ന്യൂഡല്‍ഹി: 2004ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം സോണിയാഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി. സര്‍ക്കാറില്‍ തനിക്ക് വലിയ അനുഭവ സമ്പത്തുണ്ടായിരുന്നതു കൊണ്ടാണ് അങ്ങനെ പ്രതീക്ഷിച്ചത്. മന്‍മോഹന്‍സിങിനെ രാഷ്ട്രപതിയാക്കും എന്നാണ് താന്‍ കരുതിയിരുന്നത്. 1996-2012 വര്‍ഷത്തെ ഓര്‍മകളുടെ സമാഹാരമായ കോളീഷന്‍ ഇയേഴ്‌സ് എന്ന പുതിയ പുസ്തകത്തിലാണ് പ്രണബിന്റെ മനസ്സു തുറക്കല്‍. വെള്ളിയാഴ്ച മന്‍മോഹന്‍സിങ്, സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. പ്രണബിന്റെ ഓര്‍മകളുടെ മൂന്നാമത്തെ സമാഹാരമാണ് പുസ്തകം.