനിറഞ്ഞതാണെന്ന് മന്ത്രിസഭയിലെ സഹപ്രവര്‍ത്തകന്റെ കാര്യത്തിലൂടെ പിണറായി വിജയന് തെളിയിച്ചിരിക്കുകയാണ്. സത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും ഇരകളുടെ നീതിയെക്കുറിച്ചും തലയില്‍ മുണ്ടിട്ടല്ലാതെ ഇനി പിണറായിക്ക് സംസാരിക്കാനാകില്ലെന്നതുറപ്പാണ്. പറയുന്ന വാക്കുകളോട് തരിമ്പെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നതിനുപകരം ആരോപണവിധേയനായ മന്ത്രിക്കെതിരെ നടപടിയെടുക്കാനായിരുന്നു പിണറായി തയാറാകേണ്ടിയിരുന്നത്.
editorial
കല്ല് പൊട്ടിക്കാനുണ്ടോ…
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവമായ തിരഞ്ഞെടുപ്പിന് കേരളത്തില്‍ കേളികൊട്ടുയരാന്‍ ഇനി ഏതാനും ദിവസം മാത്രമേയുള്ളൂ. ജനകീയ രോഷം കാരണം ഊര്ധ ശ്വാസം വലിക്കുന്ന പിണറായി സര്‍ക്കാര്‍ പോണ പോക്കില്‍ സംസ്ഥാനത്തിന്റെ കഴുക്കോല് വരെ ഊരാനുള്ള തത്രപ്പാടിലാണ്. ഒരേ പ്രവര്‍ത്തിക്ക് പല ഉദ്ഘാടനം, പണി തീരാത്ത കെട്ടിടങ്ങളുടെ കൂട്ട ഉദ്ഘാടനം തുടങ്ങി മുഖ്യനും റീല്‍സ് മന്ത്രിയും കത്രിക മന്ത്രിയും കള്ള് മന്ത്രിയുമടക്കം ഉദ്ഘാടന മഹാമഹവുമായി ഓടി നടക്കുകയാണ്. കിണറിലെ വെള്ളം കലക്കു വെള്ളമാണോ എന്ന് അറിയാന്‍ കിണറ്റിലിറങ്ങിയ കിണറോലുവാണ് ഇപ്പോള്‍ സര്‍ക്കാറിനും സി.പി.എമ്മിനുമായി തിരഞ്ഞെടുപ്പ് തന്ത്രം ആരായുന്നത്. അതിന്റെ ഗുണം കാണാനുമുണ്ട്. നുണക്കൊരു അവാര്‍ഡ് കൊടുത്താല്‍ അത് എന്തു കൊണ്ടും നേടാന്‍ ഇപ്പോള്‍ സര്‍ക്കാറിന് അര്‍ഹതയായിട്ടുണ്ട്. വയനാട്ടിലേക്ക് തുരങ്കപാതയുടെ പല ആവര്‍ത്തി ഉദ്ഘാടന പ്രഹസനത്തിന്റെ അവസാന പതിപ്പായിരുന്നു കഴിഞ്ഞ ദിവസം. കണ്ടവര്‍ കണ്ടവര്‍ അന്തം വിട്ടു. പാറപൊട്ടിക്കല്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി. നേരത്തെ പാറയൊക്കെ തൊഴിലാളികളാണ് പൊട്ടിച്ച് തുടങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ അതും മുഖ്യന് തന്നെ ഉദ്ഘാടനം ചെയ്യും. റീല്‍സ് മന്ത്രി വീഡിയോ പിടിക്കും കിണറോലും പരസ്യപ്പെടുത്തും. ഇതാണ് ഇപ്പോഴത്തെ രീതി.
ഒരു നിയമസഭാ സീറ്റിനായി എന്ത് തറ പരിപാടിക്കും തയ്യാറായി നടന്നിട്ടും പിണറായിയും സംഘവും കിണറോലുവിന് സീറ്റ് മാത്രം നല്‍കിയിട്ടില്ല ഇതുവരെ. അതിനുള്ള പ്രതികാരമാണോ എന്നറിയില്ല. സര്‍ക്കാറിനെ ടിയാന് കുഴിയില്‍ നിന്നും വന്‍ ഗര്‍ത്തത്തിലേക്ക് എടുത്തെറിഞ്ഞ് ശരിയാക്കുന്നുണ്ട്. ഏതായാലും ഇത്തവണയും മുണ്ടുടുത്ത മോദി തന്നെയാണ് പാര്‍ട്ടിയെ നയിക്കുക. വനിതാ മുഖ്യമന്ത്രിയെന്നൊക്കെ പറഞ്ഞ് കൊമ്പത്ത് കയറ്റി ഇപ്പോള്‍ അവിടെ നിന്നും വീണ്ടും ചാവേറേക്കാനായി മറ്റൊരു സീറ്റിലേക്ക് മുന്‍ ആരോഗ്യ മന്ത്രിയെ വിട്ടിട്ടുണ്ട്. മുന്‍ മന്ത്രി സുധാകരനും പി.കെ ശശിയുമൊക്കെ പാര്‍ട്ടിയില്‍ നിന്നും പിന്നോട്ടു പോയി. അവരവരുടെ നിലപാടുമായി മുന്നോട്ടു പോവുകയാണ്. കോണ്‍ഗ്രസിലെ കുടുംബാധിപത്യമെന്നൊക്കെ മൈക്ക് കെട്ടി ഘോര ഘോരം പ്രസംഗിച്ചവര്‍ ഇപ്പോള്‍ ഞാനും അഫന് തമ്പ്രാനും സുഭദ്രയും എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. അധികാര വടം വലിയില്‍ പാര്‍ട്ടി സെക്രട്ടറിക്ക് സീറ്റ് പോയപ്പോള്‍ പകരം വരുന്നത് സ്വന്തം ഭാര്യ. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒഴിവാക്കിയാല്‍ പകരം ഭര്‍ത്താവ്. നല്ല കീഴ് വഴക്കം. കണ്ണൂരില്‍ ജയരാജന്മാരുടെ ആധിപത്യം അവസാനിക്കാനും ഇത്തവണ കാരണമാകും. സി.പി.എമ്മില്‍ പിണറായി വിജയന് താഴെ ‘അനിഷേധ്യനായ രണ്ടാമന്’ ആകാനുള്ള എം.വി. ഗോവിന്ദന്റെ കരുനീക്കത്തിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളെ അറഞ്ചം പുറഞ്ചം വെട്ടി നിരത്തുന്നുണ്ട്.
മുഖ്യമന്ത്രി മാറിയാല്‍ മരുമകന് മതിയെന്ന രീതിയിലാണ് ഇപ്പോഴത്തെ പോക്ക്. തനിക്ക് ഭീഷണിയാകാന്‍ സാധ്യതയുള്ള എല്ലാ മുതിര്‍ന്ന നേതാക്കളെയും സംഘടനാ തത്വങ്ങളുടെ പേരുപറഞ്ഞ് വെട്ടിനിരത്തുകയാണെന്ന വികാരം പാര്‍ട്ടിയില്‍ പുകയുന്നുണ്ട്. എന്തായാലും സ്വന്തമായി നേട്ടമൊന്നുമില്ലാത്ത സര്‍ക്കാര്‍ ഇപ്പോള്‍ 10 വര്‍ഷം മുമ്പുള്ള സര്‍ക്കാറുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പരസ്യവുമായാണ് ഇറങ്ങുന്നത്. അതായത് നെഹ്റുവിന്റെ കാലത്ത് ഇന്ത്യയില്‍ ഇത്ര സംസ്ഥാനങ്ങളുണ്ടായില്ലെന്ന് സങ്കികള്‍ പറയുന്ന പോലുള്ള യമണ്ടന്‍ ലോജിക്. എന്നാല്‍ ഇത് പൊതുജനങ്ങളുടെ പണമെടുത്താണെന്നതാണ് ഇതിലെ വലിയ പ്രശ്നം. അതായത് മോദി വന്നതിന് ശേഷം 2014ലാണ് ഇന്ത്യ ഉണ്ടായതെന്ന് സങ്കികള്‍ പറയുന്ന പോലെ 2016നു ശേഷമാണ് കേരളമുണ്ടായതെന്നാണ് മുണ്ടുടുക്കാത്ത മോദിയുടെ ചിയര്‍സംഘം പ്രചരിപ്പിക്കുന്നത്.
