ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൈവിട്ട് വിദേശമാധ്യമങ്ങള്‍. ഇന്ത്യയില്‍ നടപ്പിലാക്കിയ നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കിയെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇംഗ്ലീഷ് വാരിക ‘ദി ഇക്കണോമിസ്റ്റ്’ പറയുന്നു.

രാഷ്ട്രീയലക്ഷ്യത്തിനായി ഭരണതലത്തില്‍ സ്വീകരിക്കുന്ന നയങ്ങള്‍ മോദി പ്രഭാവത്തെ ഇല്ലാതാക്കി. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍വിജയത്തോടെ എതിരാളികളില്ലാത്ത നിലയില്‍ നിന്ന് മോദി ഏറെ പിന്നോക്കം പോയി. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിക്കുമെങ്കിലും മോദിയുടെ തിളക്കം കുറഞ്ഞു. ഇതിന് സ്വയം പഴിച്ചാല്‍ മതി. സ്വന്തം പ്രതിച്ഛായയുടെ പ്രകടനപരതയില്‍ ഭരണം മറക്കുകയാണ് അദ്ദേഹം. ഷോ നിര്‍ത്തിയിട്ട് ഭരണം നടത്തണം. അല്ലെങ്കില്‍ വോട്ടര്‍മാര്‍ തിരിച്ചടിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

നോട്ട് നിരോധനം മൊത്തം ആഭ്യന്തരഉല്‍പ്പാദനം കാര്യമായികുറയാന്‍ ഇടയാക്കി. വേണ്ടത്ര മുന്നൊരുക്കമില്ലാതെ മോശമായ രീതിയിലാണ് ജി.എസ്.ടി നടപ്പിലാക്കിയത്. ജി.എസ്.ടി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളെ സര്‍ക്കാര്‍ അസഹിഷ്ണുത കൊണ്ടാണ് നേരിടുന്നത്. മാധ്യമങ്ങളെ ചങ്ങലക്കിടുകയാണ്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ ഭീതിയിലാണ്. അമിത്ഷായുടെ മകന്‍ ജയ്ഷാക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമത്തെ നിയമകുരുക്കില്‍ പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. മോദിയെ അനുകരിക്കുന്ന തമാശക്കാര്‍ക്ക് അവസരം നിഷേധിക്കുന്നു. ശരിയായ വിമര്‍ശനം അനുവദിക്കാത്തതിനാല്‍ മോദിയുടെ നയങ്ങളും നിര്‍ദ്ദേശങ്ങളും ഫലപൂര്‍ത്തിയിലെത്തുന്നില്ലെന്നും ഇക്കണോമിസ്റ്റ് എഡിറ്റോറിയലില്‍ പറയുന്നു.