Connect with us

More

അരികിലുണ്ടായിരുന്നു ആ അവസാന രാത്രിവരെ

Published

on

സി.പി സൈതലവി

കോയമ്പത്തൂരിലെ ആസ്പത്രിയിലേക്ക് ഉമ്മയെ കാണാന്‍ പോവുന്നെന്നു പറഞ്ഞാണ് വിളിച്ചുണര്‍ത്തിയത്. കുളിപ്പിച്ചു ഉടുപ്പ് മാറ്റിത്തന്നത് അമ്മായിയാണ്. ബാപ്പ അവിടെയായിരുന്നു; ആസ്പത്രിയില്‍ ഉമ്മയുടെയടുത്ത്. മലപ്പുറത്ത് നിന്നും കോയമ്പത്തൂര്‍ ബസ് പുറപ്പെട്ടത് അതിരാവിലെ. ഇക്കാക്കമാരുണ്ട്. പിന്നെയും ആരൊക്കെയോ? അഹമ്മദാജിയുടെ മടിയിലാണ് ഞാന്‍. ബസിലെ ഡ്രൈവറോട് അഹമ്മദാജി കയര്‍ത്തു. എന്തോ കുരുത്തക്കേട് കാണിച്ചതിന്. മൂന്നു വയസ്സിന്റെ നേര്‍ത്ത ഓര്‍മകളും പിന്നീട് ഇക്കാക്കമാര്‍ പറഞ്ഞുകേട്ടതും ചേര്‍ത്താണ് ഇതെല്ലാം. തിരിച്ചുവരുമ്പോള്‍ ഉമ്മയുമുണ്ടാകും കൂടെ എന്ന് ചെറിയ ഇക്കാക്ക പറഞ്ഞിരുന്നു. പക്ഷേ, ഉമ്മ വന്നില്ല. ഞങ്ങള്‍ തനിച്ചായി മടക്കയാത്രയിലും. ഉമ്മയുടെ മുഖം മനസ്സില്‍ വരാറുണ്ടോ എന്നു ചോദിച്ചാല്‍ അതിനു കൃത്യമായൊരുത്തരമില്ല. ഉമ്മയെന്ന ഓര്‍മ്മയുണ്ട്. പക്ഷേ, മുഖം വ്യക്തമല്ല. ഒരു സ്വപ്‌നത്തിലെ രൂപം മാത്രമേയുള്ളൂ മനസ്സില്‍. ഓര്‍മ്മയുടെ പല കഷ്ണം ചേര്‍ത്തുവെച്ച ചിത്രം.

hyd-5

കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാളും മലയാളിയുടെ മത, സാമൂഹിക, പൊതു ജീവിതമെങ്ങും ശാന്തിയുടെ സ്‌നേഹപ്പൂക്കള്‍ പൊഴിക്കുന്ന നന്മ വൃക്ഷവുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പിന്നിട്ട കാലത്തിന്റെ ഓര്‍മ്മ വരമ്പിലൂടെ സഞ്ചരിക്കുകയാണ്. ഉമ്മയില്ലാത്ത കുരുന്നുബാല്യം, തിരിമുറിയാത്ത പേമാരിയില്‍ കലങ്ങി മറിഞ്ഞൊഴുകുന്ന കടലുണ്ടിപ്പുഴയുടെ കരയില്‍ രോഗിണിയായ ഉമ്മയും പറക്കമുറ്റാത്ത കുഞ്ഞുങ്ങളും ജയിലിലുള്ള ബാപ്പ വരുന്നതും കാത്തിരുന്ന നാളുകള്‍, മശ്‌രിഖും മഗ്‌രിബും കീര്‍ത്തിപെറ്റ മഹാരഥന്മാര്‍ വിരുന്നുകാരായി രാപ്പാര്‍ത്ത കൊടപ്പനക്കലെ കാലം, ബാല്യത്തിലേ തന്നെ ആ മഹാപുരുഷന്മാരൊത്തു സഹവസിക്കാനും അവര്‍ക്കു സേവനം ചെയ്യാനും ലഭിച്ച സൗഭാഗ്യം, അവരില്‍ നിന്നു കണ്ടും കേട്ടുമാര്‍ജ്ജിച്ച ജീവിത പാഠങ്ങള്‍, ഉറ്റവരുടെ വേര്‍പാടുകള്‍, നിഴലും നിലാവും മാറി മറിയുന്ന ജീവിതപ്പാതയിലെ കാഴ്ചകളോരോന്നും വാക്കുകളില്‍ വരിനിന്നു.

2

പൂക്കോയ തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (പഴയകാലചിത്രം)

കേരളത്തിലെ ഏറ്റവും തിരക്കേറിയ പൊതുജീവിതത്തിനുടമയാണ് മുന്നില്‍. മുറ്റത്തും വരാന്തയിലും വീടിന്റെ അകത്തളങ്ങളിലേക്കു പോലും പടര്‍ന്ന് കണ്ണികണ്ണിയായി ഊഴംകാത്ത് നില്‍ക്കുന്ന ആള്‍ക്കൂട്ടങ്ങള്‍. പലതരം വിഷയങ്ങള്‍, വേവലാതികള്‍, രോഗ കാഠിന്യത്തില്‍ ശമനൗഷധം തേടുന്നവര്‍, സങ്കീര്‍ണമായ ജീവിത വ്യവഹാരത്തില്‍ പ്രശ്‌നപരിഹാരവും മാര്‍ഗനിര്‍ദേശങ്ങളും സമാശ്വാസ വചനങ്ങളുമാശിക്കുന്നവര്‍, ആശീര്‍വാദത്തിനായി യാത്ര തിരിച്ചവര്‍, ചര്‍ച്ചകള്‍ക്കും കൂടിക്കാഴ്ചകള്‍ക്കും വന്നവര്‍, അതിനിടെ നടക്കുന്ന തത്സമയ പരിപാടികള്‍, രാജ്യത്തിനകത്തും പുറത്തും ഇടതടവില്ലാത്ത യാത്രകള്‍. എന്നിട്ടും മുഷിപ്പില്ല തെല്ലും. മുഖം കറുത്തൊരു നോട്ടംപോലുമില്ല. ആരുടെ പരാതിയും പരിഹാരമില്ലാതെ പോകുന്നുമില്ല.

pank

ഫയലുകള്‍ കെട്ടിക്കിടക്കാത്ത അതിവേഗ തീര്‍പ്പിന്റെ കോടതിയാണ് പാണക്കാട്. രാപകല്‍ ധാരമുറിയാതെ മത, ജാതി ഭേദം തീണ്ടാതെ ഇത്രയേറെ സാധു മനുഷ്യര്‍ ചുറ്റിലും നിന്ന് ഹൃദയവ്യഥകള്‍ പങ്കുവെക്കുന്ന, അവരുടെ സങ്കടങ്ങളോരോന്നും ഉള്ളിലേറ്റുവാങ്ങി പകരം നല്‍കുന്ന സഹാനുഭൂതിയുടെ സ്‌നേഹത്തലോടലില്‍ മനസ്സുകുളിര്‍ത്ത് മടങ്ങുന്ന ഇടം മലയാളിയുടെ പൊതു ജീവിതത്തില്‍ മറ്റെവിടെയുണ്ട്. കിഴക്കു വെള്ളകീറുമ്പോള്‍ തുടങ്ങി പാതിരാക്കോഴി കൂവുന്നത് വരെ ഉറങ്ങാതെ കാത്തിരിക്കുന്നു ജനങ്ങള്‍ക്കായി ഒരാള്‍ ഇവിടെ. വേനലും മഞ്ഞും മഴയുമായി ഋതുക്കള്‍ മാറുമ്പോഴും കാലചക്രം ഒരേ താപത്തില്‍ കറങ്ങുന്നു പാണക്കാട്ട്. ഇടവേളയുടെ ഒരു സൂചിപ്പഴുതുപോലുമില്ലാത്ത ആ ജീവിതത്തിരക്കിനിടയില്‍ മനസ്സിന്റെ കൂട് ഒരല്‍പം തുറന്നപ്പോള്‍ പാറിവീണത് ഓര്‍മ്മയുടെ പരശ്ശതം വര്‍ണപ്പീലികള്‍. അതു പെറുക്കിയെടുക്കാന്‍ കണ്ണുകളിലിന്നും ശൈശവം സൂക്ഷിക്കുന്ന ആ പഴയ മൂന്നുവയസ്സുകാരന്‍ ഓടി നടന്നു. ബാപ്പയുടെ ഓര്‍മ്മച്ചൂടുപറ്റി അരികില്‍ നിന്നു.

