News
ഇടമലയാര്‍ പുഴയില്‍ രാജവെമ്പാലകളുടെ കടുത്ത ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ വൈറല്‍
പുഴയില്‍ വെള്ളം കുറവായിരുന്ന സമയത്ത് രണ്ട് രാജവെമ്പാലകള്‍ പരസ്പരം ആക്രമിക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടു. കണ്ടവര്‍ ആദ്യം ഭീതിയിലായെങ്കിലും പിന്നീട് കൗതുകമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു
കൊച്ചി: കോതമംഗലം-ഇടമലയാര്‍ പവര്‍ഹൗസിനു താഴെ പുഴയില്‍ രാജവെമ്പാലകളുടെ കടുത്ത ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം നടന്നത്. പുഴയില്‍ വെള്ളം കുറവായിരുന്ന സമയത്ത് രണ്ട് രാജവെമ്പാലകള്‍ പരസ്പരം ആക്രമിക്കുന്ന നിലയില്‍ നാട്ടുകാര്‍ കണ്ടു. കണ്ടവര്‍ ആദ്യം ഭീതിയിലായെങ്കിലും പിന്നീട് കൗതുകമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം വലിയ രാജവെമ്പാല ചെറുതിനെ വിഴുങ്ങാനുള്ള ശ്രമം നടത്തിയതായാണ് സംശയം.
പുഴയിലെ വെള്ളത്തിനിടയില്‍ പൊരിഞ്ഞ അടി നടന്നതോടെ പ്രദേശത്ത് കുറച്ചുനേരം പരിഭ്രാന്തി നിലനിന്നു. വിവരമറിഞ്ഞ് പാമ്പുപിടുത്ത വിദഗ്ദ്ധന് മാര്ട്ടിന് മേയ്ക്കമാലി സ്ഥലത്തെത്തി. എന്നാല്‍ ഇതിനിടയില്‍ പവര്‍ഹൗസില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ രാജവെമ്പാലകള്‍ ഒഴുക്കില്‍ താഴേക്ക് ഒഴുകിപ്പോയി. തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും പാമ്പുകളെ കണ്ടെത്താനായില്ല. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വന്യമൃഗങ്ങള്‍ പുഴയോര പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
kerala
ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍
കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
എരുമപ്പെട്ടി: ബസില്‍ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പി.വി.ടി. ബസിലെ കണ്ടക്ടര്‍ തിച്ചൂര്‍ സ്വദേശി അനൂപ് (40) ആണ് അറസ്റ്റിലായത്. കേസിനാസ്പദമായ സംഭവം കഴിഞ്ഞ ഒക്ടോബര്‍ 14ന് നടന്നു.
വടക്കാഞ്ചേരിയിലേക്ക് യാത്ര ചെയ്ത യുവതിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്തതായി യുവതി വടക്കാഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതിയെ ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍ ജീവനക്കാരുടെ സംഘടന മിന്നല്‍ പണിമുടക്ക് നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ഇതോടെ പ്രതി എരുമപ്പെട്ടി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ വടക്കാഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
News
അറബ് ഫുട്ബോളിന്റെ വസന്തം; ഖത്തറിലെ പുല്‍മൈതാനങ്ങളില്‍ ആവേശപ്പൂരം
അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടപ്പിലാക്കിയ ഈ കായിക വിപ്ലവം ഇന്ന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
സഫാരി കെ. സൈനുല്‍ ആബിദീന്‍
2022ലെ ശൈത്യകാലത്ത് ലുസൈല്‍ സ്റ്റേഡിയത്തില്‍ ലയണല്‍ മെസ്സി സ്വര്‍ണ്ണക്കപ്പില്‍ ചുംബിക്കുമ്പോള്‍ ലോകം കരുതിയത് ഖത്തര്‍ എന്ന കൊച്ചു രാജ്യം ലോകകപ്പിന്റെ തിരശ്ശീല താഴ്ത്തുകയാണെന്നാണ്. എന്നാല്‍, ഖത്തറിനെ സംബന്ധിച്ചിടത്തോളം അത് അവസാനമായിരുന്നില്ല, മറിച്ച് അതൊരു പുതിയ യുഗത്തിന്റെ തുടക്കമായിരുന്നു. ഇന്ന്, അതേ പുല്‍മൈതാനങ്ങളില്‍ അറബ് കപ്പിനായി പന്തുരുളുമ്പോള്‍ ഈ കായിക മാമാങ്കങ്ങള്‍ അറബ് പൈതൃകത്തിന്റെയും ആധുനിക ഖത്തറിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെയും വിളംബരമായി മാറിയിരിക്കുകയാണ്.
ഖത്തര്‍ ഭരണാധികാരികളുടെ നേതൃത്വത്തില്‍ വേള്‍ഡ് കപ്പിനായി ഇവിടെ കെട്ടിപ്പടുത്തത് കേവലം സ്റ്റേഡിയങ്ങളായിരുന്നില്ല, മറിച്ച് ലോകത്തിന് മുന്നില്‍ അറബ് ലോകത്തിന്റെ യശസ്സുയര്‍ത്തുന്ന ഒരു സാംസ്കാരിക പാലമാണ്. ലോകകപ്പിന് ശേഷം ആവേശത്തിന്റെ ആ വേലിയേറ്റം നിലച്ചുപോകാതെ കാത്തുസൂക്ഷിക്കാന്‍ അറബ് കപ്പിന് സാധിച്ചു. പാശ്ചാത്യ ലോകം കെട്ടിപ്പൊക്കിയ മുന്‍വിധികളെ തകര്‍ത്തെറിഞ്ഞുകൊണ്ട്, സമാധാനത്തിന്റെയും അതിഥിസല്‍ക്കാരത്തിന്റെയും പുതിയൊരു മുഖം ഖത്തര്‍ ലോകത്തിന് നല്കിക്കൊണ്ടിരിക്കുന്നു.
അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഭരണാധികാരികള്‍ നടപ്പിലാക്കിയ ഈ കായിക വിപ്ലവം ഇന്ന് ഫലം കണ്ടുതുടങ്ങിയിരിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മൊറോക്കോയും ജോര്‍ദാനും സൗദിയും ഈജിപ്തും തമ്മില്‍ മൈതാനത്ത് പോരാടുമ്പോള്‍, ഗാലറിയില്‍ വിരിയുന്നത് ഗള്‍ഫ് രാജ്യങ്ങളുടെയും വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ഹൃദയൈക്യമാണ്.
ലോകകപ്പിനായി നിര്‍മ്മിച്ച സ്റ്റേഡിയങ്ങള്‍ ഇന്ന് ‘അറബ് ഗൃഹാതുരത്വത്തിന്റെ’ പ്രതീകങ്ങളാണ്. അറബ് പാരമ്പര്യത്തിലെ ‘അല്‍ ബൈത്ത്’ കൂടാരങ്ങളെ അനുസ്മരിപ്പിക്കുന്ന അല്‍ ബൈത്ത് സ്റ്റേഡിയത്തിലും, ഇസ്ലാമിക് ആര്‍ക്കിടെക്ചറിന്റെ ചാരുത വിളിച്ചോതുന്ന അല്‍ തുമാമയിലും കാണികള്‍ നിറയുമ്പോള്‍ അത് കേവലം ഒരു മത്സരമല്ല. അവിടെ അറബിക് ഖഹ്വയും (കാപ്പി) ഖബൂസും മജ്ലിസുകളും നിറയുന്ന ഒരു സാംസ്കാരിക ഉത്സവങ്ങള്‍ കൂടിയായി ടൂര്‍ണമെന്റുകള്‍ മാറുന്നു.
ലോകകപ്പിന് ശേഷം ഖത്തര്‍ ഒരു നിശ്ചലാവസ്ഥയിലേക്ക് പോകുമെന്ന് പ്രവചിച്ചവര്‍ക്ക് മുന്നില്‍, ഒന്നിനുപുറകെ ഒന്നായി ഏഷ്യന്‍ കപ്പും ഇപ്പോള്‍ അറബ് കപ്പും സംഘടിപ്പിച്ചുകൊണ്ട് ഖത്തര്‍ തങ്ങളുടെ കായിക മൂലധനം ലോകത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഖത്തറിലെ മെട്രോ ശൃംഖലകളും ലുസൈല്‍ സിറ്റിയും സൂഖ് വാഖിഫും ഇന്നും ആ പഴയ ആഘോഷത്തിമിര്‍പ്പിലാണ്.
