അബുദാബി: അനധികൃത ടാക്‌സികളുടെ അമിത വേഗത കാല്‍നടക്കാരില്‍ അപകടഭീതി പരത്തുന്നതായി പരാതി. മുസഫ വ്യവസായ നഗരി,ശാബിയ,മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കേറിയ ഭാഗങ്ങളിലാണ് കാല്‍ നടക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും അനധികൃത ടാക്‌സികള്‍ ഭീഷണിയായിമാറുന്നത്. പരസ്പരം മത്സരിച്ചു ഓടുകയും യാത്രക്കാരെ കയറ്റുന്നതിനായി റോഡില്‍ തന്നെ നിറുത്തുകയും ചെയ്യുന്നു. മുസഫയിലെ കാല്‍നടക്കാരും മറ്റു വാഹനങ്ങളുമായി തിരക്കേറിയ ഭാഗങ്ങളില്‍ തികച്ചും അശ്രദ്ധമായാണ് ഇവര്‍ തലങ്ങും വിലങ്ങും പായുന്നത്. സ്ത്രീകളും കുട്ടികളും നടന്നുപോകുന്നതുപോലും ശ്രദ്ധിക്കാതെയുള്ള ഓട്ടം കണ്ടുനില്‍ക്കുന്നവരെപ്പോലും അമ്പരപ്പിക്കുന്നു. ഇത്തരം വാഹനങ്ങളിലെ ഭൂരിഭാഗം ഡ്രൈവര്‍മാരും പാകിസ്ഥാനികളാണ്.
വിവിധവിധത്തില്‍ നിയമം ലംഘിച്ചുകൊണ്ടുള്ള അനധികൃത ടാക്‌സികള്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും രംഗം വിട്ടൊഴിയാന്‍ പലരും ഒരുക്കമല്ല. പരസ്പരമുള്ള സഹകരണവും സഹായങ്ങളും ശക്തമാണെന്നതിനാല്‍ പിഴ അടക്കുന്ന കാര്യത്തില്‍ ഇവര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുന്നില്ല. ഇത് കള്ളടാക്‌സി തുടരുന്നതിന് സഹായകമാകുകയാണ്. ഇവര്‍ക്കെതിരെ പ്രതികരിക്കുന്ന മറ്റുവാഹനമോടിക്കുന്നവരോട് കയര്‍ക്കുന്ന സ്വഭാവക്കാരാണ് പലരും. അതുകൊണ്ടുതന്നെ ഇവരുമായി സംസാരിക്കുവാനോ പ്രതികരിക്കുവാനോ അധികമാരും മുതിരാറില്ല.
അതേസമയം ഇത്തരം ടാക്‌സികളുടെ കാര്യത്തില്‍ പരക്കെ ആക്ഷേപം നിലനി ല്‍ക്കുന്നുണ്ടെങ്കിലും നിരവധിപേരാണ് ഈ സമാന്തര സംവിധാനം പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ ഇതിലെ യാത്രമൂലമുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പല രും ബോധവാന്മാരല്ല എന്നതാണ് വസ്തുത. ചുരുങ്ങിയ നിരക്കില്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തരപ്പെടുമെങ്കിലും ഭിവിഷ്യത്തുകള്‍ വളരെ വലുതാണ്. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെ നിരവധി അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്. അനധികൃത വാഹനമായതിനാല്‍ പരാതിപ്പെടാനും കഴിയാത്ത അവസ്ഥയാണെന്നതിനാല്‍ പലരും നഷ്ടം സഹിക്കുകയാണ് ചെയ്യുന്നത്.
ഇതിനെല്ലാം പുറമെയാണ് അപകടകരമായ വിധത്തിലുള്ള ഇവരുടെ പരക്കം പാച്ചില്‍. റോഡില്‍ യാത്രക്കാരെ കാണുമ്പോള്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിക്കാതെ പെട്ടെന്ന് നിറുത്തുക, ഇരുവശത്തുകൂടിയും കടുന്നുപോകുക, ചെറിയ റോഡുകളില്‍പോലും മുന്നില്‍ പോകുന്ന വാഹനങ്ങളെ മറികടക്കുക തുടങ്ങിയവയെല്ലാം ഇവരുടെ സ്ഥിരം ഏര്‍പ്പാടാണ്. ഇതിന്റെ തിക്തഫലം കാല്‍നടക്കാര്‍ കൂടി അനുഭവിക്കേണ്ടി വരുന്നുവെന്നുള്ളതാണ് കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുന്നത്.