hydarltngl

”ഉമ്മയില്ലാത്ത കുട്ടിക്ക് എല്ലാവരുടെയും ശ്രദ്ധ കൂടുതല്‍ കിട്ടി. ഉറക്കം ബാപ്പയുടെ കൂടെ. ”ആറ്റേ… ആറ്റപ്പൂ” കുട്ടി എവിടെ എന്നു ചോദിച്ചുകൊണ്ട് ആ മെതിയടി ശബ്ദം അടുത്തടുത്തു വരുന്നത് ഉറങ്ങാന്‍ കൂടെകൂട്ടുന്നതിനുള്ള അറിയിപ്പാണ്. പരിപാടികള്‍ക്കോ പള്ളിയിലേക്കോ പോയ ബാപ്പ വരുന്നതുവരെ അമ്മായിയുടെ കൂടെ കിടക്കും. പകല്‍ ചെറിയ ഇക്കാക്ക (സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍) യുടെ വിരലില്‍ തൂങ്ങി നടക്കും. ഇടയ്ക്ക് വികൃതി കാണിച്ചു പിണങ്ങുമെങ്കിലും പിന്നെ തമാശ പറഞ്ഞ് തോളിലേറ്റി എല്ലായിടത്തും കൊണ്ടുപോകും. വലിയ ഇക്കാക്ക (സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍) കോഴിക്കോട് സ്‌കൂളിലും തുടര്‍ന്ന് ദര്‍സിലും മറ്റുമായി എല്ലായ്‌പ്പോഴും ദൂരെയായിരിക്കും. ഇക്കാക്ക അവധിക്കു വീട്ടില്‍ വരുന്ന ദിവസങ്ങള്‍ ആഘോഷമാണ്. പുറത്തു പോകുമ്പോള്‍ തലയെടുപ്പോടെ വലിയ ഇക്കാക്കയുണ്ടാകും മുന്നില്‍ നടക്കാന്‍.
കുട്ടിക്കാലത്തിന്റെ കഥകളേറെയും പറഞ്ഞുതന്നത് മൂന്നു പേരാണ്. അതില്‍ മുന്നില്‍ അമ്മായി മുത്തുബീവി തന്നെ. ബാപ്പയുടെ നേര്‍ അനിയത്തി. അവരായിരുന്നു ഒരര്‍ത്ഥത്തില്‍ ഉമ്മ. ഞങ്ങള്‍ ഏഴു മക്കളെയും ഒരു ഉമ്മയുടെ അധികാരത്തോടെ, ചുമതലാബോധത്തോടെയാണവര്‍ നോക്കി വളര്‍ത്തിയത്. പിന്നെ ഉമ്മയെന്നും ചിലപ്പോള്‍ കട്ടിമ്മയെന്നും ഞാന്‍ വിളിച്ചിരുന്ന കട്ടിപ്പാത്തുമ്മത്താത്ത. ഉമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ജനനം തൊട്ടേ അവരായിരുന്നു എന്നെ പരിപാലിച്ചിരുന്നത്. മറ്റൊരാള്‍ പനങ്ങാട്ടെ അഹമ്മദാജി. പാണക്കാട് അഹമ്മദാജി എന്നറിയപ്പെട്ടു. എന്നും ബാപ്പയുടെ കൂട്ടായിരുന്നു. അതിനു വേണ്ടി രജിസ്‌ട്രേഷന്‍ വകുപ്പിലെ നല്ല ഉദ്യോഗം രാജിവെച്ചു. രാപ്പകല്‍ ബാപ്പക്ക് ഖിദ്മത്ത് ചെയ്തു കൂടെ നടന്നു. കൊടപ്പനക്കലെ ആവശ്യങ്ങള്‍ കഴിഞ്ഞേ സ്വന്തം കുടുംബകാര്യം പോലുമുണ്ടായിരുന്നുള്ളൂ. പാണക്കാട്ടേക്കു വെച്ച കേസുകളില്‍ ഇരു ഭാഗത്തെയും പരാതികള്‍ ശ്രദ്ധയോടെ കേള്‍ക്കുകയും വിശകലനം നടത്തുകയും തൃപ്തികരമായ തീര്‍പ്പുണ്ടാക്കുകയും ചെയ്യുന്നതില്‍ അഹമ്മദാജിക്കു വലിയ പ്രാവീണ്യമായിരുന്നു. ബാപ്പയുടെ ദൈനംദിന കാര്യങ്ങള്‍ തൊട്ട് വിവിധ വീട്ടാവശ്യങ്ങളില്‍, ഞങ്ങള്‍ മക്കളുടെ പോക്കുവരവുകളില്‍ വരെ അഹമ്മദാജിയുടെ ഒരു മേല്‍നോട്ടമുണ്ടായിരുന്നു. ചില കാര്യങ്ങളില്‍ ബാപ്പയുടെ അനുവാദം കിട്ടാനും അഹമ്മദാജി മുഖേനയാവും പലപ്പോഴും ഞങ്ങളുടെ നിവേദനം.”

hydar
ഓര്‍മ്മച്ചിത്രം: ജേഷ്ഠ സഹോദരന്‍മാരായ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍, ഉമറലി ശിഹാബ്തങ്ങള്‍ എന്നിവര്‍ക്കൊപ്പം

ഏറ്റവും കൂടുതല്‍ കാലം ബാപ്പയുടെ ഒപ്പമുറങ്ങിയ കുട്ടിയാണല്ലോ?. ”കുട്ടിയാകുമ്പോള്‍ മാത്രമല്ല; വളരെ മുതിര്‍ന്നിട്ടും അങ്ങനെ തന്നെയായിരുന്നു. ഉമ്മയുടെ രോഗം ഗൗരവമുള്ളതായി. കുഞ്ഞിനെ പരിപാലിക്കാനൊന്നും പറ്റിയ ആരോഗ്യ സ്ഥിതിയിലല്ല. അതുകൊണ്ടായിരിക്കാം ശിശുപ്രായം തൊട്ടേ ബാപ്പയുടെ അരികിലായത്. 1950 കാലത്ത് കോയമ്പത്തൂരിലെ ആസ്പത്രിയില്‍വെച്ചാണ് ഉമ്മയുടെ മരണം. വിദഗ്ധ ചികിത്സക്ക് അവിടെയായിരുന്നു. പരിപാടികള്‍ കുറച്ച് ബാപ്പ കൂടുതല്‍ സമയവും ഉമ്മയുടെ കൂടെയായി. മരിക്കുമ്പോഴും ബാപ്പ അരികത്തുണ്ട്. ഞങ്ങള്‍ ആസ്പത്രിയില്‍ ചെന്നു കണ്ട് കുറച്ചു ദിവസം കഴിഞ്ഞാണ് മരണമെന്നൊക്കെ ചെറിയ ഇക്കാക്ക പറഞ്ഞതോര്‍ക്കുന്നു. പക്ഷേ, ഉമ്മ മരിച്ചതോ അന്നത്തെ മറ്റുകാര്യങ്ങളോ ഒന്നും മനസ്സില്‍ വരുന്നില്ല. അതു മനസ്സിലാകുന്ന പ്രായവുമല്ല. ഉമ്മയുള്ളപ്പോഴും വയ്യാത്തത് കൊണ്ട് അമ്മായി തന്നെയാണ് കുളിപ്പിക്കലും ഭക്ഷണം തരലുമൊക്കെ. വിരുന്നു പോകുന്നതും അമ്മായിയോടൊപ്പം. ഉമ്മ മരിച്ച ശേഷം എപ്പോഴും ബാപ്പ കൂടെകൂട്ടി. രാത്രിയുറക്കം ബാപ്പയുടെ കൂടെത്തന്നെ. എളേമ്മയെ (കോഴിക്കോട് പഴയമാളിയേക്കല്‍ ഖദീജ ഇമ്പിച്ചി ബീവി) വിവാഹം കഴിച്ചുകൊണ്ടുവന്നതോര്‍മ്മയുണ്ട്. പിന്നെ എളേമ്മയായി ഉമ്മ. കുറെ വര്‍ഷം കഴിഞ്ഞാണ് ഇളയ സഹോദരന്മാരായ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ജനിക്കുന്നത്.