അറബ് ലോകത്തെ സംബന്ധിച്ചിടത്തോളം ഫുട്ബോള്‍ വെറുമൊരു കളിയല്ല, അത് സ്വത്വത്തിന്റെ അടയാളമാണ്. പലസ്തീന് പതാകകള്‍ ഗാലറികളില്‍ ഉയരുന്നത് ഒരു രാഷ്ട്രീയ പ്രഖ്യാപനത്തിനപ്പുറം തങ്ങളുടെ സഹോദരങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി മാറുന്നു. മൊറോക്കന്‍ താരങ്ങള്‍ വിജയത്തിന് ശേഷം ഗ്രൗണ്ടില്‍ മാതാപിതാക്കളുടെ പാദം ചുംബിക്കുന്നത് അറബ് കുടുംബ ബന്ധങ്ങളുടെ ദൃഢത ലോകത്തിന് കാണിച്ചുകൊടുക്കുന്നതായി വേണം മനസ്സിലാക്കാന്‍.
ഈ ടൂര്‍ണമെന്റിലുടനീളം കണ്ട ഒരു പ്രത്യേകത ആരാധകരുടെ ‘അറബ് വേഷം’ (കന്തൂറയും ഗുത്രയും) അണിഞ്ഞുള്ള ആഘോഷങ്ങളാണ്. ഇത് ആഗോളതലത്തില്‍ തങ്ങളുടെ സംസ്കാരത്തെ ബ്രാന്‍ഡ് ചെയ്യുന്നതിലൂടെ ഖത്തര്‍ വിജയിച്ചുവെന്നതിന്റെ തെളിവാണ്.
ഡിസംബര്‍ 18: ദേശീയതയും ഫുട്ബോളും ഒന്നാകുന്ന നിമിഷം
ഖത്തര്‍ ദേശീയ ദിനത്തില്‍ ലുസൈലില്‍ നടക്കുന്ന ഫൈനല്‍ മത്സരം ഒരു കായിക ചരിത്രം മാത്രമയാരിക്കില്ല, മറിച്ച് ഒരു ജനതയുടെ അതിജീവനത്തിന്റെയും അഭിമാനത്തിന്റെയും ആഘോഷമായിരിക്കും. ഖത്തര്‍ ഭരണാധികാരികള്‍ വിഭാവനം ചെയ്ത ‘വിഷന്‍ 2030’-ന്റെ പാതയില്‍ കായികം എങ്ങനെ ഒരു ജനതയെ ഒന്നിപ്പിക്കുന്നു എന്നതിന്റെ നേര്‍ചിത്രങ്ങളാണ് ഈ ടുര്‍ണമെന്റ്.
ഖത്തറിലെ സ്റ്റേഡിയങ്ങളില്‍ മുഴങ്ങുന്ന ‘യാ അറബ്’ എന്ന മുദ്രാവാക്യം വരും തലമുറയ്ക്കുള്ള ഊര്‍ജ്ജമാണെന്ന് പറയാതെ വയ്യ.
kerala
മഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം; കേസെടുത്ത് അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം മഞ്ചേരി നറുകരയില്‍ ആളൊഴിഞ്ഞ കവുങ്ങിന് തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
മലപ്പുറം: മലപ്പുറം മഞ്ചേരി നറുകരയില്‍ ആളൊഴിഞ്ഞ കവുങ്ങിന് തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഒരാഴ്ചയോളം പഴക്കം തോന്നിക്കുന്ന പുരുഷന്റെതാണ് മൃതദേഹം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
-
kerala3 days agoഎഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്കി കുടുംബം
-
kerala2 days agoശബരിമല സ്വർണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും
