News

കണിയാമ്പറ്റയിൽ ജനവാസ മേഖലയിൽ കടുവ; ഗതാഗതം നിരോധിച്ചു,കർശന ജാഗ്രത

By webdesk17

December 16, 2025

കൽപ്പറ്റ: വയനാട് കണിയാമ്പറ്റയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂർ മേഖലയ്ക്ക് സമീപത്തുള്ള തോട്ടത്തിൽ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. നേരത്തെ കണ്ടെത്തിയ സ്ഥലത്തുതന്നെയാണ് ഇപ്പോഴും കടുവ ഉള്ളതെന്ന് വനംവകുപ്പ് അറിയിച്ചു.

കടുവയെ സുരക്ഷിതമായി പുറത്തിറക്കി പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്. അതേസമയം, മേഖലയിൽ കർശന ജാഗ്രതാ നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

സാഹചര്യം കണക്കിലെടുത്ത് പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ പത്ത് വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ആർ.ആർ.ടി സംഘം, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.