തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സി.പി.എം വസ്തുതകള്‍ മറച്ചുവെക്കുന്നുവെന്ന സി.പി.ഐയുടെ വിലയിരുത്തല്‍ തിരഞ്ഞെടുപ്പ് പരാജയ ത്തെത്തുടര്‍ന്ന് ഇടതുമുന്നണിയുടെ അലകുംപിടിയും തകര്‍ന്നിരിക്കുന്നു എന്നതിന്റെ സൂചനയാണ്. അന്ധര്‍ ആനയെ വര്‍ണിച്ചതുപോലെ മുന്നണിയിലെ ഓരോ കക്ഷിയും ഓരോ രീതിയില്‍ പരാജയത്തെ വിലയിരുത്തുമ്പോള്‍, അത് വ്യക്തമാക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പ് മാത്രമല്ല ആ സംവിധാനത്തിന് ക്ഷതമേല്‍പ്പിച്ചത് എന്നതാണ്. ഏകാധിപത്യത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ ഇടതുമുന്നണിയില്‍ കാലങ്ങളായി നിലനില്‍ക്കുന്ന എതിര്‍പ്പ് എല്ലാ സീമകളും ലംഘിച്ചിരിക്കുന്നുവെന്ന് ഓരോകക്ഷികളും തങ്ങളുടേതായ വിലയിരുത്തലുകളിലൂടെ തുറന്നുപറയുകയാണ്. ആര്‍.ജെ.ഡി ഉള്‍പ്പെടെയുള്ള ഇതരകക്ഷികളും സമാനമായ രീതിയിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് പങ്കുവെച്ചത്. നേതൃത്വം പുറത്തുപറയാന്‍ ധൈര്യംകാണിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും സി.പി.എമ്മിനെയുമെല്ലാം തൊരിയുലിക്കുന്ന ചര്‍ച്ചകളാണ് ഘടകകക്ഷികള്‍ക്കുള്ളില്‍ നടന്നിട്ടുള്ളത് എന്നത് നഗ്‌നമായ യാഥാര്‍ത്ഥ്യമാണ്. ശബരിമല സ്വര്‍ണക്കൊള്ള തോല്‍വിക്ക് കാരണമായെന്നും ഇതില്‍ കൃത്യമായ വിലയിരുത്തല്‍ വേണമെന്നുമാണ് സി.പി.ഐ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. ഭരണ വിരുദ്ധ വികാരം പ്രകടമായെന്നും പത്മകുമാറിനെ സംരക്ഷിച്ചത് തിരിച്ചടിച്ചുവെന്നും അവര്‍ വിലയിരുത്തുന്നു. മൂന്നാം ഭരണത്തിനായി കാലതാമസം ഇല്ലാതെ രംഗത്തിറങ്ങണം, വിവധ ജനവിഭാഗങ്ങള്‍ എല്‍.ഡി.എഫില്‍ നിന്ന് അകന്നതിന്റെ കാരണം കണ്ടെത്തണം, തിരുത്തല്‍ വരുത്താന്‍ എല്‍.ഡി.എഫിന് കഴിയണം, ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്ന തിരിച്ചറിവുണ്ടാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കുന്ന പാര്‍ട്ടി, യോഗങ്ങളില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുണ്ടായെന്ന് തുറന്നുസമ്മതിക്കുകയും ചെയ്യുന്നു. സി.പി.ഐ ചതിയന്‍ ചന്തുവാണെന്നും പത്തുവര്‍ഷം എല്ലാം നേടിയിട്ട് സര്‍ക്കാരിനെ തള്ളിപ്പറയുകയാണെന്നുമുള്ള വെള്ളാപ്പള്ളിയുടെ വിമര്‍ശനത്തിനും മറയില്ലാതെ മറുപടി നല്‍കാനും പാര്‍ട്ടി സെക്രട്ടറി തയാറായിരിക്കുകയാണ്. വെള്ളാപ്പള്ളി നടേശനെ താന്‍ കാറില്‍ കയറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം വെള്ളാപ്പള്ളി യഥാര്‍ഥ വിശ്വാസിയാണോയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തണമെന്നു കൂടിപ്പറഞ്ഞുവെച്ചിരിക്കുന്നു. സി.പി.ഐയുടെ വിലയിരുത്തലുകളിലെ ഓരോ വാചകങ്ങളും സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യംവെച്ചുള്ളതാണെന്നത് പ്രത്യേകിച്ച് ആര്‍ക്കും കൊടുക്കേണ്ടതില്ല. ഓരോവാക്കും തങ്ങളുടെ ഹൃദയത്തില്‍ തറക്കാന്‍ പര്യാപ്തമാണെന്നത് പിണറായി വിജയന്റെ മറുപടിയില്‍ നിന്ന് തന്നെ വ്യക്തമാണ്. അതേ സമയം എം.വി ഗോവിന്ദന്റെ മറുപടി വ്യക്തമാക്കുന്നത് അങ്ങാടിപ്പാട്ട് ഇനിയും അരമന രഹസ്യമാക്കിവെക്കുന്നതില്‍ അര്‍ത്ഥമില്ലെന്നതു തന്നെയാണ്. സംസ്ഥാന ഭരണം തദ്ദേശ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ഫലംപുറത്തുവന്നതിന് പിന്നാലെയുള്ള പിണറായിയുടെയും പാര്‍ട്ടിയുടെയും ഒരേ സ്വരത്തിലുള്ള അഭിപ്രായ പ്രകടനം. എന്നാല്‍ പിണറായി ഇപ്പോഴും അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കിലും ശബരിമല വിഷയം ചര്‍ച്ച ചെയ്യപ്പെ ട്ടുവെന്ന് എം.വി ഗോവിന്ദന്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ജയിലിലകപ്പെട്ടിട്ടും പത്മകുമാറിനെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ ന്യായീകരിക്കുകയുമായിരുന്നു സി.പി.എമ്മെങ്കില്‍ അക്കാര്യത്തില്‍ മുന്നണിക്കുള്ളിലെ കടുത്ത അതൃപ്തിയാണ് സി.പി.ഐ ഇപ്പോള്‍ പങ്കുവെക്കുന്നത്. തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ച് ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സി.പി.എം രാഹുല്‍ മാങ്കുട്ടത്തില്‍ വിഷയം ഉയര്‍ത്തിക്കൊ ണ്ടുവന്നതിലുള്ള അതൃപ്തിയും സി.പി.ഐയുടെ താരതമ്യത്തില്‍ പ്രകടമാണ്. മൂന്നാം ഭരണത്തെക്കുറിച്ച് മലര്‍ പൊടിക്കാരന്റെ സ്വപ്നംകണക്കെ പിണറായിയും കൂട്ടരും ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍, ഭരണത്തുടര്‍ച്ചക്ക് കൊണ്ടുപിടിച്ചുള്ള ശ്രമങ്ങള്‍ തന്നെ വേണ്ടിവരുമെന്നുള്ള വിലയിരുത്തല്‍, സി.പി.എം വിചാരിക്കന്നതുപോലെയോ തീരുമാനിക്കുന്നതുപോലെയോ അല്ല കാര്യങ്ങള്‍ എന്ന സി.പി.ഐയുടെ ഓര്‍മപ്പെടുത്തലാണ്. തിരുത്തലിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലിലൂടെ, സി.പി.എം മറക്കാന്‍ ശ്രമിക്കുന്ന പി.എം ശ്രീ വീണ്ടും വീണ്ടും അവരെ ഉണര്‍ത്തി കൊണ്ടിരിക്കുകയാണ് ബിനോയിയും കൂട്ടരും. ജനങ്ങള്‍ തന്നെയാണ് വലിയവര്‍ എന്നത് സി.പി.ഐ യുടെ കുറ്റസമ്മതം എന്നതിലുപരി പിണറായി വിജയനുള്ള പരോക്ഷമായ ഉപദേശമാണ്. വിദ്വേഷപ്രകടനങ്ങള്‍ മുഖമുദ്രയാക്കിയ വെള്ളാപ്പള്ളിയെ ഈ സാഹചര്യത്തില്‍പോലും തള്ളിപ്പറയാന്‍ തയാറാകാത്ത പിണറായി വിജയനുള്ള നേര്‍ക്കു നേരെയുള്ള മുന്നറിയിപ്പാണ് നടേശനെതിരെയുള്ള സി.പി.ഐയുടെ കടുത്ത പ്രയോഗങ്ങള്‍.