ലോകത്ത് സാങ്കേതിക വിദ്യ എത്ര മാറിയാലും മാറാത്ത ഒന്നേയുള്ളൂ സി.പി.എമ്മുകാരുടെ ബുദ്ധി. പാര്‍ട്ടി ഓഫീസില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് പാര്ട്ടിക്കാര് ചിന്തിക്കുക. ഈയിടെ പത്രങ്ങളിലെല്ലാം കിണറോലുവിന്റെ നേതൃത്വത്തില്‍ വന്ന പരസ്യം കണ്ടവര്‍ ഒന്ന് ഞെട്ടി പട്ടാപ്പകല്‍ ഇത്രയും കൊള്ള നടത്തിയവന്മാരൊക്കെ ഹരിഷ് ചന്ദ്രന്‍മാരാവാന്‍ ശ്രമിക്കുന്നു. അല്ലേലും പൊതുവെ കേരളത്തിലൊരു ചൊല്ലുണ്ട് സത്യം ചെരിപ്പിടുമ്പോഴേക്കും സി.പി.എമ്മുകാര്‍ നാടു നീളെ കള്ളം കൊട്ടിപ്പാടുമെന്ന്. കഴിഞ്ഞ 10 വര്‍ഷമായി കക്കുക മുക്കുക നക്കുക എന്നതല്ലാതെ നാലാള്‍ക്ക് തൊഴില്‍ നല്കിയ ഏതേലും സംരംഭം പിണറായി തുടങ്ങിയിട്ടുണ്ടോ എന്ന് ആരെലും ചോദിച്ചാല്‍ ആകെ ഉത്തരം നല്കാന് പ്രാപ്തിയുള്ളത്. വ്യവസായ മന്ത്രിക്കാണ്. അതാവട്ടെ ഈ ദുനിയാവില് ആരും കാണാത്ത കമ്പനിയൊക്കയാവും. ലോകത്ത് സ്കാനിങ് മെഷീന് ഉണ്ടാക്കുന്ന രണ്ട് കമ്പനികളില്‍ ഒന്ന് കേരളത്തിലാണെന്നാണ് മന്ത്രി പറയുന്നത്.
കേരളത്തില്‍ ഉണ്ടാക്കി അമേരിക്കയില്‍ നിന്നും ലേബലൊട്ടിച്ച് അയക്കുകയാണ് പോലും. എവിടെയാണ് ഫാക്ടറി ഏതാണ് കമ്പനി എന്നൊന്നും ചോദിക്കരുത്. എല്ലാത്തിനും ശങ്കരാടിയുടെ രേഖതന്നെയാണ് ബലം. യു.ഡി.എഫ് കാലത്ത് എട്ട് മാസത്തെ പെന്ഷന് മുടങ്ങിയെന്ന അണ്ടി മുക്ക് ശാഖ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കണക്കുമായാണ് പിണറായി ഇപ്പോഴും ഉരുളുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പെന്‍ഷന്‍കാരുടെ എണ്ണം വെട്ടിക്കൂട്ടി കൊട്ടയിലിട്ട കണക്ക് പറയാതെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കണക്കാണ് ഇപ്പോഴും ആധാരം. പിണറായിയും പരിവാരങ്ങളും കേരളത്തില്‍ ആകെ തുടങ്ങാന്‍ ശ്രമിച്ചത് ഒരേ ഒരു സംരഭമാണ്. അതാണ് കെ റെയില്‍. കെ റെയില്‍ വരും കെട്ടോ എന്ന് എല്ലാ യോഗങ്ങളിലും സംസ്ഥാന സെക്രട്ടറി വീമ്പിളക്കിയതും അപ്പം വില്പനക്കായി നാട്ടാരെ പ്രാപ്തരാക്കിയതും മാത്രമാണ്. മിച്ചം ആകെ കേരളത്തില്‍ കാക്കകള്‍ക്ക് തൂറാന്‍ ഒരു മഞ്ഞക്കുറ്റി മാത്രമാണ് പിണറായി സംഭാവന ചെയ്തത്. ഇനി അതിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുമ്പോള്‍ അറിയാം കട്ട് മുടിച്ചത് എത്രയെന്ന്. പി.ആര് കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്ന ഈ സര്‍ക്കാറിനെ ജനം ചെവിക്ക് പിടിച്ച് തൂക്കി പുറത്തിടാന്‍ എന്തായാലും അധിക നാള് വേണ്ടി വരില്ല.
