ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച മുഴുവന്‍ പരോളുകളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈകോടതി. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും പ്രതികള്‍ക്ക് അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
ടി.പി. വധക്കേസില്‍ ഹൈകോടതി ശിക്ഷിച്ച 12ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്മിത ഭര്‍ത്താവിന് പത്തു ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. ജ്യോതിബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കര്‍മങ്ങള്‍ക്കായി അടിയന്തര പരോള്‍ ആവശ്യപ്പെട്ടായിരുന്നു ഹരജി.
ടി.പി. വധക്കേസിലെ പ്രതിയാണെന്ന് ഹരജിയില്‍ പ്രത്യേകം പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. മരിച്ചയാള്‍ അടുത്ത ബന്ധുവെന്ന ഗണത്തില്‍ വരാത്തതിനാല്‍ പരോള്‍ അനുവദിക്കാനാകില്ലെന്നും, നിവേദനം പരിഗണിക്കാന്‍ പോലും ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. അത്തരമൊരു നിര്‍ദേശം കൊടുത്താലുടന്‍ പരോള്‍ അനുവദിക്കാന്‍ മതിയായ സ്വാധീനം നിങ്ങള്‍ക്കുണ്ടെന്നും ഹരജിക്കാരിയോട് കോടതി പറഞ്ഞു.
അതേസമയം, കേസിലെ പ്രതികള്‍ക്ക് അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു. ടി.പി വധക്കേസില്‍ ജ്യോതിബാബുവിനെ വിചാരണ കോടതി വെറുതെ വിട്ടെങ്കിലും അപ്പീലില്‍ ഹൈകോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.