2

ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സഊദി ഭരണാധികാരി അബ്ദുല്ലാ രാജാവുമായി സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍. സമീപം രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍കലാം (ഫയല്‍ചിത്രം)

വളരെ മുതിര്‍ന്നിട്ടും ബാപ്പയുടെ അരികുപറ്റിതന്നെ ഉറങ്ങുന്നതായിരുന്നു പതിവ്. എന്നാലേ ഉറക്കം ശരിയാവൂ. അതൊരു ശീലമായിക്കഴിഞ്ഞിരുന്നു. കോഴിക്കോട് എം.എം. ഹൈസ്‌കൂളില്‍ ആറാം തരത്തില്‍ ചേരുന്നത് വരെ കിടത്തം സ്ഥിരമായി ബാപ്പയോടൊപ്പം തന്നെ. ഉയര്‍ന്ന ക്ലാസുകളിലെത്തി അവധിക്ക് വരുമ്പോഴും അത് തുടര്‍ന്നു. പില്‍ക്കാലത്ത് ബാപ്പ പരിപാടികള്‍ കഴിഞ്ഞ് രാവേറെച്ചെന്ന് വീട്ടിലെത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കാറുള്ളതും ഞാന്‍ തന്നെയായി. ബാപ്പ മരിക്കും വരെ ആ ചുമതല നിറവേറ്റിപ്പോന്നു. ബാപ്പക്ക് രോഗം ബാധിച്ചത് അറിഞ്ഞത് പെട്ടെന്നാണ്. 1975 ഏപ്രില്‍ മാസം ബാംഗ്ലൂരില്‍ ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബിന്റെ മകളുടെ കല്യാണത്തിന് പോകുമ്പോഴാണ് അഹമ്മദാജിയോട് തനിക്ക് വേണ്ടത്ര സുഖമില്ലെന്ന സൂചന കൊടുത്തത്. കല്യാണ വീട്ടില്‍വെച്ച് സി.എച്ചിനെയും ചാക്കീരിയെയും കണ്ട് അഹമ്മദാജി വിവരം
പറഞ്ഞു. അടിയന്തര ചികിത്സ വേണമെന്ന് അവരും നിര്‍ബന്ധിച്ചു. നാട്ടിലെത്തിയിട്ട് മതി എന്നായി ബാപ്പ. അങ്ങനെയാണ് കോഴിക്കോട് നിര്‍മല ആസ്പത്രിയിലാക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞ് ബോംബെയിലെ ടാറ്റാ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുപോയി. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കീരി അഹമ്മദ് കുട്ടി സാഹിബും എം.എല്‍.എ എം.പി.എം. അബ്ദുല്ലക്കുട്ടി കുരിക്കളും അഹമ്മദാജിയും ഞാനുമായിരുന്നു കൂടെ. ബാപ്പ ആസ്പത്രിയിലുള്ളതറിഞ്ഞ് ബോംബെ മലയാളികള്‍ കൂട്ടത്തോടെ എത്താന്‍ തുടങ്ങി. ആസ്പത്രിക്കാര്‍ക്കു ജനങ്ങളെ നിയന്ത്രിക്കാന്‍ പറ്റാത്ത സ്ഥിതിവന്നു. ചാക്കീരിയും അഹമ്മദാജിയുമൊക്കെ ജനങ്ങളെ ആശ്വസിപ്പിച്ചു പറഞ്ഞുവിടുകയായിരുന്നു. ഇടയ്ക്ക് എന്നോടും പുറത്തുപോയി ആളുകളെ സമാധാനിപ്പിക്കാന്‍ പറയും. മഹാരാഷ്ട്ര പി.സി.സി പ്രസിഡന്റ് ഡോ. ജെസ്സി വാലയും മറ്റും ദിവസവും ആസ്പത്രിയില്‍ വരും. അഞ്ച് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് പോന്നു. 1975 ജൂലൈ ആറിന് രാത്രി എട്ടേകാലടുത്ത് ബാപ്പ മരണപ്പെട്ടു. ബാപ്പ മരിക്കുന്ന സമയത്ത് അനുജന്‍ സാദിഖ് (സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍) ആറാം തരത്തിലാണ്. ഏറ്റവും ഇളയ അനിയ (സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍) നു അഞ്ച് വയസ്സും. ഓര്‍മ്മവെക്കുന്നതിനു മുമ്പ് കൈക്കുഞ്ഞാവുമ്പോള്‍ തുടങ്ങിയതായി എല്ലാവരും പറയാറുള്ള ബാപ്പയുടെ അരികിലുള്ള കിടത്തം അങ്ങനെ ആ അവസാന രാത്രിവരെ നീണ്ടു.

