ബാബരി മസ്ജിദ് പൊളിച്ചയിടത്ത് പണിത രാമക്ഷേത്രം ഉദ്ഘാടനം കഴിഞ്ഞെങ്കിലും അയോധ്യയിലെ പള്ളിക്കായി ഇതുവരെ ഒരു കല്ല് പോലും ഇട്ടിട്ടില്ല. ബിജെപി നേതാവായ ഹാജി അര്‍ഫാത് ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള മസ്ജിദ് വികസന സമിതി കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് സമാഹരിച്ചതാകട്ടെ 90 ലക്ഷം രൂപമാത്രം. കഴിഞ്ഞ 5 വര്‍ഷം കൊണ്ട് എന്തുകൊണ്ടാണ് പള്ളിക്കായി ഒരു ഇഷ്ടിക പോലും വെച്ചില്ലെന്ന ചോദ്യമാണ് വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നത്. രാമക്ഷേത്രത്തിനൊപ്പം പള്ളിയും പണിയണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞ ജനുവരിയിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്.
അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും ബാബരി മസ്ജിദ് നിന്നയിടത്ത് നിന്ന് 25 കി.മീ അകലെയാണ് ഭൂമി അനുവദിച്ചത്. സുന്നി വഖഫ് ബോര്‍ഡിന് അനുവദിച്ച 5 ഏക്കര്‍ ഭൂമി ഇപ്പോള്‍ കാട് പിടിച്ചുകിടക്കുകയാണ്. നിര്‍ദ്ദിഷ്ട മസ്ജിദിന്റെ ചിത്രമുള്ള ഒരു ബോര്‍ഡ് മാത്രമാണിപ്പോഴതിലുള്ളത്. പള്ളിയുടെ നിര്‍മ്മാണ ചുമതലയുള്ള ട്രസ്റ്റ് 2020 ഡിസംബറില്‍ നിര്‍ദ്ദിഷ്ട പള്ളിയുടെ ഡിസൈന്‍ പുറത്തുവിട്ടിരുന്നു. നാല് വര്‍ഷം പിന്നിട്ടിട്ടും ആ പേപ്പറിലെ വരയിലൊതുങ്ങിയിരിക്കുകയാണ് പള്ളി. പള്ളിനിര്‍മ്മാണവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അസാധാരണമായ മെല്ലെപ്പോക്കാണ് പള്ളിനിര്‍മാണത്തിന് തിരിച്ചടിയാകുന്ന പ്രധാനകാരണങ്ങളിലൊന്നെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറയുന്നു. ഫണ്ട് ലഭിക്കുന്നതില്‍ വലിയ കുറവുണ്ടെന്ന് ബിജെപിനേതാവായ ഹാജി അര്‍ഫത്ത് ഷെയ്ഖ് പറയുന്നു.
മുസ്‌ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും ബാബരിമസ്ജിദിന് പകരം ആ ഭൂമിയില്‍ പള്ളി നിര്‍മ്മിക്കുന്നതില്‍ വലിയ താല്‍പര്യമില്ലെന്നതാണ് സംഭാവനകളിലുണ്ടാകുന്ന കുറവ് കാണിക്കുന്നതെന്ന് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനും ട്രസ്റ്റിന്റെ ചീഫ് ട്രസ്റ്റിയുമായ സഫര്‍ ഫാറൂഖി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി ഫൗണ്ടേഷന് സംഭാവനയായി ലഭിച്ച 90 ലക്ഷം രൂപ ഇതിന്റെ തെളിവാണ്.
‘പള്ളിയുമായി ആളുകള്‍ക്ക് വൈകാരിക ബന്ധം ഉണ്ടാക്കാന്‍ ഞങ്ങള്‍ ഒരുപാട് സമയം ചെലവഴിച്ചെങ്കിലും അതുണ്ടായില്ലെന്ന് തെളിയിക്കുന്നതാണ് ഫണ്ടിങ്ങിലെ കുറവെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഡിസൈന്‍ പ്രകാരം മസ്ജിദ് നിര്‍മ്മാണത്തിന് മാത്രം 6-7 കോടി രൂപയെങ്കിലും ചെലവ് വരും. നിലവിലെ സാഹചര്യത്തില്‍ ഫണ്ട് കണ്ടെത്താന്‍ ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ (ഭേദഗതി) ആക്ട്, 2020 പ്രകാരം വിദേശ ധനസഹായം സ്വീകരിക്കാനുള്ള അനുമതിക്കായി ട്രസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. ബാബരി മസ്ജിദിന് പകരം അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിച്ചതിനെതിരെ നിരവധി പണ്ഡിതന്മാരും രാഷ്ട്രിയക്കാരും നിലപാടെടുത്തിരുന്നുവെന്ന് ട്രസ്റ്റ് അംഗങ്ങളിലൊരാള്‍ പറഞ്ഞു.