editorial
തന്നിഷ്ടത്തിനേറ്റ കനത്ത തിരിച്ചടി
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
ഭരണനിര്‍വഹണത്തിന്റെ നട്ടെല്ലായ സിവില്‍ സര്‍വീസിനെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന രീതിക്ക് കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുകയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഉത്തരവ്. ഐ.എ.എസ് കേഡര്‍ തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെയും മറ്റ് കേഡര്‍ ഇതര ഉദ്യോഗസ്ഥരെയും തിരുകിക്കയറ്റുന്ന സര്‍ക്കാര്‍ രീതി നിയമവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ നിരീക്ഷണം കേവലം സാങ്കേതിക തിരുത്തലല്ല, മറിച്ച് ഭരണഘടനാപരമായ ചട്ടക്കൂടിനെ ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ്.
സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട നടപടികളില്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സി.എ.ടി) ഇടപെടല്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയില്‍ 2014 ലെ കേഡര്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുകയാണ്. ബി അശോക് കുമാറിനെ മാറ്റിയതുള്‍പ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകള്‍ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളില്‍ കേഡര്‍ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.എ.ടി വ്യക്തമാക്കി. നിലവില്‍ എക്സൈസ് കമ്മീഷണറായ എം.ആര് അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണെന്നും അവിടെ ഐ.എ.എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവു എന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടിവരും. മാനസപുത്രന് തെറിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന് വന്‍ തിരിച്ചടിയാണ്. മാത്രമല്ല ഉത്തരവ് ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന എം.ആര് അജിത് കുമാറിനെയാണ്.
എക്സൈസ് കമ്മീഷണര്‍ സ്ഥാനം ഐ.എ.എസ് കേഡര്‍ തസ്തികയാണ്. അവിടെ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് കുമാറിനെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്ന ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. നിരവധി ആരോപണങ്ങള്‍ നേരിടുന്ന എം.ആര് അജിത്കുമാറിനെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഇപ്പോള്‍ നിയമത്തിന്റെ നൂല്‍പ്പാലത്തില്‍ തട്ടി വീണിരിക്കുകയാണ്. ഇത് കേവലം അജിത് കുമാറിന്റെ വ്യക്തിപരമാ യ തിരിച്ചടിയല്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിക്കേറ്റ കനത്ത പ്രഹരം കൂടിയാണ്. ഘടം ക്ഷിയായ സി.പി.ഐ പോലും എതിര്‍ത്തിട്ടും പലപ്പോഴും അജിത്കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയന് ചിറകുകള്ക്കുള്ളില് സംരക്ഷിച്ചുപോരുകയായിരുന്നു. 2014-ലെ കേഡര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ഉദ്യോഗസ്ഥരെ മാറ്റുന്ന രീതിക്ക് തടയിട്ട ട്രിബ്യൂണല്‍ നടപടി സ്വാഗതാര്‍ഹമാണ്. ബി. അശോക് കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയതിലൂടെ, ഭരണകൂടത്തിന്റെ ഇഷ്ടാനിഷ്ടങ്ങളല്ല മറിച്ച് നിലവിലുള്ള നി യമസംഹിതകളാണ് പരമമെന്ന് ഒരിക്കല്‍കൂടി വ്യക്തമായിരിക്കുന്നു. ഒരു ഉദ്യോഗസ്ഥന് നിശ്ചിത കാലാവധി നല്‍കണമെന്ന നിയമം ലംഘിക്കുന്നത് ഭരണപരമായ അസ്ഥിരതയ്ക്ക് കാരണമാകും.
ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന് ഈ വിഷയത്തില്‍ നേരിട്ട് രംഗത്തിറങ്ങി എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥ ഭരണസംവിധാനത്തില്‍ രാഷ്ട്രീയ അതിപ്രസരം കൂടുമ്പോള്‍ സ്വാഭാവികമായും ഇത്തരം നിയമയുദ്ധങ്ങള്‍ അനിവാര്യമായിത്തീരുന്നു. ഐ.എ.എസ് തസ്തികകളില്‍ ഐ.പി.എസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സിവില്‍ സര്‍വീസിന്റെ ഘടനയെത്തന്നെ തകര്‍ക്കും. തങ്ങളുടെ ആവശ്യം ലളിതമായിരുന്നുവെന്നാണ് ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷന് പറയുന്നത്. ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങളാണ് ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ പറഞ്ഞ എല്ലാ തടസവാദങ്ങളും പരിശോധിച്ചുള്ള വിധിയാണിത്. സ്ഥലംമാറ്റം കേഡര്‍ ചട്ടത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഐ.എ.എസുകാരെ നിയമിക്കേണ്ട കേഡര്‍ പോസ്റ്റുകളില്‍ ഐ.എ.എസ്സുകാരെയാണ് നിയമിക്കേണ്ടത്. അതിനു മാറ്റം വന്നപ്പോഴാണ് നിയമപരമായി മുന്നോട്ടു പോയത്.
സിവില്‍ സര്‍വീസ് ബോര്‍ഡ് 2016 ന് ശേഷം കേരളത്തില്‍ യോഗം ചേര്‍ന്നിരുന്നില്ലെന്നും അസോസിയേഷന് കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് അവസരം ലഭിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മുതല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ശ്രമിച്ചിരുന്നെങ്കിലും അവസരം നല്‍കിയില്ലന്നും അവര്‍ കുറ്റപ്പെടുത്തുന്നു. ഭരണനിര്‍വഹണം എന്നത് രാഷ്ട്രീയ മേലാളന്മാരുടെ ആ ജ്ഞാനുവര്‍ത്തികളാകാനുള്ള ഒന്നല്ല. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഉദ്യോഗസ്ഥ വിന്യാസം നടത്താവു എന്ന സി.എ.ടി ഉത്തരവ് ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തും. സര്‍ക്കാരിന്റെ ‘തന്നിഷ്ട’ങ്ങള്‍ക്കേറ്റ ഈ പ്രഹരം വരുംദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഉദ്യോഗസ്ഥതലത്തിലെ അസംതൃപ്തിയും നിയമക്കുരുക്കുകളും ഭരണത്തിന്റെ വേഗത കുറയ്ക്കുമെന്നതില്‍ തര്‍ക്കമില്ല.
1400 റമസാന്‍ 17 ബുധന്‍. അറബി ഭാഷയുടെ സംരക്ഷണത്തിന് വേണ്ടി മുസ്ലിം യൂത്ത് ലീഗിന്റെ കര്മ്മഭടന്മാര് ജീവന് ത്യജിച്ചും രക്തം നല്‍കിയും വീരോചിത സമരം നയിച്ച അവിസ്മരണീയ ദിനം. മജീദ്-റഹ്മാന്-കുഞ്ഞിപ്പമാര്‍ രക്തസാക്ഷിത്വം വരിച്ച ദിവസം. അറബി ഭാഷയെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ നിന്നും തൂത്തെറിയാമെന്ന് ദിവാസ്വപ്നം കണ്ട മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ മുട്ടുവിറച്ച ദിവസം. സമരഭടന്മാര്ക്കെതിരെ നിറയൊഴിച്ചാല്‍ എല്ലാം അവസാനിക്കുമെന്ന് മനക്കോട്ട കെട്ടിയവര്‍ നിരാശരായ ദിവസം.