പിതാവ് ജയിലില്‍ പോകുമ്പോള്‍ ഹൈദരലി ശിഹാബ്തങ്ങള്‍ക്ക് പ്രായം ഒരു വയസ്സ്. ഉമ്മയുടെ രോഗം കലശലായി വരുന്ന സമയം. നല്ല മഴക്കാലം. കടലുണ്ടി പുഴ നിറഞ്ഞു കലങ്ങി ഒഴുകുകയാണ്. സുബ്ഹിയുടെ നേരത്താണ് പൊലീസ് വണ്ടി വന്നത്. നിസ്‌കരിച്ചിട്ടുവരാമെന്ന് തങ്ങള്‍ പൊലീസുകാരോട് പറഞ്ഞു. അവര്‍ക്ക് ചായകൊടുക്കാനേല്‍പ്പിച്ചു. മക്കളുണരും മുമ്പേയാണ് ബാപ്പയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. നേരെ മലപ്പുറം പൊലീസ് സ്റ്റേഷനില്‍. പിന്നെ മഞ്ചേരി ജയിലിലും അവിടെ നിന്ന് കോഴിക്കോട് ജയിലിലും. 1948-ലെ ഹൈദരാബാദ് ആക്ഷന്റെ പേരിലായിരുന്നു അറസ്റ്റ്. മുസ്്‌ലിം ലീഗില്‍ പ്രവര്‍ത്തിച്ചതാണ് കുറ്റം. രാജിവെക്കണം അല്ലെങ്കില്‍ കമ്മിറ്റി പിരിച്ചുവിടണം എന്നായിരുന്നു ഗവണ്‍മെന്റിന്റെ ആവശ്യം. എന്നാലും അറസ്റ്റുണ്ടാകുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നും ബാപ്പ കരുതിയിരുന്നില്ല. അറസ്റ്റ് ചെയ്തു മലപ്പുറം പൊലീസ് സ്റ്റേഷനില്‍ കൊണ്ടു ചെന്നപ്പോഴും പൊലീസ് ഓഫീസര്‍മാര്‍ കമ്മിറ്റി പിരിച്ചു വിടണമെന്ന ആവശ്യം ആവര്‍ത്തിച്ചു. ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരുമെന്നും. പിരിച്ചുവിടാനുള്ള അധികാരമൊന്നും തനിക്കില്ലെന്നു ബാപ്പ പറഞ്ഞു. എന്നാല്‍ രാജിവെക്കണമെന്നായി പോലീസ്. അതിനും ഒരുക്കമല്ലെന്നും നിങ്ങള്‍ തീരുമാനിച്ചത് പോലെ ചെയ്‌തോളു എന്നും മറുപടി കൊടുത്തു. ജയിലിലായതറിഞ്ഞ് ഉമ്മയും സഹോദരങ്ങളും പേടിച്ചു. വലിയ ഇക്കാക്ക തന്നെ അന്ന് ആറാം തരത്തിലേക്കെത്തിയിട്ടുള്ളു. അതിനു താഴെ ഖദീജ ബീക്കുഞ്ഞി ബീവി, മുല്ല ബീവി എന്നീ സഹോദരിമാരുള്‍പ്പടെ ഞങ്ങള്‍ നാലുപേര്‍. എല്ലാവരും ചെറിയ കുട്ടികള്‍. നാട്ടില്‍ കറന്റും വെളിച്ചവുമൊന്നുമെത്തിയിട്ടില്ല അന്ന്. പാണക്കാട്ട് ഇത്ര ജനവാസമില്ല. മുസ്‌ലിംലീഗിന്റെ പല നേതാക്കളെയും പ്രവര്‍ത്തകരെയും അന്ന് ബാപ്പയോടൊപ്പം ജയിലിലടച്ചിരിക്കുന്നു. പ്രസിദ്ധനായ എന്‍.വി. അബ്ദുസ്സലാം മൗലവിയൊക്കെ അറസ്റ്റ് ചെയ്യപ്പെട്ട കൂട്ടത്തിലുണ്ട്. എന്നു ജയില്‍ വിടുമെന്നുപോലും ആര്‍ക്കും അറിയില്ലായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞാണ് ബാപ്പയും കൂട്ടരും ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. അതിനു ശേഷവും രാഷ്ട്രീയ കാരണത്താല്‍ വേറെയും ചില കേസുകളില്‍ ബാപ്പയെ കുടുക്കാന്‍ നോക്കിയിട്ടുണ്ട്. ബാപ്പയുടെ ഉപ്പാപ്പ പാണക്കാട് സയ്യിദ് ഹുസൈന്‍ ആറ്റക്കോയ തങ്ങളെ സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ ബ്രിട്ടീഷുകാര്‍ ഇങ്ങനെ അറസ്റ്റ് ചെയ്ത് നാടുകടത്തിയതാണ്. ആ ശിക്ഷാ കാലത്താണ് പരദേശത്ത് കിടന്ന് ഉപ്പാപ്പ മരണപ്പെട്ടത്. അറസ്റ്റും ജയിലുമൊക്കെ അന്നേയുണ്ട്. ഒരു നല്ല കാര്യത്തിന് മുന്നിട്ടിറങ്ങിയാല്‍, നാടിന്റെ ആവശ്യത്തിന് ഒപ്പം നില്‍ക്കുമ്പോള്‍ അങ്ങനെയൊക്കെയുണ്ടാവും. അതിലൊന്നും പേടിക്കരുതെന്നും അതിന്റെ പേരില്‍ പിന്മാറരുതെന്നും ബാപ്പ പറയും. പൊതു പ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍ പലതും സഹിക്കേണ്ടിവരും. അങ്ങനെ പലതും ത്യജിച്ചവരാണ് പൂര്‍വിക നേതാക്കളും പ്രവര്‍ത്തകരും. ഇന്ന് മുസ്്‌ലിം ലീഗും സമുദായവും നേടിയ ഈ ശക്തിയൊക്കെ ആ കാലഘട്ടത്തിന്റെ ത്യാഗം കൊണ്ടുണ്ടായതാണ്. അത് മറക്കാന്‍ പാടില്ല.

പാണക്കാട് ഡി.എം.ആര്‍ എല്‍.പി സ്‌കൂളിലായിരുന്നു അഞ്ചാം തരം വരെ. ആറു മുതല്‍ എസ്.എസ്.എല്‍.സി (1965) വരെ കോഴിക്കോട് മദ്രസത്തുല്‍ മുഹമ്മദിയ്യ ഹൈസ്‌കൂളില്‍. പി.വി മുഹമ്മദ് മാസ്റ്ററും ശേഷനാരായണ അയ്യരുമായിരുന്നു ഹെഡ്മാസ്റ്റര്‍മാര്‍. താമസം കുറ്റിച്ചിറയില്‍ കെ.വി ഇമ്പിച്ചിക്കോയ തങ്ങളുടെ (അമ്മായിയുടെ ഭര്‍തൃഗൃഹം) വീട്ടില്‍. എം.എം ഹൈസ്‌കൂളില്‍ തന്നെയായിരുന്നു ജ്യേഷ്ഠന്മാരും പഠിച്ചത്. ഞാന്‍ ആറില്‍ ചേര്‍ന്ന കൊല്ലം ചെറിയ ജ്യേഷ്ഠന്‍ എസ്.എസ്.എല്‍.സിക്കാണ്. ആ ഒരു വര്‍ഷം ഞങ്ങള്‍ ഒരുമിച്ചു താമസിച്ചു. പഠനത്തിനായി വീടുവിട്ടുള്ള ആദ്യത്തെ ചേര്‍ന്നുതാമസം.

കോഴിക്കോട്ടെ പഠന കാലം ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടാക്കി. ഗ്രാമീണ വിദ്യാര്‍ത്ഥിയുടെ സ്വതസിദ്ധമയ സൗമ്യതയെല്ലാം മാറ്റിവെച്ച് കളിക്കളത്തില്‍ പന്തിനു പിറകെ കുതിക്കുന്ന സയ്യിദ് ഹൈദരലി ശിഹാബ് എന്ന സഹപാഠിയെ പറ്റിപറഞ്ഞു; എം.എം. ഹൈസ്‌കൂളിലെ പഴയ കൂട്ടുകാരന്‍ ചന്ദ്രിക പത്രാധിപ സമിതിയംഗമായിരുന്ന പി.സി അബ്ദുല്‍ ലത്തീഫ്. സ്‌കൂള്‍ ടീമിലെ പ്രതിരോധ നിരയുടെ കരുത്തായിരുന്നു ഈ സ്‌റ്റോപ്പര്‍ബാക്ക് എന്ന്. അധികം വര്‍ത്തമാനമില്ല. ഒരു ചെറു ചിരിയില്‍ പലതിനും ഉത്തരം. എന്നാലും ഗ്രൗണ്ടിലിറങ്ങിയാല്‍ നല്ല ചൂടാണ്.
അക്കാലത്ത് പാട്ടുമത്സരങ്ങളിലും മറ്റും പങ്കെടുത്തു സമ്മാനങ്ങള്‍ നേടാനും അവസരമുണ്ടായി. മുഹമ്മദ് റാഫിയും എ.വി മുഹമ്മദുമാണ് ഇഷ്ടപ്പെട്ട പാട്ടുകാര്‍. എ.വി ബാപ്പയെക്കുറിച്ചു പാടിയ മഹാശയ പൊന്‍ നിലാവ്… എന്ന പാട്ട് വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്നതാണ്. കൊടപ്പനക്കലെ തൊടിയിലും മുറ്റത്തും കൂട്ടുകാരുമായി പച്ചക്കൊടിപിടിച്ചു ജാഥ നടത്തിയിരുന്ന കുട്ടിക്കാലത്തില്‍ നിന്ന് വലിയ നേതാക്കളുടെ പ്രസംഗം കേള്‍ക്കാന്‍ പോവുന്ന ശീലങ്ങളിലേക്ക് ആ സ്‌കൂള്‍ കാലം മാറി. ഖാഇദേമില്ലത്ത് പങ്കെടുത്ത ഒരു സമ്മേളനം ആയിടെ കോഴിക്കോട് കടപ്പുറത്ത് നടന്നു. സമ്മേളനത്തിന് കൂട്ടുകാരുമൊത്ത് പോയി. ഖാഇദേമില്ലത്തിന് എല്ലാവരും നല്‍കുന്ന ബഹുമാനം വളരെ വലുതായിരുന്നു. ശരിക്കും വാക്കിലും നോക്കിലുമെല്ലാം ഒരു ഇന്ത്യന്‍ നേതാവായിരുന്നു അദ്ദേഹം. സി.എച്ച്. കോഴിക്കോട് നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചതും അക്കാലത്താണ്. ആദ്യം പങ്കെടുത്ത സമ്മേളനത്തിന്റെ ഓര്‍മ്മ മലപ്പുറം തന്നെ. ബാപ്പയാണ് കൊണ്ടുപോയത്. കോട്ടപ്പടിയില്‍ മൈതാനിക്കരികിലെ ഒരു തുണിക്കടയിലിരുത്തി ബാപ്പ വേദിയിലേക്ക് കയറി. കെ.സി അബൂബക്കര്‍ മൗലവിയുടെ പ്രസംഗം അന്നാണാദ്യം കേള്‍ക്കുന്നത്. ഖാഇദേമില്ലത്തുണ്ടായിരുന്നു. ബാഫഖി തങ്ങള്‍ അന്ന് സി.എച്ചിനെപ്പറ്റി പറഞ്ഞു: അവസാനത്തെ അമിട്ട് പൊട്ടാനുണ്ടെന്ന്. അപ്പോള്‍ തന്നെ വലിയ കയ്യടിയായിരുന്നു. സി.എച്ചിന്റെയും കെ.സിയുടെയും പ്രസംഗങ്ങളായിരുന്നു അക്കാലത്തെ വലിയ ആകര്‍ഷണം. സി.എച്ചിന്റെ പ്രസംഗം പോലെ പിന്നൊന്നു കേട്ടിട്ടില്ല.

മന്ത്രി ബാപ്പു കുരിക്കള്‍ പച്ച യൂണിഫോമിട്ട് ഒരു വളണ്ടിയറെപ്പോലെ നിന്നാണ് 1968-ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനത്തില്‍ മലപ്പുറം ജില്ല എന്ന ആവശ്യം പ്രഖ്യാപിക്കുന്നത്. ഖാഇദേമില്ലത്തിനെയും സീതിസാഹിബിനെയും ബാഫഖി തങ്ങളെയും ആദ്യം കാണുന്നത് കൊടപ്പനക്കല്‍ വെച്ചാണ്. കാഴ്ചയില്‍ തന്നെ വലിയ ഗാംഭീര്യമുള്ള വ്യക്തിയായിരുന്നു ബാഫഖി തങ്ങള്‍. ആരും നോക്കിപ്പോവും. ആ വേഷം തന്നെ ശ്രദ്ധിക്കപ്പെടും. മുഖത്തെപ്പോഴും പുഞ്ചിരിയുണ്ടാവും. റോഡില്‍ കാര്‍ നിര്‍ത്തി പടിപ്പുര കടന്നുവരും. അപ്പോഴേക്കും ബാപ്പ സ്വീകരിക്കാന്‍ അങ്ങോട്ട് ചെല്ലും. ബാഫഖി തങ്ങള്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഞങ്ങള്‍ കുട്ടികള്‍ തൊടിയിലൂടെ നടന്ന് ചെറിയ പിടിക്കോഴിയെ ആട്ടിപ്പിടിക്കും. സൂപ്പുണ്ടാക്കാനാണ്. അതാണ്് അദ്ദേഹത്തിനിഷ്ടം. ആദ്യമൊക്കെ അടുത്തു ചെല്ലാന്‍ ഒരു പേടിയായിരുന്നു. എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയുള്ള ആശങ്ക. ബാഫഖി തങ്ങള്‍ പലപ്പോഴും കൊടപ്പനക്കല്‍ താമസിക്കും. അദ്ദേഹത്തിന്റെ പുത്രി ശരീഫ ഫാത്തിമബീവിയെ വലിയ ഇക്കാക്ക വിവാഹം കഴിച്ചതോടെ ആ ബന്ധം കൂടുതല്‍ ദൃഢമായി. ഈജിപ്തിലെ പഠനം കഴിഞ്ഞുവന്ന ശേഷമായിരുന്നു കല്യാണം. 1966-ല്‍. അഞ്ചു ദിവസം നീണ്ടുനിന്ന വിവാഹാഘോഷമായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റാണ് അന്ന് സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. അദ്ദേഹത്തിന്റെ വേര്‍പാടിനെ തുടര്‍ന്ന് ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഈ രണ്ട് വ്യക്തിത്വങ്ങളെയും ബന്ധിപ്പിക്കുന്ന കണ്ണികൂടിയായ ഇക്കാക്ക സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രസിഡന്റായി. പദവി ഏറ്റെടുക്കാന്‍ മടിച്ചുനിന്ന ഇക്കാക്കയെ സി.എച്ചും ബി.വി അബ്ദുല്ലക്കോയ സാഹിബും ചാക്കീരിയുമാണ് നിര്‍ബന്ധിച്ചത്. പരസ്പര ബഹുമാനമായിരുന്നു ബാഫഖി തങ്ങളും ബാപ്പയും തമ്മിലുണ്ടായിരുന്നത്. എല്ലാ കാര്യവും തമ്മില്‍ കൂടിയാലോചിക്കും.

കുറുവ പഴമള്ളൂരിലെ കെ.വി സയ്യിദ് കുഞ്ഞിസീതിക്കോയതങ്ങളാണ് ഉമ്മ ചെറുകുഞ്ഞി ബീവിയുടെ പിതാവ്. ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സിലേക്ക് ഇടക്കിടെ കടന്നുവന്നിരുന്ന മറ്റൊരു ഘട്ടമാണ് ദര്‍സ് പഠന കാലം. തിരുന്നാവായ കോന്നല്ലൂര്‍ ജുമാമസ്ജിദിലായിരുന്നു രണ്ട് വര്‍ഷത്തോളം ദര്‍സ്. കെ.കെ കുഞ്ഞാലന്‍ കുട്ടി മുസ്്‌ല്യാരായിരുന്നു ഉസ്താദ്. ചെലവ്കുടി (ദര്‍സ്‌വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി ഭക്ഷണത്തിനുപോകുന്ന വീട്) യിലെ ഉമ്മയില്‍ നിന്നു കിട്ടിയിരുന്ന വാത്സല്യം, ശരിക്കും കാണാന്‍ പറ്റാതെ പോയ ഉമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളുണര്‍ത്തും. കായല്‍മഠത്തില്‍ പാറളാത്ത് വീട്ടിലായിരുന്നു തനിക്ക് ചെലവ്. ചിലപ്പോള്‍ ഭക്ഷണം പള്ളിയിലേക്കെത്തിച്ചുതരും. എല്ലാവരും ഒരേപോലെ കഴിയേണ്ട ഒരു സ്ഥലത്ത് മറ്റുള്ളവര്‍ക്കില്ലാത്ത പ്രത്യേക പരിഗണന സ്വീകരിക്കുന്നതൊന്നും ബാപ്പാക്ക് ഇഷ്ടമില്ലായിരുന്നു. അതുകൊണ്ട് തന്നെ അധികവും ഭക്ഷണത്തിന് അങ്ങോട്ട് പോവും. മഹല്ലിലെ പല വീടുകളില്‍ നിന്നും വൈകുന്നേരം പലഹാരങ്ങളുണ്ടാക്കി കൊണ്ടുവന്നു തരും. ജനങ്ങള്‍ക്ക് ബാപ്പയോടുള്ള സ്‌നേഹബഹുമാനങ്ങളുടെ പേരിലാണത്. അതെല്ലാം കൂട്ടുകാരുമായി പങ്കുവെക്കും. കോന്നല്ലൂരില്‍ നിന്ന് മൂന്നു കിലോമീറ്ററെങ്കിലും ദൂരെയാണ്കൂടശ്ശേരിപ്പാറ. അവിടെയുള്ള മങ്ങാടന്‍ അലവി എന്ന ഒരു സാധാരണക്കാരന്‍ ചായക്കടയില്‍ നിന്ന് പുട്ടും പഴവും വാങ്ങി പൊതിഞ്ഞുകെട്ടികൊണ്ടുവരും. മിക്ക ദിവസവും അത്രയും ദൂരം നടന്നുവന്ന് തരുന്ന ആ ഭക്ഷണം മുഴുവന്‍ കഴിപ്പിച്ചേ മടങ്ങൂ. പിന്നീട് പൊന്നാനി മഊനത്തുല്‍ ഇസ്്‌ലാം സഭയുടെ അറബിക് കോളജില്‍ ചേര്‍ന്നു. കെ.കെ അബ്ദുല്ല മുസ്്‌ല്യാരായിരുന്നു പ്രധാന ഉസ്താദ്. ആ കാലത്ത് വല്ലപ്പോഴും ഓടുന്ന ബസ്സുകളായിരുന്നു യാത്രയ്ക്ക് ആശ്രയം. അതില്‍ ചാക്കും കൊട്ടയും സാധനങ്ങളും ചെണ്ടക്കാരും വഴിവാണിഭക്കാരുടെ വലിയകെട്ടുകളുമെല്ലാമുണ്ടാകും. മിക്കപ്പോഴും തൂങ്ങിപ്പിടിച്ചാവും യാത്ര.

