തെഹ്റാന്‍: ഇറാന്റെ എണ്ണ, പ്രകൃതിവാതക സ്രോതസ്സുകള്‍ കൈക്കലാക്കുകയും രാജ്യത്തെ ഭിന്നിപ്പിക്കുകയുമാണ് യുഎസിന്റെ ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മൈല്‍ ബഖായി. ഇത് ഇറാന്‍ ആഗ്രഹിച്ചു തുടങ്ങിയ യുദ്ധമല്ലെന്നും മറിച്ച് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ നയതന്ത്ര ചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ യുഎസ് യുദ്ധം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഇസ്മൈല്‍ ബഖായി പറഞ്ഞു. പരമാധികാരം ലംഘിക്കാനും മാനവികതയെ ദുര്‍ബലപ്പെടുത്താനുമാണ് യുഎസിന്റെ നീക്കമെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേസമയം ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ട്രംപിന്റെ താല്‍പ്പര്യത്തെ അദ്ദേഹം പരിഹസിച്ചു. രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുദ്ധം തുടങ്ങിയ ശേഷം ഇറാനില്‍ ഇതുവരെ 1,255 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ സഹ മന്ത്രി അലി ജഫാരിയന്‍ അറിയിച്ചു. ഇതില്‍ 200 ഓളം സ്ത്രീകളും എട്ട് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ 88 വയസുകാരന്‍ വരെയുള്ള സാധാരണക്കാരും ഉള്‍പ്പെടുന്നു. 11 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൊത്തം പരിക്കേറ്റവരുടെ എണ്ണം 12,000 കടന്നു.