വിധി വന്നതിന് പിന്നാലെ ‘ഈ ദാനം സമുദായത്തിന് വേണ്ടെന്നായിരുന്നു എഐഎംഐഎം പ്രസിഡന്റ്‌റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞത്. ബാബരി മസ്ജിദിന് വേണ്ടിയുള്ള നിയമപരമായ അവകാശത്തിനു വേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. അല്ലാതെ ഒരു തുണ്ട് ഭൂമി കിട്ടാനല്ലായിരുന്നു ഞങ്ങളുടെ പോരാട്ടം എന്നും ഒവൈസി പറഞ്ഞു. മുസ്‌ലിം പണ്ഡിതന്മാരിലൊരാളായ അര്‍ഷദ് മദനിയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. പ്രശ്നം ഭൂമിയെക്കുറിച്ചല്ല അവകാശങ്ങളെപറ്റിയും നീതിയെ പറ്റിയുമാണ്. ഞങ്ങള്‍ക്ക് ഭൂമി വേണ്ട. മുസ്‌ലിംകള്‍ക്ക് ആ ഭൂമി ആവശ്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇത്തരത്തിലുള്ള നിലപാടുകള്‍ ഉള്ളവരാണ് സമുദാത്തിലേറെയുമെന്ന് ട്രസ്റ്റ് അംഗങ്ങള്‍ സമ്മതിക്കുന്നു.
അതേസമയം, സര്‍ക്കാര്‍ സംവിധാനങ്ങളും മസ്ജിദ് നിര്‍മാണത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. അനാവശ്യ നൂലാമലകള്‍ ഉയര്‍ത്തി സര്‍ക്കാരും വിവിധ വകുപ്പുകളും നിര്‍മാണവുമായി മുന്നോട്ട് പോകാനുള്ള രേഖകള്‍ കിട്ടുന്നതിന് വലിയ തടസമുണ്ടാക്കുകയാണ്. അയോധ്യയിലെ ഒരു പ്രധാന സ്ഥലത്ത് ഭൂമി അനുവദിക്കണമെന്നായിരുന്നു സുപ്രിം കോടതി പറഞ്ഞത്. എന്നാല്‍ എവിടെയാണ് സര്‍ക്കാര്‍ ഭൂമി അനുവദിച്ചതെന്ന് നിങ്ങള്‍ കണ്ടതാണ്. എന്നിട്ടും പള്ളിനിര്‍മാണവുമായി മുന്നോട്ട് പോകാന്‍ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റിക്ക് ഡിസൈനും പ്ലാനുകളും ഫീസ് അടച്ച് സമര്‍പ്പിച്ചു.
മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിക?ളുണ്ടായില്ല. മാസങ്ങള്‍ കഴിഞ്ഞ് അവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണമെന്നാവശ്യപ്പെട്ടു.പിന്നെ, ഞങ്ങള്‍ ഓണ്‍ലൈനായി അപേക്ഷിച്ചു. വിവിധ വകുപ്പുകളില്‍ നിന്നുള്ള എന്‍ഒസികള്‍ ആവശ്യമാണെന്ന് പിന്നീട് അവര്‍ പറഞ്ഞു. ഒരു വര്‍ഷത്തിലേറെയായി ഇത് ഇങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സമീപനമായിരുന്നില്ല ക്ഷേത്ര ട്രസ്റ്റിനോട് സര്‍ക്കാരിനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഉണ്ടായിരുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ പള്ളി നിര്‍മ്മാണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. അതിനിടയില്‍ പള്ളി നിര്‍മ്മാണത്തിനായി അനുവദിച്ച ഭൂമിയില്‍ അവകാശവാദമുന്നയിച്ച് ഡല്‍ഹി സ്വദേശിനി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ പലതരത്തിലുള്ള വെല്ലുവിളികളാണ് നേരിടുന്നതെന്ന് ട്രസ്റ്റ് അംഗങ്ങള്‍ പറഞ്ഞു.