Connect with us

Video Stories

കൊല്‍ക്കത്ത റാലി തുടക്കമാവട്ടെ

Published

on

ബി.ജെ.പിക്കും സംഘപരിവാര്‍ ശക്തികള്‍ക്കുമെതിരായ മതേതര കക്ഷികളുടെ ഐക്യകാഹളമായി കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന യുനൈറ്റഡ് ഇന്ത്യാ റാലി, ഇന്ത്യയുടെ ഭാവിയെകുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കൊക്കെ പ്രതീക്ഷയേകുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിലിലിലെത്തി നില്‍ക്കെ മോഡി ഭരണത്തിന് അന്ത്യം കുറിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നത് ശ്രദ്ധേയമാണ്. ഭരണത്തില്‍ ഇനിയും തുടര്‍ന്നാല്‍ ഭരണഘടനവരെ മാറ്റിയെഴുതാന്‍ മടിക്കാത്തവരെ ഭരണസിരാ കേന്ദ്രത്തില്‍നിന്ന് തുരത്താന്‍ നടത്തുന്ന ബഹുജന നീക്കത്തിന്റെ ആരംഭമായിട്ടാണ് രാജ്യം കൊല്‍ക്കത്ത റാലിയെ ഉറ്റുനോക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന മഹാറാലിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ രാജ്യത്തെ 26 പ്രമുഖ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളാണ് അണിനിരന്നത്. ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെടുകയെന്നത് കാലത്തിന്റെ ആവശ്യമായി കണ്ട് അതിനനുസരിച്ച് പാര്‍ട്ടികള്‍ ഒന്നിച്ചുചേര്‍ന്നത് വരാനിരിക്കുന്നത് നല്ലനാളുകളെന്ന സന്ദേശമാണ് പകരുന്നത്. ലക്ഷ്യത്തിലേക്കുള്ള പാത ദുര്‍ഘടമാണെങ്കിലും ഭിന്നതകള്‍ മറന്ന് ഒന്നിച്ചാല്‍ അത് സാധ്യമാവുമെന്ന് തിരിച്ചറിഞ്ഞതുതന്നെയാണ് ആദ്യഘട്ട നീക്കത്തെ പ്രതീക്ഷാനിര്‍ഭരമാക്കുന്നത്.
പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ എന്നിവര്‍ക്കു പുറമെ ശരദ് പവാര്‍ (എന്‍സിപി), എച്ച്.ഡി. ദേവഗൗഡ (ജെഡിഎസ്), അഖിലേഷ് യാദവ് (എസ്പി), സതീഷ് മിശ്ര (ബിഎസ്പി), അഭിഷേക് സിങ്‌വി (കോണ്‍ഗ്രസ്), എം.കെ. സ്റ്റാലിന്‍ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല (നാഷനല്‍ കോണ്‍ഫറന്‍സ്), തേജസ്വി യാദവ് (ആര്‍ജെഡി), അജിത് സിങ്, ജയന്ത് ചൗധരി (ആര്‍എല്‍ഡി), ശരദ് യാദവ് (ലോക് താന്ത്രിക് ജനതാദള്‍), ഹേമന്ത് സോറന്‍ (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച), ബാബുലാല്‍ മറാണ്ഡി (ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച). എന്നിവരും ബിജെപിയിലെ വിമത നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്‌നന്‍ സിന്‍ഹ, അരുണ്‍ ഷൂറി, പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍, ദലിത് നേതാവ് ജിഗ്‌നേഷ് മേവാനി എന്നിവരും ഒരുമിച്ച് കൈകോര്‍ത്തപ്പോള്‍ അത് ബിജെപിക്കെതിരെയുള്ള മഹാസഖ്യം രൂപപ്പെടുന്നതിന്റെ വിളംബരമായാണ് മാറിയത്. കൊല്‍ക്കത്താ റാലിയില്‍ നിന്ന് ഊര്‍ജമുള്‍ക്കൊണ്ട് പ്രതിപക്ഷ നിരയുടെ തുടര്‍സംഗമങ്ങള്‍ രാജ്യവ്യാപകമായി നടത്താനും പദ്ധതിയുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ സംഗമം വൈകാതെ ഡല്‍ഹിയിലും ആന്ധ്രയിലും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്‌രിവാളും എന്‍. ചന്ദ്രബാബു നായിഡുവും പ്രഖ്യാപിച്ചത് ഒന്നിച്ചുനീങ്ങാനുള്ള ഊര്‍ജത്തിന് തുടക്കമുണ്ടാവുമെന്ന അറിയിപ്പായി.
മോദിക്കും അമിത്ഷാക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച നേതാക്കള്‍ നിലവിലെ ഭരണത്തിന് അന്ത്യമുണ്ടാക്കുന്നതിന് ഒറ്റക്കെട്ടായി നീങ്ങേണ്ടതിന്റെ ആവശ്യകതയും ചുണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനായുള്ള രണ്ടാം സമരമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പെന്നും മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം 50 വര്‍ഷം പിന്നോട്ടു പോകുമെന്നും വ്യക്തമാക്കി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്റെ പ്രസംഗം മോദി ഭരണത്തിന്റെ ഏകപക്ഷീയനിലപാടുകള്‍ക്കെതിരെയുള്ള വെല്ലുവിളിയായപ്പോള്‍ എന്ത് വിലകൊടുത്തും എത്ര പ്രയാസം സഹിച്ചും ഭിന്നതകള്‍ മറന്നു കൈകോര്‍ത്തു മുന്നേറണമെന്ന കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വാക്കുകള്‍ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെത്തിയ ലക്ഷക്കണക്കിനാളുകളെ പുതിയ പ്രതീക്ഷയിലേക്കാണ് വഴിനടത്തിയത്. വാജ്‌പേയി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിമാരായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി എന്നിവരും ബിജെപി വിമത എംപി ശത്രുഘ്‌നന്‍ സിന്‍ഹയും നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയത് ഭരണവിയോജിപ്പിന്റെ അടയാളമാണ്.
അതേസമയം നിലയും നിലപാടും മറന്നാണ് സി.പി.എം അടക്കമുള്ള ഇടതുകക്ഷികള്‍ മഹാസഖ്യനീക്കത്തെ കാണുന്നതെന്നത് നിരാശാജനകമാണ്. റാലിയില്‍ പങ്കെടുക്കാത്ത ഇവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് താനെന്നു ബംഗാളിലെ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണു റാലിയിലൂടെ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയതെന്ന വിലയിരുത്തല്‍ അല്‍പത്തമാണ്. രാജ്യത്തിന്റെ താല്‍പര്യം മുന്നിട്ടുനില്‍ക്കുന്ന വേളയിലും ബംഗാളിലെ എതിരാളി എന്ന നിലയിലാണ് മമതാ ബാനര്‍ജിയെ സി.പി.എം കാണുന്നത്. എന്നാല്‍ ആശാവഹമായി പുരോഗമിക്കുന്ന ബി.ജെ.പി വിരുദ്ധ മഹാസഖ്യത്തിന്റെ ചാലകശക്തികളിലൊന്നാണ് മമതയെന്ന കാര്യം സി.പി.എമ്മിന് അറിയാഞ്ഞിട്ടല്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് പ്രതിപക്ഷ കക്ഷികളുടെ ഏകോപനമുണ്ടാക്കുന്നതില്‍ ഇനിയും മമതയുമായി വേദി പങ്കിടേണ്ടിവരുമെന്നും അറിയാം. പക്ഷേ റാലി ബംഗാളിലായിപ്പോയി എന്നതാണ് സി.പി.എമ്മിനെ പിന്നോട്ട് വലിച്ചത് എന്നതാണ് യാഥാര്‍ഥ്യം. ബംഗാളില്‍ കോണ്‍ഗ്രസ് ആര്‍ക്ക് പിന്തുണ നല്‍കുമെന്ന കാര്യവും മമതയെ നിത്യ എതിരാളിയായി കാണുന്നതുമാണ് ഇവിടെ സി.പി.എമ്മിന്റെ വിഷയം. മാത്രമല്ല റാലിക്കു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചുവെന്നതുകൊണ്ട് ബംഗാളില്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാവില്ല എന്ന് പറയാനും സിപിഎം തയ്യാറാവുന്നില്ല. ഇതേസാഹചര്യമാണ് കേരളത്തില്‍ ഇടതുപാര്‍ട്ടികള്‍ അനുഭവിക്കുന്നതെങ്കിലും കേന്ദ്രത്തിന്റെ കാര്യത്തില്‍ ഒന്നാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
പ്രധാനമന്ത്രി ആരാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വെയ്ക്കുന്നത് മുഖ്യലക്ഷ്യത്തില്‍നിന്ന് വ്യതിചലിക്കാനേ ഉപകരിക്കുകയുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രിയെ പ്രഖ്യാപിച്ച ചരിത്രമാണ് രാജ്യത്തുള്ളത്. ഏറ്റവും കൂടുതല്‍ സീറ്റ് ലഭിക്കുന്ന പാര്‍ട്ടിക്കു പുറമെ അതില്ലാത്തവരും അധികാരത്തിലെത്തിയിട്ടുണ്ട്.
രാജ്യത്തിന്റെ നീതിനിയമങ്ങളെയും കാര്‍ഷിക വ്യാപാര പുരോഗതികളെയും തകര്‍ക്കുകയും ഏകപക്ഷീയനടപടികളിലൂടെ വര്‍ഗീയപ്രീണനം നടത്തുകയും ചെയ്ത മോദിയെ അധികാരത്തില്‍നിന്ന് പുറത്താക്കുകയെന്ന പ്രാഥമിക ലക്ഷ്യമാണ് പ്രതിപക്ഷ മതേതര കക്ഷികളെ ഇപ്പോഴുള്ളതരത്തിലൂള്ള സഖ്യനീക്കത്തിലേക്ക് നയിച്ചത്. രാജ്യത്തിന്റെ കടബാധ്യത 51 ശതമാനം വര്‍ധിപ്പിക്കുകയും രാജ്യത്തിന്റെ ജനാധിപത്യ സൂചിക 41 ലേക്ക് കൂപ്പുകുത്തിക്കുകയും ചെയ്യുക വഴി തിരിച്ചുവരവില്ലാത്ത തകര്‍ച്ചയാണ് കാവി സര്‍ക്കാര്‍ സമ്മാനിച്ചത്. ഇനിയും അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏക ആണിക്കല്ലായ ഭരണഘടനയും മാറ്റിയെഴുതാന്‍ മോദി-അമിത്ഷാ കൂട്ടുകെട്ട് മടിക്കില്ലെന്ന യാഥാര്‍ഥ്യം വ്യക്തമായ സാഹചര്യത്തില്‍ അതിനെതിരെയുള്ള ബഹുജനമുന്നേറ്റമായി വേണം മഹാസഖ്യത്തെയും വരുന്ന തെരഞ്ഞെടുപ്പിനെയും കാണാന്‍. കൊല്‍ക്കത്ത റാലി ആ മുന്നൊരുക്കത്തിനുള്ള തുടക്കമാവട്ടെയെന്ന് ആശിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending