തിരുവനന്തപുരം: വര്‍ഗീയ വിഷം തുപ്പി വീണ്ടും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അയ്യപ്പ കര്‍മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്‍ സംസാരിക്കവെയാണ് ഭൂരിപക്ഷത്തിന് അനുകൂലമായി ഇന്ത്യന്‍ ഭരണഘടന തിരുത്തിയെഴുതണമെന്നത് ഉള്‍പ്പെടെയുള്ള വിവാദ നിലപാടുകളുമായി സെന്‍കുമാര്‍ രംഗത്തെത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച സെന്‍കുമാര്‍, സനാതന ധര്‍മ്മ പുനസ്ഥാപനത്തിനായി വോട്ടെന്ന വജ്രായുധം ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്താനുള്ള വേദിയാക്കി അയ്യപ്പ സംഗമത്തെ മാറ്റുകയും ചെയ്തു.
ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കണമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഇതിനായി ഭരണഘടന തിരുത്തിയെഴുതണം. ഇതോടെ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ഇന്ത്യന്‍ ഭരണഘടനയിലിപ്പോള്‍ നമ്മള്‍ കേഴുന്നത് ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിനുള്ള അവകാശങ്ങള്‍ വേണമെന്ന് മാത്രമാണ്. ഒരു അവകാശവും കൂടുതല്‍ വേണ്ട. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് മൗലികാവകാശങ്ങളില്‍ ഒരു വരി എഴുതിവെച്ചാല്‍ തീരുന്നതേയുള്ളൂ എല്ലാ പ്രശ്‌നങ്ങളും – സെന്‍കുമാര്‍ വാദിച്ചു.
ജാതിയും മതവും തിരിച്ചുള്ള പരാമര്‍ശങ്ങളിലൂടെ സംഘ്പരിവാറിന്റെ സവര്‍ണ മേധാവിത്വ നിലപാടിന് ചൂട്ടുപിടിക്കുന്ന പ്രസംഗമാണ് സെന്‍കുമാര്‍ അയ്യപ്പ സംഗമത്തില്‍ നടത്തിയത്. 1950ല്‍ ഇന്ത്യന്‍ ഭരണ തയ്യാറാക്കുന്ന സമയത്ത് 90 ശതമാനവും ഹൈന്ദവരായിരുന്നു. പശ്ചിമ പാകിസ്താനില്‍ ഈ ഭൂരിപക്ഷം 28 ശതമാനമായ അവിടുത്തെ ന്യൂനപക്ഷമായിരുന്നു. ഇന്നത്തെ ബംഗ്ലാദേശില്‍ 33 ശതമാനമുണ്ടായിരുന്നു ഹൈന്ദവര്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന പീഡനങ്ങള്‍ മാത്രമാണ് പര്‍വതീകരിക്കപ്പെടുന്നത്. എന്നും പീഡനങ്ങള്‍ നേരിട്ടവര്‍ ഒമ്പത് ശതമാനത്തില്‍നിന്ന് 21 ശതമാനമായി ‘കുറഞ്ഞു’വെന്നും പാകിസ്താനില്‍ ഹിന്ദുക്കള്‍ 28 ശതമാനത്തില്‍നിന്ന് ഒരു ശതമാനം മാത്രമയി ‘വര്‍ധിച്ചു’വെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.
സവര്‍ണ, അവര്‍ണ വാദങ്ങളാണ് എപ്പോഴും നമ്മെ വേര്‍തിരിക്കുന്നത്. ആരാണ് സവര്‍ണന്‍. മന്നത്ത് പത്മനാഭന്റെ ആത്മകഥയുണ്ട്, എന്റെ ജീവിത സ്മരണകള്‍. അതില്‍ പറയുന്നത് വായിച്ചു നോക്കണം. കേരളത്തില്‍ ഒരൊറ്റ സവര്‍ണനേയുള്ളൂ. അത് കേരള ബ്രാഹ്മണന്‍ എന്നറിയപ്പെടുന്ന നമ്പൂതിരിയാണ്. കേരള ജനസംഖ്യയുടെ അരശതമാനം പോലും ഇല്ലാത്തവരാണ് ബ്രാഹ്മണര്‍. ജനാധിപത്യ ഗവണ്‍മെന്റ് വന്നിട്ട് ഒരു കാര്യം സാധിച്ചു. ദളിതനെ ബ്രാഹ്മണന്റെ തലത്തിലേക്ക് ഉയര്‍ത്തിയില്ല. മറിച്ച് സവര്‍ണ മേധാവിത്വത്തിന്റെ പിരമിഡില്‍ മുകളില്‍ ഇരുന്ന ബ്രാഹ്മണനെ വലിച്ചു താഴെ കൊണ്ടുവന്ന് ദളിതനേക്കാളും താഴ്ന്ന സാമ്പത്തിക നിലയില്‍ എത്തിച്ച് സോഷ്യലിസം നടപ്പാക്കി.
സനാധന ധര്‍മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമായി ശബരിമല വിഷയത്തെ കാണണമെന്നായിരുന്നു സെന്‍കുമാറിന്റെവാദം. ധര്‍മ്മ പുനസ്ഥാപനം നടത്തേണ്ട സമയം അതിക്രമിച്ചു. നിസ്സംഗരായിരുന്നാല്‍ ബോംബുകളും ആയുധങ്ങളും കൊണ്ട് അവര്‍ നമ്മളെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ അറസ്റ്റിലായവരെ ന്യായീകരിക്കാനും മുന്‍ ഡി.ജി.പി ഒരു മടിയും കാണിച്ചില്ല. ധര്‍മ്മ സംരക്ഷണത്തില്‍ പരിക്കേറ്റവരും കള്ളക്കേസില്‍ ഉള്‍പ്പെട്ടവരുമുണ്ടെന്നും അവര്‍ക്കൊപ്പം ഞങ്ങള്‍ എല്ലാവരുമുണ്ടെന്നുമായിരുന്നു സെന്‍കുമാറിന്റെ പരാമര്‍ശം.
ഹൈന്ദവരല്ലാത്ത യുവതീ രൂപങ്ങളെയാണ് സര്‍ക്കാറും പൊലീസുകാരും ചേര്‍ന്ന് അയ്യപ്പ സന്നിധിയില്‍ എത്തിച്ചത്. 51 യുവതികളെ ശബരിമലയില്‍ എത്തിച്ചെന്ന സര്‍ക്കാര്‍ വാദം കള്ളമാണ്. 51നോട് സര്‍ക്കാറിന് വല്ലാത്ത മമതയുണ്ട്. ശബരിമല നിമിത്തമാണ്. സര്‍ക്കാറിന്റെ അടുത്ത കണ്ണ് പത്മനാഭ സ്വാമിയുടെ ഒന്നേകാല്‍ കോടി രൂപയിലാണെന്നും വനിതാ മതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന് വരുന്ന തെരഞ്ഞെടുപ്പിലൂടെ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ മാതാ അമൃതാനന്ദമയി വേദിയിലെത്തിയപ്പോള്‍ സംസാരം നിര്‍ത്തി മൂന്നുതവണ അവരെ കുമ്പിട്ട് വണങ്ങിയാണ് മുന്‍ ഡി.ജി.പി പ്രസംഗം തുടര്‍ന്നത്.