പൊന്നാനിയില്‍ നിന്നാണ് പട്ടിക്കാട് ജാമിഅ നൂരിയ്യയിയില്‍ ഫൈസി ബിരുദത്തിന് ചേരാന്‍ പോയത്. കുമരംപുത്തൂര്‍ മുഹമ്മദ് മുസ്്‌ല്യാരായിരുന്നു ഇന്റര്‍വ്യൂ നടത്തിയത്. ചോദ്യത്തിന് ഉത്തരം പറയുകയല്ലാതെ അവിടെ പ്രത്യേക ശുപാര്‍ശയൊന്നുമില്ല. ഇന്റര്‍വ്യൂ കഴിഞ്ഞാണ് ആരാണെന്നൊക്കെ വ്യക്തമായി ചോദിച്ചറിയുന്നത്. ജാമിഅയില്‍ ചേരുമ്പോള്‍ അവിടെയും ജീവിതത്തിലെന്നും വഴികാട്ടിയായിരുന്ന ചെറിയ ഇക്കാക്ക അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായി ഉണ്ടായിരുന്നു. ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കുമരംപുത്തൂര്‍ ഉസ്താദ് തുടങ്ങിയവര്‍ ഗുരുനാഥന്മാര്‍. ജാമിഅ:യുടെ പ്രസിഡന്ററ് ബാഫഖി തങ്ങളും സെക്രട്ടറി ബാപ്പയുമായിരുന്നു. അവര്‍ ഇടയ്ക്കിടെ കോളജ് സന്ദര്‍ശിക്കും. കണ്ണിയത്ത് ഉസ്താദും കോളജില്‍ വരും. ഉസ്താദുമാരുടെ ഉസ്താദായിരുന്ന ആ മഹദ് വ്യക്തിയുമായി പില്‍ക്കാലത്ത് വളരെ അടുക്കാന്‍ കഴിഞ്ഞു. ജാമിഅ:യില്‍ പഠിക്കുമ്പോഴാണ് 1973-ല്‍ സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ രൂപീകരിക്കുന്നതും അതിന്റെ പ്രഥമ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതും. ബാഫഖി തങ്ങളുടെ വേര്‍പാട് സംഭവിക്കുന്നതും ജാമിഅ: പഠന കാലത്താണ്. 1973 ജനുവരി 19-ന്. തന്റെ ആദ്യ ലേഖനം അച്ചടിച്ചു വരുന്നതും ബാഫഖി തങ്ങളെക്കുറിച്ചാണ്. ചന്ദ്രിക പ്രസിദ്ധീകരിച്ച ബാഫഖി തങ്ങള്‍ സ്മരണികയില്‍. അതിലെ അവസാന വരികള്‍ ഇങ്ങനെയാണ്. ”ചെറുപ്പത്തില്‍ ഞാനും എന്റെ കളിത്തോഴന്മാരും ഒന്നിച്ച് പച്ചക്കൊടിയും പിടിച്ച് ‘ബാഫഖി തങ്ങള്‍ സിന്ദാബാദ്’ എന്ന് വിളിച്ചു പറഞ്ഞ് നടക്കല്‍ ഒരു വിനോദമാക്കിയിരുന്നു. അതുകൊണ്ടായിരിക്കാം ആ മരണ ദു:ഖം എന്നില്‍ നിന്നും വിട്ടുമായാതെ നിലകൊള്ളുന്നത്്.”

ബാപ്പയുടെ പകരക്കാരനായി ആദ്യമായൊരു പരിപാടിക്ക് പോകുന്നത് ബാഫഖി തങ്ങളോടൊപ്പമായിരുന്നു. വയനാട്ടില്‍ കക്കോടന്‍ മമ്മുഹാജിയുടെ വീട്ടില്‍ ഒരു നിക്കാഹിന്. വയനാട് ചുരം കയറിയുള്ള ആദ്യയാത്ര. ബാഫഖി തങ്ങളുടെ കയ്യില്‍ ഒരു ചെറിയ ടേപ്പ്‌റിക്കാര്‍ഡറുമുണ്ട്. കാര്‍ ചുരം കയറുമ്പോള്‍ അത് ചെവിയോടടുപ്പിച്ച് കേള്‍ക്കുന്നു. പിന്നീട് പത്രം വായിച്ചു കൊടുക്കാന്‍ പറഞ്ഞു. ശബ്ദം കുറവായപ്പോള്‍ ഉറക്കെ വായിക്കാന്‍ പറഞ്ഞു. ശൈഖ് ഹസന്‍ഹസ്രത്തെല്ലാം ആ ചടങ്ങിനുണ്ടായിരുന്നു. അന്ന് ബാഫഖി തങ്ങളോടൊപ്പം അവിടെ താമസിച്ചു. കുറെ കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതന്നു. ഖാഇദെമില്ലത്തും ബാഫഖിതങ്ങളും സി.എച്ചും ബാപ്പു കുരിക്കളും ഹസ്സന്‍ ഗനിയുമെല്ലാം കൊടപ്പനക്കല്‍ താമസിക്കുമായിരുന്നു. അവര്‍ക്കെല്ലാം ആവശ്യമായ സേവനം ചെയ്ത് കൊടുക്കാന്‍ കഴിഞ്ഞത് അഭിമാനമായി തോന്നുന്നു. സി.എച്ചിന്റെ സംസാര ശൈലി തന്നെ ഒരു പ്രസംഗം പോലെയാണ്. നല്ല ഭാഷയിലായിരിക്കും. ബാപ്പയും സി.എച്ചും തമ്മിലുണ്ടായിരുന്നത് ജ്യേഷ്ഠാനുജന്മാരെപ്പോലുള്ള ബന്ധമായിരുന്നു.

