ചോര്‍ച്ച നിലക്കാത്ത ചോദ്യപേപ്പറുകള്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് തിരിച്ചടിയാവുന്നു. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം പരീക്ഷാ ചൂടും കൊടുമ്പിരി കൊള്ളുന്ന മലപ്പുറത്താണ് വിദ്യാഭ്യാസ വകുപ്പിന്റെ ഗുരുത വീഴ്ച ചോദ്യശരങ്ങളായി എല്‍.ഡി.എഫിനെ തിരിഞ്ഞു കുത്തുന്നത്. ചോദ്യപേപ്പര്‍ സംബന്ധിച്ച് ഗുരുതര ആരോപണങ്ങള്‍ പുറത്തു വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധത്തിലാണ്. ഒരു പരീക്ഷ മാറ്റിവെക്കുക കൂടി ചെയ്തപ്പോള്‍ മലപ്പുറത്ത് എല്‍.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിലായി. വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥിയോട് നേരിട്ട് പ്രതിഷേധമറിയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൂനിന്‍മേല്‍ കുരുകണക്കെ ലൈംഗികാപവാദ കേസില്‍ ഒരു മന്ത്രി രാജിവെക്കുക കൂടി ചെയ്തതോടെ വോട്ടര്‍മാരുടെ മുഖത്ത് പോലും നോക്കാന്‍ പറ്റാത്ത വിധം എല്‍.എഡി.എഫ് കരുക്കിലാണ്.

പൊതു വിദ്യാഭ്യാസ മേഖലയെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ചോദ്യകടലാസ് വിവാദങ്ങളാണ് ഈ പരീക്ഷാ കാലത്ത് അരങ്ങേറിയത്. പ്ലസ് വണ്‍ ഫിസിക്‌സ്, പ്ലസ്ടു കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ സിലബസിനു പുറത്തുള്ളതും കട്ടിയേറിയതുമായി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ആദ്യ വിവാദം. അതിനു ശേഷം ഹയര്‍സെക്കന്ററി രണ്ടാം വര്‍ഷ ജേര്‍ണലിസം ചോദ്യ പേപ്പറില്‍ ആദ്യ വര്‍ഷത്തെ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതും വിദ്യാര്‍ഥികളെ വലച്ചു. പത്താം ക്ലാസിലെ സംസ്‌കൃതം വിഷയത്തിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. അതിന് ശേഷം എസ്.എസ്.എല്‍.സി കണക്കു പരീക്ഷയുടെ ചോദ്യം ചോര്‍ന്നതോടെ വിദ്യാഭ്യാസ വകുപ്പിന്റെ നിരുത്തരവാദ നിലപാട് വ്യക്തമായി. ചോദ്യകര്‍ത്താവിനെ സസ്‌പെന്റ് ചെയ്തതും ബോര്‍ഡ് ചെയര്‍മാനെ മാറ്റിയതുമൊഴിച്ചാല്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സമയ നഷ്ടത്തിന് പകരം നല്‍കാന്‍ സര്‍ക്കാറിനായില്ല. മാത്രവുമല്ല, കോടികളുടെ നഷ്ടമാണ് ഈ വിഷയത്തില്‍ സര്‍ക്കാറിനുണ്ടായത്. എന്നാല്‍ തിങ്കളാഴ്ച ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ജ്യോഗ്രഫി ചോദ്യകടലാസില്‍ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ അതേപടി പകര്‍ത്തിയതും പുതിയ വിവാദമായി.
പരീക്ഷാ ഫലം സംബന്ധിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നിന്ന ‘മലപ്പുറം സഖാവ്’ തന്നെയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഇപ്പോള്‍ മത്സരിക്കുന്നത്. എന്നാല്‍ സ്വന്തം മന്ത്രി ഗുരുതര വീഴ്ച വരുത്തിയത് കാണാതെ വോട്ടിനായി നെട്ടോട്ടമോടുന്നതിനെതിരെ ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഇന്നലെ വള്ളിക്കുന്ന് മണ്ഡലത്തില്‍ പര്യടനം നടത്തുന്ന സി.പി.എം സ്ഥാനാര്‍ഥിയെ ഹയര്‍സെക്കന്ററി അവസാന പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതായും സൂചനയുണ്ട്. 13 ലക്ഷം വിദ്യാര്‍ഥികളുടെ ഭാവി രാഷ്ട്രീയ ലാഭത്തിന് പണയപ്പെടുത്തിയ വിദ്യാഭ്യാസമന്ത്രി ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ മലപ്പുറത്ത് പ്രതികരിച്ചത്.
സ്ത്രീയോട് ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇടതു മന്ത്രി രാജിവെച്ചത് മലപ്പുറം ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ മോശം പ്രകടനം കാരണം പ്രചാരണായുധം നഷ്ടപ്പെട്ട എല്‍.ഡി.എഫിന് വലിയ തിരിച്ചടിയാണ് കഴിഞ്ഞ ദിവസമുണ്ടായ മന്ത്രിയുടെ രാജി. സംസ്ഥാനത്ത് പീഡന പരമ്പര തുടര്‍ക്കഥയാവുന്നകാലത്ത് ഒരു മന്ത്രി കൂടി ഈ വിഷയത്തില്‍ രാജിവെച്ചതോടെ വോട്ടര്‍മാര്‍ക്ക് മുഖം കൊടുക്കാന്‍ പോലും സ്ഥാനാര്‍ഥിക്ക് സാധിക്കാതെ നാണം കെട്ടിരിക്കുകയാണ്. ഇത്തരം കേസുകളില്‍ പൊലീസ് കാണിക്കുന്ന അനാസ്ഥയും വോട്ടര്‍മാര്‍ക്കിടയില്‍ ചര്‍ച്ചയാണ്. ആദര്‍ശം നെഞ്ചത്തേറ്റി എല്‍.ഡി.എഫിനൊപ്പം നടന്നവര്‍ പോലും പ്രചാരണത്തിനിറങ്ങാതെ ഒഴിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് രണ്ട ്ദിവസങ്ങളിലായി മലപ്പുറത്ത ദര്‍ശിച്ചത്. റേഷന്‍ അരി പോലും കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ പറ്റാത്ത സര്‍ക്കാര്‍ വന്‍പരാജയമാണെന്നാണ് ജനം വിലയിരുത്തുന്നത്. പത്ത് മാസം തികയും മുമ്പ് രണ്ട് പേര്‍ രാജി വെക്കേണ്ടി വന്ന മന്ത്രിസഭയുടെ കഥ നാട്ടിലാകെപാട്ടാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് സി.പി.എം മുന്നേറുമെന്നാണ് നേതാക്കള്‍ പറയുന്നത്.