തിരുവനന്തപുരം: എ.കെ ശശീന്ദ്രന് പകരം തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി സംസ്ഥാന നേതൃയോഗം. ഒഴിവുവന്ന മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണെന്നും തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് എന്‍.സി.പി ദേശീയ നേതൃത്വത്തെ അറിയിച്ചതായും യോഗത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
തോമസ്ചാണ്ടിയെ മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രിയോടും എല്‍.ഡി.എഫ് നേതൃത്വത്തോടും ആവശ്യപ്പെടും. കേവലം ഒരു ആക്ഷേപത്തിന്റെ പേരിലാണ് ശശീന്ദ്രന്‍ രാജിവെച്ചത്. പരാതിക്കാരിയില്ലാത്ത ഒരു ചാനല്‍ വാര്‍ത്തയാണ് രാജിയിലേക്ക് നയിച്ചത്. ശശീന്ദ്രന്‍ തന്റെ ഉന്നതമായ രാഷ്ട്രീയ ധാര്‍മികതയുടെ പേരിലാണ് രാജിവെച്ചത്. എന്‍.സി.പിക്ക് ഒരു എം.എല്‍.എ കൂടിയുണ്ട്. പാര്‍ട്ടിക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം തോമസ് ചാണ്ടിക്ക് നല്‍കണമെന്നാണ് നേതൃയോഗത്തിലുണ്ടായ പൊതു അഭിപ്രായം.
ശശീന്ദ്രന്‍ തന്നെയാണ് തോമസ്ചാണ്ടിയുടെ പേര് മുന്നോട്ടുവെച്ചത്. പാര്‍ട്ടിയുടെ രീതിയനുസരിച്ച് ആദ്യം ദേശീയ നേതൃത്വത്തിനാണ് റിപ്പോര്‍ട്ട് ചെയ്യുക. തുടര്‍ന്ന് മുഖ്യമന്ത്രിയെയും എല്‍.ഡി.എഫ് നേതൃത്വത്തെയും ഔദ്യോഗികമായി അറിയിക്കുമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ തോമസ് ചാണ്ടിക്ക് കഴിയുമെന്നും സ്വന്തം കയ്യില്‍ നിന്ന് അങ്ങോട്ട് പണം നല്‍കുന്നതല്ലാതെ കയ്യിട്ടെടുക്കുന്ന ആളല്ല അദ്ദേഹമെന്നും ഉഴവൂര്‍ വിജയന്‍ പറഞ്ഞു.
Be the first to write a comment.