Connect with us

News

കാവല്‍ക്കാര്‍ തന്നെ ഘാതകരായി മാറുന്നു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല

Published

on

ഇന്ത്യന്‍ ജനാധിപത്യം ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കൃത്യമായ ഇടവേളകളില്‍ നടക്കുന്ന, സ്വതന്ത്രവും നീതിയുക്തവുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ്. ഈ മഹത്തായ സംവിധാനത്തിന്റെ കാവല്‍ക്കാരും നടത്തിപ്പുകാരുമാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും അതീതമായി, ഭരണഘടനയില്‍നിന്ന് അധികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ആ സ്ഥാപനത്തിന്റെ നിഷ്പക്ഷതയും ധാര്‍മ്മിക ബോധവുമാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ. എന്നാല്‍, ആ അടിത്തറക്ക് ഇളക്കം തട്ടുന്ന കാഴ്ചകളാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. ഇതിന് ബലം നല്‍കുന്ന ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയരുന്നത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ കേവലം രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളയാവുന്നതല്ല. രാജ്യത്തെ യുവാക്കള്‍ക്ക് തിരഞ്ഞെടുപ്പുകള്‍ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കാണിച്ചുകൊടുക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണെന്ന് പറഞ്ഞാണ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവതരിപ്പിച്ചത്. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തെ ഉദാഹരിച്ചാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് ഇക്കുറി ആരോപണമുന്നയിച്ചത്. അതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉള്ളില്‍ നിന്ന് തങ്ങള്‍ക്ക് സഹായം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസിന് മേല്‍ക്കൈ ഉള്ള ബൂത്തുകളിലാണ് വോട്ടര്‍പ്പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നതെന്ന് രാഹുല്‍ ആരോപിച്ചു. കോണ്‍ഗ്രസിന് സ്വാധീനമുള്ള ബൂത്തുകളിലെ വോട്ടര്‍ പട്ടികയില്‍നിന്ന് ദലിത്, പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യപ്പെടുന്നു എന്നതാണ് പ്രധാന ആരോപണം. ഇത് യാദൃച്ഛികമല്ലെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു. കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തിലെ ‘ഗോദാഭായ്’ എന്ന സ്ത്രീയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് അപ്രത്യക്ഷമായ സംഭവം ഉദാഹരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. സ്വന്തം പൗരത്വം തെളിയിക്കാന്‍ രേഖകളില്ലാതെ, വോട്ടവകാശം പോലും നിഷേധിക്കപ്പെട്ട് നിസ്സഹായയായി നില്‍ക്കുന്ന ഒരു സ്ത്രിയുടെ ചിത്രം, ഈ ആരോപണത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

ഒരു പ്രത്യേക വിഭാഗത്തെയോ രാഷ്ട്രിയ പാര്‍ട്ടിയെ അനുകൂലിക്കുന്നവരെയോ തിരഞ്ഞുപിടിച്ച് വോട്ടര്‍ പട്ടിക യില്‍നിന്ന് പുറത്താക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാ വിനേല്‍ക്കുന്ന മുറിവാണ്. ഓരോ പൗരനും ലഭിക്കുന്ന ഏറ്റ വും വലിയ അവകാശങ്ങളിലൊന്നാണ് സമ്മതിദാനാവകാ ശം. അത് കവര്‍ന്നെടുക്കാന്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുവെങ്കില്‍, അതിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്ന് മൗനാനുവാദം ലഭിക്കുന്നുവെങ്കില്‍, രാജ്യം അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് പോകുന്നത്. മുന്‍ കാലങ്ങളില്‍ ടി.എന്‍ ശേഷനെപ്പോലുള്ളവര്‍ കണിശമായ നിലപാടുകളിലൂടെയും ധിരമായ നടപടികളിലൂടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വാനോളം ഉയര്‍ത്തി യിരുന്നു. ഭരണകുടത്തിന്റെ ചട്ടുകമായി മാറാതെ, സ്വതന്ത്ര മായി തിരുമാനങ്ങളെടുക്കാനുള്ള കമ്മീഷന്റെ കഴിവിലാണ് ജനം വിശ്വസിച്ചിരുന്നത്. ആ വിശ്വാസ്യതക്കാണ് ഇപ്പോള്‍ കോട്ടം തട്ടുന്നത്.

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ ഇതാദ്യമായല്ല ഉയരുന്നത്. എന്നാല്‍, ഒരു ദേശീയ പാര്‍ട്ടിയുടെ പ്രധാന നേതാവ് ഉദാഹരണങ്ങള്‍ സഹിതം ഈ വിഷയം വിണ്ടും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ണടച്ചിരിക്കാനാവില്ല. ആരോപണങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ സുതാര്യവും നിഷ്പക്ഷവുമായ ഒരന്വേഷണം അനിവാര്യമാണ്. ഓരോ പരാതിയും ഗൗരവത്തോടെയെടുത്ത് പരിഹാരം കാണാനും വോട്ടര്‍ പട്ടികയുടെ ശുദ്ധീകരണം രാഷ്ട്രീയ പ്രേരിതമാകുന്നില്ലെന്ന് ഉറപ്പുവരുത്താനും കമ്മിഷന് ഭരണഘടനാപരമായ ഉത്തരവാദിത്തമുണ്ട്.

ജനാധിപത്യത്തില്‍ സംശയങ്ങള്‍ക്ക് സ്ഥാനമുണ്ടാകരുത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍. ഒരു വോട്ട് പോലും അന്യായമായി നഷ്ടപ്പെടുന്നത് ഒരു ജനതയുടെ തോല്‍വിയാണ്. കക്ഷിരാഷ്ട്രീയത്തിനപ്പുറം, ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ യശസ്സും വിശ്വാസ്യതയും വീണ്ടെടുക്കാന്‍ സ്വയം മുന്നോട്ട് വരണം. ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിന് പകരം, വസ്തുതകള്‍ നിരത്തി പൊതുസമൂഹത്തെ സത്യാവസ്ഥ ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. അല്ലെങ്കില്‍, ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ തന്നെ അതിന്റെ ഘാതകരായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ

ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

Published

on

മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്‍ത്തകന്മാര്‍ മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.

പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്‌നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending