editorial

ആരിക്കാടിയിലെ ടോള്‍ അനീതി

By webdesk18

January 14, 2026

കേരളത്തില്‍ ദേശീയ പാതക്ക് തുടക്കമാകുന്ന തലപ്പാടി ചെര്‍ക്കള റീച്ചിലെ ആരിക്കാടി ടോള്‍ പ്ലാസക്കെതിരെ നാട്ടുകാര്‍ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകര്‍ശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍കൂടിയായ സ്ഥലം എം.എല്‍.എ എ.കെ.എം അഷ്‌റഫിനെയുള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെടാനിടയാക്കിയ പ്രതിഷേധത്തിനു പിന്നില്‍ ഒരുനാടിന്റെയാകെ നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടത്തിന്റെ കഥയാണുള്ളത്. ജനങ്ങളുടെ യാത്രാ സ്വാതന്ത്യ്രത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ട് കഴിഞ്ഞ ദിവസം ടോള്‍പിരിവ് ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി റോഡിലിറങ്ങിയ സാഹചര്യമുണ്ടായത്. അന്യായമായ ടോള്‍ പിരിവ് അനുവദിക്കില്ലെന്ന ഉറച്ച പ്രഖ്യാപനവുമായാണ് ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ സമരംനടക്കുന്നത്.

സമരത്തെ തുടര്‍ന്ന് കാസര്‍കോട് മംഗളൂരു ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിക്കുകയും ഉന്നത ഉദ്യോഗസ്ഥരടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിക്കുന്ന സാഹചര്യവുമുണ്ടായിരിക്കുകയാണ്. ദേശീയ പാത 66 ലെ കേരളത്തിലെ ഒന്നാംറീച്ചായ തലപ്പാടി ചെര്‍ക്കള പാതയില്‍ 22 കിലോമീറ്ററിനിടെ രണ്ടുടോള്‍ പ്ലാസകള്‍ വരുന്നതാണ് ജനങ്ങളെ വലക്കുന്നത്. രണ്ടു ടോള്‍പ്ലാസകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടാകണമെന്ന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ദേശീയ പാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഈ നീതിനിഷേധമുണ്ടായിരിക്കുന്നത്.

എം.എല്‍.എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ ടോള്‍ പ്ലാസ അധികൃതരുമായി പ്രശ്നം ചര്‍ച്ച ചെയ്യുകയും ഹൈക്കോടതി കേസ് ജനുവരി 18ന് ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ അതുവരെയുള്ള സാവകാശം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതര്‍ ഇതിന് വിസമ്മതിക്കുകയും ടോള്‍ പിരിവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയും ചെയ്തതോടെയാണ് സമരം ആംരഭിച്ചിരിക്കുന്നത്. ഹെക്കോടതിയില്‍ കേസ് നിലനില്‍ക്കെ ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് തുടങ്ങിയത് ദേശീയ പാത അതോറിറ്റിയുടെ ധിക്കാരപരമായ സമീപനത്തിന്റെ ഭാഗമാണ്.

ടോള്‍ പിരിവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഈ മാസം 18ന് പരിഗണിക്കാനിരിക്കെയാണ് ടോള്‍ പിരിവ് തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ ദേശീയപാത അതോറിറ്റി സ്വകാര്യ കരാര്‍ കമ്പനിയായ സ്‌കെലാര്‍ക് ഇന്‍ഫ്രാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കിയത്. ദേശീയപാത ചട്ടപ്രകാരം അടുത്തടുത്ത രണ്ട് ടോളുകള്‍ക്കിടയില്‍ 60 കിലോമീറ്റര്‍ ദൂരം എന്ന നിര്‍ദ്ദേശം ലംഘിക്കുന്ന നിലയി ലാണ് ഈ ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ആരിക്കാടി ടോള്‍ പ്ലാസയും നിലവിലുള്ള തലപ്പാടി ടോള്‍ പ്ലാസയും തമ്മില്‍ അകലം 22 കിലോമീറ്റര്‍ മാത്രമാണ്. ജനങ്ങളെ മാത്രമല്ല, നിയമവ്യവസ്തയെയും നോക്കു കുത്തിയാക്കിയാണ് അധികൃതരുടെ സമീപനം. ടോള്‍ പിരിവ് നടത്തുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി കഴിഞ്ഞ ആ ഗസ്തില്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ ടോള്‍ പിരിവ് നടത്തില്ലെന്ന് കലക്ടറും ദേശീയപാത അതോറിറ്റി അധികൃതരും ആക്ഷന്‍ കമ്മിറ്റിയും തമ്മില്‍ ധാരണയുണ്ടായിരുന്നു.

എന്നാല്‍ കേസ് പലപ്പോഴായി നീട്ടിവെക്കപ്പെടുകയായിരുന്നു. നേരത്തെ മൂന്ന് തവണ ടോള്‍ പിരിവ് നടത്താനുള്ള ശ്രമം നാട്ടുകാരും ആക്ഷന്‍ കമ്മിറ്റിയും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ടോള്‍ പ്ലാസക്ക് 5 കിലോമീറ്റര്‍ ചുറ്റളവിലു ള്ളവരുടെ വാഹനങ്ങള്‍ക്ക് യാത്ര സൗജന്യമാക്കുമെന്ന് നേരത്തെ ചര്‍ച്ചകള്‍ക്കിടയില്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കടലും പുഴയും ആണ് ഇത്ര ചുറ്റളവില്‍ പെടുകയെന്നതിനാല്‍ അത് ഒരു തരത്തിലും ഈ പ്രദേശത്തെ യാത്രക്കാര്‍ക്ക് ഗുണം ചെയ്യില്ലെന്നാണ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നത്. കോടതി വിധിയുടെ പേരില്‍ ആരംഭിച്ചാല്‍ തന്നെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ സൗജന്യം ലഭിക്കണം. ആരിക്കാടിയിലെ ടോള്‍ പ്ലാസ താല്‍ക്കാലികമാണെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. രണ്ടാം റീച്ചിലെ പെരിയ ചാലിങ്കാലിലെ ടോള്‍ പ്ലാസ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മാത്രമാണ് ആരിക്കാടിയില്‍ ടോള്‍ പിരിവ് നടത്തുക എന്നതായിരുന്നു നേരത്തെ നല്‍കിയ വിശദീകരണം. എന്നാല്‍ ചാലിങ്കാല്‍ ടോള്‍ പ്ലാസ പ്രവര്‍ത്തനം വൈകുന്നത് തങ്ങളുടെ കുറ്റമല്ലെന്നും അതിന്റെ പേരില്‍ ഒരു വലിയ വിഭാഗം യാത്രക്കാര്‍ സാമ്പത്തിക ഭാരം വഹിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് സമരക്കാരുടെ നിലപാട്.