തിരുവനന്തപുരം: സര്‍ക്കാരിനോട് പോരാടി ഡി.ജി.പി കസേരയില്‍ തിരികെ എത്തിയ ടി.പി സെന്‍കുമാറിനോടുള്ള അരിശം സംസ്ഥാന സര്‍ക്കാരിന് തീരുന്നില്ല. സെന്‍കുമാറിന് പകരം സെന്‍കുമാറിനായി വാദിച്ച അഭിഭാഷകന്റെ പണി കളഞ്ഞാണ് ഇക്കുറി സര്‍ക്കാര്‍ ‘പണി’ നല്‍കിയത്. ഡി.ജി.പി ടി.പി സെന്‍കുമാറിന് വേണ്ടി സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകന്‍ ഹാരിസ് ബീരാനെ കെ.എസ്.ആര്‍.ടി.സിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നും നീക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് സൂചന. പത്തു വര്‍ഷമായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കേസുകള്‍ വാദിച്ചിരുന്നത് ഹാരിസ് ബീരാനായിരുന്നു. എന്നാല്‍ സെന്‍കുമാറിനുവേണ്ടി സുപ്രീംകോടതിയില്‍ വാദിക്കുകയും സര്‍ക്കാരിന് പ്രതികൂലമായി വിധി നേടിയെടുക്കുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഹാരീസ് ബീരാനു പകരം വി.ഗിരിയെയാണ് സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഹാരിസിനെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം അടങ്ങിയ കത്ത് ഗതാഗതമന്ത്രി തോമസ് ചാണ്ടി കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കൈമാറി.