ന്യൂഡല്‍ഹി: തീവണ്ടിയില്‍ നിന്നുവീണ് മലയാളി വനിത ഡോക്ടര്‍ മരിച്ചു. പട്ടിക്കാട് പാണഞ്ചേരി സ്വദേശിയായ തുളസിയാണ് (57) മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. ട്രെയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതില്‍ക്കല്‍ നിന്നിരുന്ന തുളസി വെളിയിലേക്ക് തെന്നിവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇളയ മകള്‍ കാര്‍ത്തികക്കും ഭര്‍ത്താവ് പ്രശോഭിനുമൊപ്പം വിഷു ആഘോഷിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഡോ.തുളസി ഡല്‍ഹിയിലെത്തിയത്. വാതിലിനോട് ചേര്‍ന്നുള്ള സീറ്റിലാണ് തുളസി ഇരുന്നത്. ട്രെയിന്‍ സ്‌റ്റേഷനിലെത്താറായപ്പോള്‍ എഴുന്നേറ്റ തുളസി ബാഗുമായി വാതില്‍ക്കലേക്ക് നീങ്ങി നില്‍ക്കവേ കാല്‍തെന്നി വീഴുകയായിരുന്നു. ട്രെയിനില്‍ വച്ച് ബാഗ് തട്ടിയെടുത്ത കവര്‍ച്ചക്കാര്‍ തുളസിയെ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നെന്നാണ് ആദ്യം വാര്‍ത്ത പരന്നത്.

മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍. മൂത്തമകള്‍ കരിഷ്മ (യു.എസ്.എ). മരുമകന്‍: അലക്‌സ് (യു.എസ്.എ). സഹോദരന്‍: പരേതനായ ഉണ്ണിക്കൃഷ്ണന്‍.