കേരളീയ മുസ്ലിം സമൂഹത്തിനും അറബി ഭാഷ സ്നേഹികള്‍ക്കും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ചരിത്രമാണ് പി.കെ.കെ ബാവയും കെ.പി.എ മജീദും നേതൃത്വം നല്‍കിയിരുന്ന മുസ്ലിം യൂത്ത് ലീഗ് നയിച്ച ഭാഷാ സമര പോരാട്ടം. 46 വര്‍ഷം പിന്നിടുമ്പോഴും ഒരു സമരം ആവര്‍ത്തിച്ച് അനുസ്മരിക്കപ്പെടുന്നുവെങ്കില്‍ അതെത്രമാത്രം ഐതിഹാസികമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. മതനിരാസ ആശയങ്ങള്‍ തത്ത്വശാസ്ത്രമായി പേറി നടന്ന കമ്യൂണിസ്റ്റുകാര്‍ക്കും അവരുടെ ഉപദേശികളായ ‘ബുദ്ധിജീവികള്‍ക്കും’ അറബി ഭാഷയോടും അത് സമ്മാനിക്കുന്ന സാംസ്കാരിക സമൂഹത്തോടുമുണ്ടായിരുന്ന കടുത്ത വിരോധവും അസൂയയുമായിരുന്നു അറബി ഭാഷക്കെതിരെ കരിനിയമങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിച്ചത്.
1980 ജനുവരി 25 ന് ഒന്നാം ഇ.കെ നായനാര്‍ സര്‍ക്കാര്‍ അധികാരമേറ്റതോടെ അറബിഭാഷയെ സ്കൂളുകളില്‍നിന്നും ഉന്മൂലനം ചെയ്യാന്‍ വേണ്ടിയുള്ള ഗൂഢാലോചനകള്‍ കമ്യൂണിസ്റ്റ് ബുദ്ധിജീവികളുടെ നേതൃത്വത്തില്‍ ആരംഭിച്ചു. പ്രൈമറി വിദ്യാഭ്യാസ രംഗത്ത് മാതൃഭാഷ മാത്രമേ പാടുള്ളൂ എന്ന വാദമാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. ‘ഭാഷാബോധന നയം’ എന്നാണ് അവര്‍ അതിന് പേരിട്ടത്. അധികാരത്തില്‍ വന്ന് അഞ്ച് മാസത്തിനുള്ളില്‍തന്നെ 1980 ജൂണ്‍ 11 ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അറബി പഠിപ്പിക്കണമെങ്കില്‍ മൂന്ന് നിബന്ധനകളാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. അവ അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്ന് വിളിക്കപ്പെട്ടു.
