തേര്‍ഡ് ഐ – കമാല്‍ വരദൂര്‍
ആഫ്രിക്കന്‍ ഫുട്‌ബോളിലൊരു കറുത്ത മുത്തുണ്ടായിരുന്നു-കാമറൂണുകാരന്‍ റോജര്‍ മില്ല. കാല്‍പ്പന്ത് മൈതാനത്ത് വന്യമായ കുതിപ്പിന്റെ അടയാളമായി മില്ലര്‍ ഒരു ലോകകപ്പ് കാലത്ത് മിന്നിയത് മുതലാണ് കളി മൈതാനത്ത് ആഫ്രിക്കന്‍ ശക്തി യൂറോപ്പ് പോലുള്ള സോക്കര്‍ വന്‍കരകള്‍ തിരിച്ചറിഞ്ഞത്. പിന്നെ കണ്ടത് ആഫ്രിക്കന്‍ താരങ്ങള്‍ യൂറോപ്പും ലോകവും വാഴുന്നതാണ്. എത്ര സമയവും ഒരേ ഊര്‍ജ്ജത്തില്‍ അവര്‍ പിടിച്ചുനില്‍ക്കും. ദീര്‍ഘദൂര ട്രാക്കില്‍ കണ്ടിട്ടില്ലേ- ആഫ്രിക്കന്‍ കുതിപ്പ്. ഊര്‍ജ്ജ സംഭരണികളായി അവര്‍ കിതപ്പില്ലാതെ കുതിക്കും. ആ കുതിപ്പിന്റെ പിന്‍മുറക്കാരാണെന്ന് തെളിയിക്കുകയാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പിനെത്തിയ ഘാനക്കാര്‍. അപരിചിതമായ കാലാവസ്ഥയിലും അവരുടെ വേഗതയും പന്തടക്കവും അപാരമാണ്. കൊളംബിയക്കെതിരായ മല്‍സരത്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്നില്‍ ഘാനക്കാര്‍ നടത്തിയ പരീക്ഷണം-വേഗത തന്നെയായിരുന്നു. പ്രതിരോധമെന്ന ദുര്‍ഗ്ഗത്തിലേക്ക് ഇന്ത്യ പ്രവേശിക്കുമെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു.
ആ പ്രതിരോധ ജാഗ്രതയില്‍ നിന്നും ഗോള്‍ നേടണമെങ്കില്‍ വേഗതക്കൊപ്പം നീളന്‍ ഷോട്ടുകളും വേണമെന്ന ബുദ്ധിയില്‍ പിറന്ന രണ്ട് ഗോളുകളും സുന്ദരമായിരുന്നു. എറിക് അയ്യ എന്ന നായകന്റെ ഷോട്ടുകള്‍ പലപ്പോഴും പേടിപ്പിക്കുന്ന തരത്തിലായിരുന്നു. എങ്ങനെ ഇത്തരത്തില്‍ അവസരോചിതമായി, കൂളായി ഗോളടിക്കാന്‍ കഴിയുന്നു എന്നതാണ് അതിശയകരം. ധീരജ് എന്ന് മണിപ്പൂരുകാരന്‍ ഗോള്‍ക്കീപ്പറുടെ ജാഗ്രതയും ടൈമിംഗും പൊസിഷനിംഗും അപാരമായിരുന്നില്ലെങ്കില്‍ ഇന്ത്യ കൂടുതല്‍ ഗോളുകള്‍ വഴങ്ങുമായിരുന്നു. അന്‍വര്‍ നയിച്ച പ്രതിരോധം രണ്ടാം പകുതിയില്‍ ആടിയുലയാന്‍ കാരണം ഘാനക്കാരുടെ വേഗതയായിരുന്നു. മല്‍സരത്തിന് ശേഷവും ആ കുട്ടികള്‍ തളരാതെ ഗ്യാലറിക്ക് അരികില്‍ പോയി നൃത്തമാടുകയായിരുന്നു. ആഫ്രിക്കയുടെ ഈ ഊര്‍ജ്ജ സംഭരണികള്‍ക്ക് മുന്നില്‍ തോറ്റതില്‍ നിരാശപ്പെടേണ്ടതില്ല. അതും ഇന്ത്യക്ക് പുതിയ അനുഭവമാണ്. മൂന്ന് കളികളില്‍ നിന്നായി എട്ട് ഗോളുകള്‍ വഴങ്ങുകയും ഒരു ഗോള്‍ മടക്കുക്കയും ചെയ്ത ലൂയിസ് നോര്‍ത്തണിന്റെ കുട്ടികളുടെ മുഖം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ മറക്കില്ല. ഈ കുട്ടികളുടെ ധൈര്യവും സമര്‍പ്പണവുമാണ് നമ്മുടെ പ്രതീക്ഷ.
Be the first to write a comment.