ബാപ്പക്ക് കൗതുക വസ്തുക്കളോട് വലിയ കമ്പമായിരുന്നു. നീരാവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ഫാന്‍, സ്വയം കത്തുന്ന വിളക്ക് എന്നിവയെല്ലാം കൊടപ്പനക്കല്‍ ഉണ്ടായിരുന്നു. അലാവുദ്ദീന്‍ എന്നായിരുന്നു ആ വിളക്കിനു പേര്. പതിനാലാംനമ്പര്‍ പാനീസ് വിളക്കായിരുന്നു അന്ന് വീട്ടില്‍ വെളിച്ചത്തിനുള്ളത്. കൂടുതല്‍ ആളുള്ളപ്പോള്‍ പെട്രോമാക്‌സ് കത്തിക്കും. വൈദ്യുതിയില്ല. അച്യുതമേനോന്‍ ഗവണ്‍മെന്റിന്റെ കാലം. ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ളവര്‍ ലൈന്‍ വലിക്കാനുള്ള പരിപാടിയുമായി വന്നപ്പോഴാണ് ബാപ്പ കാണുന്നത്. ഈ വീട്ടിലേക്ക് മാത്രമാണോ കറന്റ് എന്ന് ചോദിച്ചു. അതെ എന്നായിരുന്നു മറുപടി. നാട്ടിലെല്ലാവര്‍ക്കും കിട്ടുന്ന കാലത്ത് മതി ഇവിടെയും. സര്‍ക്കാര്‍ കാര്യത്തില്‍ പക്ഷപാതം വേണ്ടെന്നു പറഞ്ഞു തിരിച്ചയച്ചു. കാറിലും കാളവണ്ടിയിലും മഞ്ചലിലും ബസ്സിലും നടന്നുമെല്ലാം ബാപ്പ പരിപാടിക്ക് പോവാറുണ്ടായിരുന്നു. ഏതു ദുര്‍ഘടമായ സ്ഥലത്തും ആരു ക്ഷണിച്ചാലും ചെല്ലും.

പൂക്കോയ തങ്ങള്‍ കൊടപ്പനക്കല്‍ ഒരുക്കിയ അവസാനത്തെ ചടങ്ങ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിവാഹമായിരുന്നു. കുഞ്ഞായിരുന്ന നാള്‍ മുതല്‍ മുതിര്‍ന്ന ആളായിട്ടും ബാപ്പയുടെ ചൂടുപറ്റിക്കിടന്ന പ്രിയ പുത്രന്റെ വിവാഹ പന്തലൊരുക്കിയതാണ് പൂക്കോയ തങ്ങള്‍ സ്‌നേഹ ജനങ്ങള്‍ക്ക് നല്‍കിയ അവസാനത്തെ പൊതുസല്‍ക്കാരം. മദ്രാസിലെ സാമൂഹിക പ്രവര്‍ത്തകനും വ്യാപാര പ്രമുഖനും മദ്രാസ് മലബാര്‍ മുസ്്‌ലിം അസോസിയേഷന്‍ സാരഥികളിലൊരാളുമായിരുന്ന കെ.പി സയ്യിദ് അബ്ദുല്ലക്കോയ ബാഫഖിയുടെ പുത്രി ശരീഫ സുഹറബീയുമായുള്ള വിവാഹം. 1975-ലായിരുന്നു. മദ്രാസില്‍ പഠിച്ച ശരീഫ സുഹറബീ ചെന്നൈ ബ്രോഡ്‌വെ ഗവണ്‍മെന്റ് ഉര്‍ദു ഹയര്‍ സെക്കണ്ടറിയില്‍ വിദ്യാര്‍ത്ഥിനിയാണന്ന്. സയ്യിദ് നഈം അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍, ശരീഫ സാജിദാബി, ശരീഫ സാഹിദാബി എന്നിവര്‍ മക്കള്‍.
1990-ല്‍ മുസ്്‌ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും സഹോദരന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വേര്‍പാടിനെ തുടര്‍ന്ന് 2009-ല്‍ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റുമായതോടെ ഒരു ജനതയുടെ ആശയാഭിലാഷങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തിയുടെ ചുമതലാഭാരത്തിലേക്ക് ആ ദിനസരികള്‍ മാറി. 2008-ല്‍ സഹോദരന്‍ സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ശേഷം സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റുമായി. ചന്ദ്രിക മാനേജിങ് ഡയറക്ടര്‍, ജാമിഅ: നൂരിയ്യ: പ്രസിഡന്റ് തുടങ്ങി അനേകം പദവികളിലൂടെ ജീവിതം തിരക്കേറിയതായി. പഴയ ഓര്‍മ്മകളെ താലോലിക്കാന്‍ പോലും ഒരു വിശ്രമവേളയില്ലാത്ത വിധം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്ര. അതിനിടയിലും ഏതായിരുന്നു ആദ്യത്തെ പൊതുപ്രസംഗമെന്ന് ഓര്‍ത്തെടുത്തു: കോന്നല്ലൂര്‍ ദര്‍സില്‍ പഠിക്കുമ്പോള്‍ അച്ചിപ്ര ജാറത്തിങ്കലെ പരിപാടിയില്‍ പ്രസംഗിച്ചത്. ആദ്യമായി ഖാസി സ്ഥാനം ഏറ്റെടുത്തത് വാക്കാലൂര്‍ മഹല്ലില്‍. സംഘടനാ ഭാരവാഹിത്വത്തില്‍ ആദ്യത്തേത് ജാമിഅ: നൂരിയ്യ:യിലെ വിദ്യാര്‍ത്ഥി വേദിയായ നൂറുല്‍ ഉലമയുടെ പ്രസിഡന്റ്. ആദ്യ ഭാരവാഹിത്വമേറ്റ സ്ഥാപനം കെ.ടി മാനു മുസ്‌ല്യാര്‍ നേതൃത്വം നല്‍കിയ കരുവാരക്കുണ്ട് ദാറുന്നജാത്തിന്റെ പ്രസിഡന്റ്. 1986-ല്‍ യു.എ.ഇയിലേക്ക് ആദ്യ വിദേശയാത്ര. 1990-ല്‍ ആദ്യ ഹജ്ജ് യാത്രയും. ഇതിനിടെ അടുത്തടുത്ത കാലങ്ങളിലായി ജീവിതത്തിലെ തണല്‍ വൃക്ഷങ്ങള്‍ പലതും പോയ് മറഞ്ഞു. അമ്മായി മുത്തുബീവി, എളേമ്മ ഖദീജ ഇമ്പിച്ചി ബീവി, സഹോദരന്മാര്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, സഹോദരി ഖദീജ ബീക്കുഞ്ഞിബീവി എന്നിവര്‍. ആ തീരാനഷ്ടങ്ങളിലെല്ലാം ആത്മധൈര്യത്തിന്റെ വിളക്കായി പിതാവ് പൂക്കോയ തങ്ങളുടെ അമരസ്മരണയുണ്ട്. ആരാണ് മാതൃക എന്ന ചോദ്യത്തിനും അതു തന്നെ ഉത്തരം.

സംസ്ഥാനത്തിന്റെ പൊതുജീവിതത്തില്‍ ഉന്നത ശീര്‍ഷനായ പിതാവ്, ജ്യേഷ്ഠന്‍ ഈജിപ്തിലെ കെയ്‌റോ സര്‍വകലാശാലയില്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥി. ബാപ്പയുടെ തണലില്‍ പൊതു മണ്ഡലത്തില്‍ എപ്പോഴും ഇറങ്ങാന്‍ പറ്റിയ പ്രഭാപൂരിതമായ യൗവനം. ഭാവിയില്‍ ആരാവണമെന്നായിരുന്നു ആ കാലത്തെ ആഗ്രഹമെന്ന ചോദ്യത്തിന് നല്‍കിയ ഉത്തരത്തിലുണ്ട്, ചെലവ്കുടിയില്‍ പോയി ഭക്ഷണം കഴിച്ചുവരാന്‍ മടിയില്ലാത്ത, ബസ്സില്‍ തൂങ്ങിപ്പിടിച്ച് എത്ര ദൂരവും പോകുമായിരുന്ന സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്ന വ്യക്തിത്വത്തിന്റെ ലാളിത്യവും സൂക്ഷ്മതയും സംസ്‌കാര മഹിമയും. ആ ഉത്തരം ഇങ്ങനെ: ”പരിശുദ്ധ ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന ഒരാള്‍”.
പഴയ തലമുറയിലെ പാര്‍ട്ടി പ്രവര്‍ത്തകരെയും പണ്ഡിതന്മാരേയും പിതൃ തുല്യം കരുതുന്ന, അവരെക്കുറിച്ചന്വേഷിച്ച് ആശ്വാസങ്ങള്‍ പകരുന്ന, രോഗശയ്യയില്‍ അവരെ തേടിയെത്തുന്ന, കേരളത്തിലെ ഏതു ഗ്രാമത്തില്‍ ചെന്നാലും ഓര്‍മ്മയില്‍ നിന്ന് പേരെടുത്ത് വിളിക്കാവുന്നത്ര പരിചയക്കാരും സൗഹൃദവുമുള്ള, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ സ്ഥാപക നേതാക്കളെയെല്ലാം ബാല്യംതൊട്ട് പരിചയിച്ചറിഞ്ഞ, അവര്‍ക്കൊപ്പം സഞ്ചരിച്ച മഹത്തായ പാരമ്പര്യത്തിന്റെ സുഗന്ധവാഹിയായ ഊര്‍ജപ്രവാഹമാണ് മലയാളനാടിന്റെ പൊതു ജീവിതത്തിന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. വിശ്രമരഹിതമായ ഈ സങ്കീര്‍ണ ദിനചര്യയില്‍ മടുപ്പ് തോന്നി കുറച്ചു ദിവസമെങ്കിലും എങ്ങോട്ടെങ്കിലുമൊന്ന് മാറി നില്‍ക്കണമെന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍; ‘ഒരിക്കലുമില്ല; എന്നും ഇവര്‍ക്കിടയില്‍ ഇങ്ങനെയൊക്കെ കഴിഞ്ഞാല്‍ മതി’ എന്നു മറുപടി. ‘ഇവര്‍ക്കിടയില്‍’ അഥവാ ജീവിതപ്പെരുവഴിയില്‍ ആശയറ്റ് നില്‍ക്കുന്ന നിസ്വജനതക്കിടയില്‍ കഴിയാന്‍ കൊതിച്ച് സ്വന്തം സുഖ സൗകര്യങ്ങള്‍ ത്യജിച്ച പിതാവിന്റെയാണ് ഈ പുത്രന്‍.

1950-കാലം. കറന്റും ധാരമുറിയാതെ ബസ് സര്‍വീസുമൊന്നും പാണക്കാട് വഴിയില്ല. പൂക്കോയ തങ്ങള്‍ സുബ്ഹിക്കുണര്‍ന്ന് പള്ളിയിലേക്കിറങ്ങുമ്പോള്‍ മുറ്റത്ത് കുറച്ച് ആളുകള്‍. വയനാട്ടില്‍ നിന്നാണ്. കൂട്ടത്തിലൊരാളുടെ സഹോദരിക്ക് പ്രസവ സംബന്ധമായ വിഷമം. ഡോക്ടര്‍മാരെ കാണിച്ചിട്ടൊന്നും ഫലം കിട്ടിയില്ലെന്ന്. നിസ്‌കരിച്ചു വന്നയുടന്‍ അവര്‍ക്കൊരു മരുന്ന് കുറിച്ച് കൊടുത്തു. ചായ കുടിക്കാന്‍ പറഞ്ഞ ശേഷം തങ്ങള്‍ ചോദിച്ചു. ”എങ്ങനെ ഇത്ര നേരത്തെയെത്തിയത്.” ”രാത്രി വന്നുവെന്നും, വിളിച്ചു നോക്കി; തങ്ങള്‍ ഉറക്കമായതുകൊണ്ടാവാം മറുപടിയൊന്നും ഉണ്ടായില്ലെന്നും”. വിളിച്ചത് കേട്ടില്ലെന്ന് തങ്ങള്‍ അവരോട് ഖേദം പറഞ്ഞു. ഒരത്യാവശ്യത്തിന് ഇത്ര ദൂരം വന്ന് പുലരുവോളം നില്‍ക്കേണ്ടി വന്നതില്‍ പൂക്കോയ തങ്ങള്‍ക്ക് വലിയ മന:പ്രയാസം. പാണക്കാട് അഹമ്മദാജി പറഞ്ഞു: ”അന്നു വയനാട്ടുകാര്‍ വന്നു പോയ ദിവസം മുതല്‍ മരണം വരെ തങ്ങള്‍ രാത്രി ഉറങ്ങാന്‍ കിടന്നത് വരാന്തയോട് ചേര്‍ന്നുള്ള മുറിയിലാണ്. ആരെപ്പോള്‍ വിളിച്ചാലും കേള്‍ക്കാന്‍ പാകത്തില്‍, ജനാലക്കൊളുത്തുപോലുമിടാതെ.”

Literature

ഹാന്‍ കാങിന് സാഹിത്യ നൊബേല്‍

മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി.

Published

on

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. 53 വയസ്സായിരുന്നു ഹാന്‍ കാങിന്. മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി. ഹാന്‍ കാങിന്റെ പ്രധാന നോവല്‍ ദി വെജിറ്റേറിയനാണ്. 2016-ല്‍ ദി വെജിറ്റേറിയന് ബുക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള നോബല്‍ നേടുന്ന ആദ്യ ഏഷ്യന്‍ വനിതയും രണ്ടാമത്തെ കൊറിയന്‍ നൊബേല്‍ സമ്മാന ജേതാവുമാണ് ഹാന്‍ കാങ്.

1970 നവംബര്‍ 27-ന് ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിലാണ് ജനനം. ദക്ഷിണ കൊറിയന്‍ നോവലിായ് ഹാന്‍ സെങ് വോണാണ് ഇവരുടെ പിതാവ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യം പഠിച്ചു. 1993 മുതലാണ് ഹാന്‍ എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി മാസികയില്‍ കവിതകള്‍ എഴുതിയായിരുന്നു ഹാന്‍ കാങിന്റെ തുടക്കം.

1995-ല്‍ ലവ് ഓഫ് യെയോസു എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഹാന്‍ കാങ് ഗദ്യത്തിലേക്ക് തുടക്കമിട്ടത്. ടുഡേയ്‌സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍ കാങ്.

Continue Reading

kerala

സ്വർണവില ഇന്നും താഴേക്ക്

സംസ്ഥാനത്ത് ഇന്ന് 40 രൂപയാണ് കുറഞ്ഞത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില കുറഞ്ഞതാണ് സംസ്ഥാന വിപണിയിൽ പ്രതിഫലിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് 40 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,200 രൂപയാണ്.

ഇന്നലെ പവന് 560 രൂപ കുറഞ്ഞിരുന്നു. ഇതോടെ മൂന്ന് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞു. ഇന്നത്തെ വില 7,025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,805 രൂപയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 96 രൂപയാണ്.

Continue Reading

india

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെതിരെ കേരളം; നിയമസഭയില്‍ പ്രമേയം പാസാക്കി

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്

Published

on

തിരുവനന്തപുരം∙ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. നടപടി രാജ്യത്തിന്റെ വൈവിധ്യങ്ങളെ താറുമാറാക്കാനുള്ള കുല്‍സിത നീക്കമാണെന്ന് പ്രമേയം അവതരിപ്പിച്ച് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനമാണിത്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ലോക്‌സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടപ്പിലാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്. 2029 ല്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്താമെന്ന് രാം നാഥ് കോവിന്ദ് സമിതി ശുപാര്‍ശ ചെയ്തു. ഇതാണ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പു നടത്താനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണിത്. തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യ വിരുദ്ധമാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പില്‍ നിഴലിച്ചു നില്‍ക്കുന്നതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

 

Continue Reading

Trending