അറബി റെഗുലര്‍ വിഷയമല്ല എന്നും അതുകൊണ്ടുതന്നെ സ്കൂള്‍ കെട്ടിടത്തില്‍ അറബി പഠിപ്പിക്കാന്‍ പറ്റില്ലെന്നും അതിന് പ്രത്യേക സ്ഥല സൗകര്യങ്ങള്‍ ഒരുക്കണമെന്നും അനുശാസിക്കുന്നതാണ് ഒന്നാമത്തെ നിബന്ധന. ഇതിനെയാണ് ‘അക്കമഡേഷന്‍’ എന്ന് വിളിക്കുന്നത്. ഒരു കുട്ടി അറബി പഠിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കുട്ടിയുടെ രക്ഷിതാവ് ആറാം പ്രവൃത്തി ദിവസത്തിന് മുമ്പ് ഹെഡ്മാസ്റ്ററുടെ മുമ്പില്‍ നേരിട്ട് ഹാജരായി ഒപ്പിട്ടുകൊടുക്കണം എന്നതാണ് ‘ഡിക്ലറേഷന്‍’ എന്ന പേരിലറിയപ്പെടുന്ന രണ്ടാമത്തെ നിബന്ധന. മൂന്നാമത്തേത് ‘ക്വാളിഫിക്കേഷന്‍’ ആണ്. അക്കാലത്ത് അറബി അധ്യാപകര്‍ക്ക് മാത്രമല്ല, പൊതു അധ്യാപകരില്‍ ചിലര്‍ക്കും എസ്.എസ്. എല്‍.സി ഉണ്ടായിരുന്നില്ല. ഇന്‍സര്‍വീസ് കോഴ്സുകളിലൂടെയാണ് അത് പരിഹരിച്ചിരുന്നത്. അറബി അധ്യാപകര്‍ക്ക് ഓറിയന്റല്‍ ടൈറ്റില്‍ യോഗ്യത മതിയായിരുന്നു. എസ്.എസ്.എല്‍.സി ഇല്ലാത്ത അറബി അധ്യാപകര്‍ മാത്രം അത് എഴുതി പാസ്സാവണമെന്ന ഈ നിബന്ധന തികച്ചും പക്ഷപാതപരമായിരുന്നു. ഉത്തരവിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കിയ കെ. എ.ടി.എഫ് നേതാക്കളായിരുന്ന പി.കെ അഹമ്മദലി മദനി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി തുടങ്ങിയവര്‍ സി.എച്ച് മുഹമ്മദ് കോയ അടക്കമുള്ള മുസ്ലിംലീഗ് നേതാക്കളെ ധരിപ്പിച്ചു. പ്രശ്നപരിഹാരത്തിന് രാഷ്ട്രീയ ഇടപെടലുകള്‍ അനിവാര്യമാണെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
1980 ജൂലൈ 4 ന് അറബി അധ്യാപകര്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ കൂട്ടധര്‍ണ്ണ നടത്തി. ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സി.എച്ച് പറഞ്ഞു: ‘നിങ്ങള്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ടവരാണ്; നിങ്ങള്‍ സമരം ചെയ്യേണ്ടവരല്ല. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.’ അതോടെ സമുദായം അതേറ്റെടുത്തു. മുസ്ലിം ലീഗിന്റെ 14 എം.എല്‍.എമാരും വിദ്യാഭ്യാസ മന്ത്രി ബേബിജോണുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതോടെ സി.എച്ചിന്റെ ആഹ്വാനം അനുസരിച്ച് മുസ്ലിം യൂത്ത് ലീഗ് സമരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. ജൂലൈ 30ന് സംസ്ഥാനത്തെ എല്ലാ കലക്ടറേറ്റുകള്‍ക്ക് മുമ്പിലും പിക്കറ്റിങ് സമരം നടത്താന്‍ തീരുമാനിച്ചു. വ്രതം അനുഷ്ഠിച്ചുകൊണ്ടുതന്നെ ബദര്‍ ദിനമായ റമസാന്‍ 17 ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കലക്ടറേറ്റുകളിലേക്ക് ഒഴുകി. മലപ്പുറത്തെ സമരത്തിന് നേര്‍ക്ക് പൊലീസ് അകാരണമായി വെടിവെച്ചു. മൈലപ്പുറത്തെ കോതേങ്ങല്‍ അബ്ദുല്‍ മജീദും തേഞ്ഞിപ്പലത്തെ കല്ലിടുമ്പില്‍ ചിറക്കല്‍ അബ്ദുറഹ്മാനും കാളികാവിലെ ചേന്നംകുളങ്ങര അബ്ദുല്ല എന്ന കുഞ്ഞിപ്പയും പൊലീസ് വെടിവെപ്പില്‍ വീരമൃത്യു വരിച്ചു. മൂവര്‍ക്കും 22-24 വയസ്സ് മാത്രമായിരുന്നു പ്രായം. വെടിവെപ്പിനെ തുടര്‍ന്ന് യൂത്ത് ലീഗ് പിന്മാറുമെന്ന് പ്രതീക്ഷിച്ച സര്‍ക്കാറിന് തെറ്റി.
കേരളത്തെ ഞെട്ടിച്ച സംഭവം പിറ്റേ ദിവസം സി.എച്ച് നിയമസഭയില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്പീക്കര്‍ എ.പി കുര്യന് അനുമതി നിഷേധിച്ചു. ‘മലപ്പുറത്തിന്റെ മണ്ണില്‍ വെടിയുണ്ടയേറ്റ് പിടഞ്ഞു വീണു മരിച്ചവരുടെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം ഇപ്പോഴും മാറിയിട്ടില്ല സാര്‍. അതെല്ലാം മറന്ന് ഇവിടെ നിയമനിര്‍മ്മാണത്തില്‍ പങ്കെടുക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്’. സി.എച്ച് മുഖ്യമന്ത്രിയോടും സ്പീക്കറോടും രോഷാകുലനായി. ‘എന്റെ സഹോദരങ്ങള്‍ അവിടെ മരിച്ചു വീണു സാര്‍’ എന്ന് പറഞ്ഞുകൊണ്ട് അതീവ ദുഃഖത്തോടെ വിഷയം സഭയില്‍ ഉന്നയിച്ചുകൊണ്ട് സ്പീക്കറുടെ മുമ്പില്‍ ധര്‍ണ്ണക്കായി ചെന്ന യൂത്ത് ലീഗ് സെക്രട്ടറി കൂടിയായിരുന്ന കെ.പി.എ മജീദിനെ വാച്ച് ആന്റ് വാര്‍ഡ് മര്‍ദ്ദിച്ചു. അങ്ങേയറ്റം അവശനായി ബോധരഹിതനായ അദ്ദേഹത്തിന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ സംരക്ഷണമൊരുക്കി. സി.എച്ചിന് പുറമെ സഭയില്‍ കെ. കരുണാകരന്, പി. സീതിഹാജി, ടി.എം ജേക്കബ്, ഇ. അഹമ്മദ്, കെ. കെ ബാലകൃഷ്ണന്, ഡോ. കുട്ടപ്പന് തുടങ്ങിയവരെല്ലാം ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നു.
സര്‍ക്കാര്‍ പ്രതിരോധത്തിലായി. ചില നിബന്ധനകള്‍ ഒഴിവാക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചെങ്കിലും മൂന്ന് നിബന്ധനകളും പൂര്‍ണ്ണമായും പിന്‍വലിക്കുന്നതുവരെ യൂത്ത് ലീഗ് സമരം തുടരുമെന്ന് പ്രഖ്യാപിച്ചു. സെപ്തംബര്‍ 30 ന് യൂത്ത് ലീഗ് രാജ്ഭവന് മാര്‍ച്ച് പ്രഖ്യാപിച്ചതോടെ സര്‍ക്കാറിന് മുട്ടുവിറച്ചു. സെപ്തംബര്‍ 10 നും 19 നും മുസ്ലിംലീഗ്, കെ.എ.ടി.എഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ സര്‍ക്കാറിന് മൂന്ന് ‘കൂച്ചുവിലങ്ങുകളും’ പൊട്ടിച്ചുകളയേണ്ടി വന്നു. മുസ്ലിംലീഗ് നേതാക്കളുടെ ആര്‍ജ്ജവത്തിനും മുസ്ലിം യൂത്ത് ലീഗിന്റെ സമരവീര്യത്തിനും മുന്നില്‍ മാര്‍ക്സിസ്റ്റ് സര്‍ക്കാര്‍ പതറിയ ചരിത്രമാണ് ഭാഷാ സമരം വിളിച്ചുപറയുന്നത്.
-
News3 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala3 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
india3 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News3 days agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
main stories3 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News3 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News3 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
News22 hours agoമത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും

